Saturday, April 6, 2013

ഇന്തോ-ഇയു സ്വതന്ത്ര വ്യാപാരക്കരാര്‍ എല്ലാ മേഖലയ്ക്കും ദോഷം: സിപിഐ എം


യൂറോപ്യന്‍ യൂണിയനുമായി ഉഭയകക്ഷി വ്യാപാര നിക്ഷേപക്കരാറില്‍(സ്വതന്ത്ര വ്യാപാരക്കരാര്‍) ഒപ്പുവയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അതിയായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ഏപ്രില്‍ അവസാനത്തോടെ കരാറിന് അന്തിമരൂപം നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നറിയുന്നു. പാര്‍ലമെന്റിലും കരാര്‍ ബാധിക്കുന്ന ജനവിഭാഗങ്ങളുമായും ചര്‍ച്ച നടത്തണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

എല്ലാ മേഖലയെയും ദോഷകരമായി ബാധിക്കുന്നതാണ് കരാര്‍ എന്ന് ആശങ്കയുണ്ട്. യൂറോപ്യന്‍ യൂണിയനുമായി നടക്കുന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും ഇത്തരമൊരു കരാറിന്റെ സ്വാധീനത്തെക്കുറിച്ച് പഠിക്കണമെന്നും പിബി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതുവരെ സര്‍ക്കാര്‍ കാത്തിരിക്കണം. യൂറോപ്യന്‍ യൂണിയന്‍ ഏറ്റവും സമഗ്രമായ സ്വതന്ത്ര വ്യാപാരക്കരാറാണ് ഇന്ത്യയുമായി ഒപ്പിടുന്നത്. ഈ കരാര്‍ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹ്യ മേഖലയില്‍ ഉണ്ടാക്കുന്ന സ്വാധീനം ആഴത്തിലുള്ളതാണ്. ധനകമ്മിയും വ്യാപാരകമ്മിയും വര്‍ധിപ്പിക്കാനും ഇതു വഴിവയ്ക്കും. ഇന്ത്യ ഇതുവരെ ഒപ്പുവച്ച ഏല്ലാ വ്യാപാരക്കരാറുകളും വ്യക്തമാക്കുന്നത് രാജ്യത്തിന്റെ വ്യാപാരകമ്മി വര്‍ധിക്കുമെന്നാണ്. സിംഗപ്പൂരുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ആദ്യം വ്യാപാരമിച്ചമുണ്ടാക്കിയെങ്കിലും പിന്നീടത് കമ്മിയായി മാറി. യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിലെ ബൗദ്ധിക സ്വത്ത്, നിക്ഷേപം, സംഭരണം എന്നീ അധ്യായങ്ങള്‍ എല്ലാ മേഖലയിലെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. ബൗദ്ധിക സ്വത്ത് സംരക്ഷണത്തിന്റെ ഉയര്‍ന്ന നിലവാരം ആരോഗ്യമേഖലയെ ദോഷകരമായി ബാധിക്കും. നിക്ഷേപകരെ സംരക്ഷിക്കാനുള്ള ശക്തമായ സംവിധാനം നിലവില്‍ വരുന്നത് ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി വ്യവസായ-ധന കോര്‍പറേഷനുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനുള്ള അധികാരം അട്ടിമറിക്കും. സര്‍ക്കാര്‍ സംഭരണം വിദേശ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചാല്‍ റേഷന്‍ സംവിധാനംപോലുള്ള പരിമിതമായ സാമൂഹ്യ സുരക്ഷാ സംവിധാനംപോലും ഇല്ലാതാകും.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഉയര്‍ന്ന സബ്സിഡിയോടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വരാന്‍ തുടങ്ങുന്നതോടെ കാര്‍ഷികമേഖലയെയും കരാര്‍ ദോഷകരമായി ബാധിക്കും. സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കരാര്‍ ഓട്ടോമൊബൈല്‍ വ്യവസായത്തെ കാര്യമായി ബാധിക്കും. സബ്സിഡിയോടെയുള്ള പാലുല്‍പ്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നതോടെ എട്ട് കോടി ക്ഷീര കര്‍ഷകര്‍ ദുരിതത്തിലാകുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പാലുല്‍പ്പാദകരായ അമുല്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്ര വ്യാപാരകരാര്‍ കയറ്റുമതിക്കാര്‍ക്ക് വലിയ കമ്പോളം തുറന്നുകിട്ടുമെന്ന വാദവും ശരിയല്ല. യൂറോപ്യന്‍ യൂണിയനില്‍നിന്ന് കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതിചെയ്യുന്നതിനായിരിക്കും അത് വഴിവയ്ക്കുക. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സുതാര്യമല്ല. കരാര്‍ ബാധിക്കുന്ന വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ലമെന്റിലോ സംസ്ഥാന സര്‍ക്കാരുകളുമായോ ചര്‍ച്ച നടത്തിയിട്ടില്ല. സിപിഐ എമ്മും മറ്റ് രാഷ്ട്രീയ പാര്‍ടികളും കരാറിനെതിരെ ശക്തമായി ശബ്ദിച്ചിട്ടും അതുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്വതന്ത്ര വ്യാപാരക്കരാര്‍ പരിശോധിക്കുന്ന വാണിജ്യമന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സ്ഥിരം സമിതിയുടെ റിപ്പോര്‍ട്ട് പോലും പുറത്തുവരാന്‍ കാത്തിരിക്കാതെയാണ് കരാറില്‍ ഒപ്പുവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പാര്‍ലമെന്ററി സമിതിയോടുള്ള യുപിഎ സര്‍ക്കാരിന്റെ ഈ അവഗണന ഞെട്ടിക്കുന്നതാണ്-പിബി പറഞ്ഞു.

deshabhimani 060413

No comments:

Post a Comment