Sunday, April 21, 2013
രാജയുടെ ഓരോ നീക്കവും പ്രധാനമന്ത്രി അറിഞ്ഞ്
2ജി സ്പെക്ട്രം ഇടപാടുകള്‍ പ്രധാനമന്ത്രിക്ക് അറിയാതെയാണെന്ന സംയുക്ത പാര്‍ലമെന്ററിസമിതിയുടെ കരട് റിപ്പോര്‍ട്ടിലെ വാദങ്ങള്‍ പച്ചക്കള്ളം. അന്നത്തെ ടെലികോംമന്ത്രി എ രാജയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഈ വിഷയത്തില്‍ കത്തിലൂടെ ആശയവിനിമയം നടത്തിയത് പലവട്ടം. 2007 നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇരുവരും നിരവധി കത്തയച്ചു. 2ജി സ്പെക്ട്രം വിതരണംമാത്രമായിരുന്നു അവയുടെ ഉള്ളടക്കം.
2ജി ലൈസന്‍സിന് അപേക്ഷിക്കാനുള്ള അവസാനതീയതി മാറ്റിയതിനെ അന്നത്തെ ടെലികോം സെക്രട്ടറി ഡി എസ് മാത്തൂറും ട്രായ് ചെയര്‍മാന്‍ നൃപേന്ദ്രമിശ്രയും എതിര്‍ത്തിരുന്നു. പിന്നീട് ടെലികോം സെക്രട്ടറിയായ സിദ്ധാര്‍ഥ് ബെഹ്റയെ ഉപയോഗിച്ചായിരുന്നു രാജയുടെ നീക്കം. 2001ലെ വിലയ്ക്ക് 2008ല്‍ ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ത്ത് അന്നത്തെ ധന സെക്രട്ടറി ഡി സുബ്ബറാവു ടെലികോം സെക്രട്ടറിക്ക് കത്തയച്ചു. ധനമന്ത്രി പി ചിദംബരത്തിന്റെ അറിവോടെയായിരുന്നു ഇത്. മാനദണ്ഡം ലംഘിച്ച് സ്പെക്ട്രം അനുവദിക്കരുതെന്ന് നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജും ആവശ്യപ്പെട്ടു. അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം തേടണമെന്നും ആവശ്യപ്പെട്ടു. 2007 നവംബര്‍ ഒന്നിനായിരുന്നു ഇത്. തുടര്‍ന്നാണ് എ രാജയ്ക്ക് പ്രധാനമന്ത്രി കത്തയച്ചത്. സ്പെക്ട്രം അനുവദിക്കുന്നതിലെ പ്രക്രിയസംബന്ധിച്ച് ചില പരാതിയുണ്ടെന്നും സുതാര്യവും നടപടിക്രമം ശരിയായി പാലിച്ചുമാകണം ഇടപാടെന്നും കത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. തന്നോട് അറിയിക്കാതെ സ്പെക്ട്രം അലോട്ട്മെന്റുമായി മുന്നോട്ടുപോകരുതെന്നും ട്രായ് ഉയര്‍ത്തിയ തടസ്സവാദങ്ങളോട് പ്രതികരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നവംബര്‍ രണ്ടിന് രാത്രിതന്നെ പ്രധാനമന്ത്രിക്ക് രാജ മറുപടി നല്‍കി. സൊളിസിറ്റര്‍ ജനറലായിരുന്ന ജി ഇ വഹന്‍വതിയുടെ സാന്നിധ്യത്തിലാണ് രാജ പ്രധാനമന്ത്രിക്കുള്ള മറുപടിക്കത്തുകള്‍ തയ്യാറാക്കിയത്.
2007 ഡിസംബര്‍ 26ന് രാജ പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി. പ്രണബ് മുഖര്‍ജിയും സോളിസിറ്റര്‍ ജനറലും ആവശ്യമായ നിര്‍ദേശം നല്‍കിയെന്നും തുടര്‍നടപടിയുമായി മുന്നോട്ടുപോകാമെന്ന് നിര്‍ദേശിച്ചുവെന്നുമായിരുന്നു കത്തില്‍. 2008 ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി ഇതിന് മറുപടി അയച്ചത്. 2007 നവംബറിനും 2008 ജനുവരിക്കുമിടയില്‍ ഡിഎംകെ നേതാവ് എം കരുണാനിധി മകള്‍ കനിമൊഴിയുമൊത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. സോണിയ ഗാന്ധിയെയും കരുണാനിധി സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് പ്രധാനമന്ത്രിയുടെ എതിര്‍പ്പ് ഇല്ലാതായത്. നടപടിക്രമം അട്ടിമറിച്ചുള്ള സ്പെക്ട്രം വിതരണം നിര്‍ത്തിവയ്ക്കണമെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പ്രധാനമന്ത്രിയോട് 2008 ഫെബ്രുവരി 29ന് ആവശ്യപ്പെട്ടിരുന്നു. ടെലികോംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ടെലികോം മേഖലയിലെ സംഘടനകളും രാഷ്ട്രീയപാര്‍ടികളും ശക്തമായി എതിര്‍ത്ത അഴിമതി ഇടപാടിന് പ്രധാനമന്ത്രി മൗനസമ്മതം നല്‍കുകയായിരുന്നുവെന്ന് കത്തിടപാടുകള്‍ തെളിയിക്കുന്നു.
(വി ജയിന്‍)
deshabhimani 210413
Labels:
വാര്‍ത്ത,
സ്പെക്ട്രം
Subscribe to:
Post Comments (Atom)
No comments:
Post a Comment