Saturday, April 6, 2013

മനോരമയുടെ മുഖപ്രസംഗം ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍: പിണറായി


തലശേരി: ഗണേശ് വിഷയം കുടുംബവഴക്കായി ചിത്രീകരിച്ച് "മലയാള മനോരമ" എഴുതിയ മുഖപ്രസംഗം ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ പറഞ്ഞു. അതിനുള്ള സാരോപദേശമാണ് മുഖപ്രസംഗത്തിലൂടെ നല്‍കുന്നത്. ഗണേശ് വിഷയം കുടുംബപ്രശ്നമല്ല, സദാചാരവും നിയമപരവും രാഷ്ട്രീയവുമായ പ്രശ്നമാണ്. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വി വി കെ-ഐ വി ദാസ് പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ ചേര്‍ന്ന, അമേരിക്കയിലെ ഇന്ത്യന്‍ പ്രസ് ക്ലബ്ബിന്റെ സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗം ഉപയോഗപ്പെടുത്തിയാണ് മനോരമ മുഖപ്രസംഗം എഴുതിയത്. ഇന്നത്തെ കാലത്ത് മാധ്യമങ്ങള്‍ കാട്ടേണ്ട മിതത്വത്തെക്കുറിച്ചാണ് സമ്മേളനത്തില്‍ സംസാരിച്ചത്. സംഭവങ്ങളെ പര്‍വതീകരിച്ച് ആകെ സംശയകരമായ അന്തരീക്ഷം ഉണ്ടാക്കണോ എന്നും ചോദിക്കുകയുണ്ടായി. ഇപ്പോഴത്തെ സാഹചര്യവുമായി അതിന് എന്താണ് ബന്ധം? ഗണേശിനെ രക്ഷിക്കാന്‍ പദവിക്കുചേരാത്ത പ്രവൃത്തി നടത്തിയ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്ന കേരളത്തിന്റെ ചിന്ത മനോരമക്ക് വല്ലാത്ത വിഷമമുണ്ടാക്കുന്നുണ്ട്. അതിന് ഞങ്ങളുടെ പേര് എന്തിന് ഉപയോഗിക്കണമെന്ന് പിണറായി ചോദിച്ചു.

നിസ്സഹായയായ യാമിനി തങ്കച്ചി പിതാവിനെപ്പോലെ കണ്ടാണ് ഗണേശിനെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടത്. രേഖാമൂലമുള്ള പരാതി വാങ്ങാതെ, എല്ലാ പ്രശ്നവും തീര്‍ക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് പാലിച്ചില്ല. ഗാര്‍ഹികപീഡന സംരക്ഷണ നിയമത്തിന് വിരുദ്ധമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. ഗണേശ് വഷളനാണെന്നുപറഞ്ഞത് അച്ഛനും 16 വര്‍ഷം ഒന്നിച്ചുജീവിച്ച ഭാര്യയുമാണ്. നാറിയവനെ പേറുകമാത്രമല്ല, എല്ലാ വൃത്തികേടിനും കൂട്ടുനില്‍ക്കുകയുമാണ് ഉമ്മന്‍ചാണ്ടി. അത് നിയമവിരുദ്ധവുമാണ്. ഗണേശിന്റെ ഭാര്യയാണ് പൊലീസില്‍ ആദ്യം പരാതി നല്‍കിയത്. അതിപ്പോള്‍, ഗണേശിന്റെ പരാതിക്കുശേഷം കിട്ടിയ നിലയിലാക്കി. കുറ്റവിമുക്തനാക്കി ഗണേശിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മുഖ്യമന്ത്രി നിയമം പിച്ചിച്ചീന്തിയത് നിയമസഭയിലല്ലാതെ എവിടെയാണ് ചര്‍ച്ചചെയ്യേണ്ടത്? ചര്‍ച്ച അനുവദിക്കാതിരിക്കുന്ന ഭരണപക്ഷത്തിനാണ് സഭാസ്തംഭനത്തിന്റെ ഉത്തരവാദിത്തമെന്നും പിണറായി പറഞ്ഞു.

deshabhimani 050413

No comments:

Post a Comment