Saturday, April 6, 2013

എന്‍സിസി അക്കാദമിക്ക് സ്ഥലം നല്‍കുന്നതിന്റെ മറവില്‍ വ്യാജപട്ടയ നിര്‍മാണം


നെടുങ്കണ്ടം: കേന്ദ്രപ്രതിരോധ വകുപ്പിന് കീഴിലുള്ള എന്‍സിസി അക്കാദമിക്ക് സ്ഥലം നല്‍കുന്നതിന്റെ മറവില്‍ വ്യാജപട്ടയം നിര്‍മിച്ച് വന്‍തോതില്‍ ഭൂമി തട്ടാന്‍ നീക്കം. ഇതിന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഒത്താശ ചെയ്യുന്നതായി പരാതി. ഉടുമ്പന്‍ചോല താലൂക്കില്‍ പാറത്തോട് വില്ലേജില്‍പ്പെട്ട കൈലാസപ്പാറയിലെ റവന്യൂ പുറമ്പോക്ക് ഭൂമിക്കാണ് യുഡിഎഫ് സര്‍ക്കാര്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച പട്ടയമേളയുടെ മറവില്‍ പട്ടയം നല്‍കിയത്്. സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറുന്നതിന് നിയമതടസ്സങ്ങളൊന്നും ഇല്ലെന്നിരിക്കെയാണ് തിടുക്കപ്പെട്ട് സര്‍വേ നമ്പര്‍ 22/2ല്‍ എല്‍എ 28/2011, 22/4ല്‍ 27/2011ആയ ഏഴേക്കര്‍ റവന്യൂ പുറമ്പോക്ക് ഭൂമിക്ക് പട്ടയം ചമച്ചത്. മഞ്ഞപ്പാറ 493-ാം ബ്ലോക്കില്‍ ബിജുമോന്‍, മഞ്ഞപ്പാറ താന്നിക്കല്‍ ടി കെ ഉഷ എന്നിവരുടെ പേരിലാണ് മൂന്നര ഏക്കര്‍വീതം പട്ടയം നല്‍കിയത്. ഏഴേക്കറിന് പട്ടയം ലഭിച്ചപ്പോള്‍ മൂന്നര ഏക്കറാണ് എന്‍സിസിക്ക് ഇവര്‍ ദാനമായി നല്‍കിയത്്. അവശേഷിക്കുന്ന സ്ഥലത്തിന്റെ പട്ടയം ഇവരുടെ പേരില്‍ തന്നെയാണ്. പട്ടയം ലഭിച്ച ഇവര്‍ ബിനാമികളാണ്. പാറത്തോട്, ചതുരംഗപ്പാറ വില്ലേജുകളില്‍ നൂറുക്കണക്കിന് ഏക്കര്‍ സിഎച്ച്ആര്‍ ഭൂമിയും പുല്‍മേടുകളും വാങ്ങിക്കൂട്ടിയിട്ടുള്ള ഒരു എന്‍സിസി ഓഫീസറും ഒരു കോണ്‍ഗ്രസ് നേതാവും ചില റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വ്യാജപട്ടയം തരപ്പെടുത്തിയത്. പുല്‍മേടുകളും കുറ്റിച്ചെടികളും കല്‍ക്കൂട്ടങ്ങളും നിറഞ്ഞ സ്ഥലത്തിനാണ് പട്ടയം തരപ്പെടുത്തിയത്്.

1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറി ഭൂമി കൈവശം വച്ചിട്ടുള്ളതായി വനം-റവന്യു വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ള ഭൂമിയ്ക്ക് പട്ടയം നല്‍കാനാണ് ചട്ടം നിലവിലുള്ളത്. ഈ പരിധിയിലുള്ള ഭൂമിക്കല്ല പട്ടയം ചമച്ചിട്ടുള്ളത്. ഭരണമാറ്റത്തോടെ ഉടുമ്പന്‍ചോല താലൂക്കിന്റെ വിവിധ മേഖലകളില്‍ നേതാക്കളും ഒരു വിഭാഗം ഉദ്യോഗസ്ഥരും റിയല്‍ എസ്റ്റേറ്റ് മാഫിയകളും ചേര്‍ന്ന് ഭൂമി കൈയേറി വ്യാജ പട്ടയം നിര്‍മിച്ചുവരുന്നതിന്റെ തുടര്‍ച്ചയായാണ് ഈ നീക്കങ്ങള്‍. എന്നാല്‍ വ്യാജ പട്ടയം ചമച്ച് തങ്ങളെ കബളിപ്പിച്ചെന്ന് ബോധ്യമായതിനെ തുടര്‍ന്ന് എന്‍സിസി മേധാവികള്‍ ഇവിടെ അക്കാദമി സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയേക്കും. നേരത്തെ വാഗമണ്ണിലും ചിന്നക്കനാലിലും നിരവധി വ്യാജ പട്ടയങ്ങള്‍ ചമച്ചതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് ഉടുമ്പന്‍ചോലയിലെ തഹസില്‍ദാര്‍. കഴിഞ്ഞ ഒന്‍പതിന് രണ്ടാം ശനിയാഴ്ച അവധി ദിനത്തില്‍ താലൂക്ക് ഓഫീസിലെ പട്ടയരേഖകള്‍ സൂക്ഷിച്ചിരുന്ന കെ സെക്ഷനിലെ ചില ഭൂരേഖകള്‍ തീയിട്ട് നശിപ്പിച്ച വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിലവില്‍ അന്വേഷണ ഘട്ടത്തിലാണ്.

deshabhimani 060413

1 comment:

  1. Good Post

    More Gulf Jobs Visit:

    http://gulf-jobs-malayalees.blogspot.com/

    ReplyDelete