Sunday, April 21, 2013

ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണ: പൊലീസ് രേഖപ്പെടുത്തിയത് പറയാത്ത കാര്യങ്ങളെന്ന് സാക്ഷികള്‍


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് രേഖപ്പെടുത്തിയത് പറയാത്ത കാര്യങ്ങളെന്ന് വീണ്ടും സാക്ഷികള്‍. പന്ന്യന്നൂര്‍ കണക്കോന്റെ കിളക്കയില്‍ കെ കെ പ്രദീപന്‍, കിഴക്കെ കുന്നോത്ത് വീട്ടില്‍ സരോജന്‍ എന്നിവരാണ് പൊലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വ്യക്തമാക്കിയത്. ഇതോടെ വിസ്തരിച്ച 82 സാക്ഷികളില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയവര്‍ 45 ആയി.

നാട്ടുകാരനായ കണ്ണമ്പള്ളി കുമാരനെ ജാമ്യത്തിലെടുക്കാനാണ് വടകര പൊലീസ് സ്റ്റേഷനില്‍ പോയതെന്ന് 81-ാം സാക്ഷി കെ കെ പ്രദീപന്‍ ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ പറഞ്ഞു. ജാമ്യം സംബന്ധിച്ച് പൊലീസുമായി സംസാരിച്ചപ്പോള്‍ കടലാസില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ജാമ്യക്കടലാസായിരിക്കും എന്നുകരുതിയാണ് ഒപ്പിട്ടത്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ ജോലി ലഭിച്ചത് സഹകരണ നിയമം അനുശാസിക്കുന്ന യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ പ്രദീപന്‍ പറഞ്ഞു. പൊലീസില്‍ ബൊളേറോ കാര്‍ ഹാജരാക്കിയിട്ടില്ല. കേസിലെ പ്രതി പി കെ കുഞ്ഞനന്തനെ അറിയില്ല. പൊലീസ്രേഖയില്‍ ഒപ്പിടുമ്പോള്‍ അതില്‍ മറ്റ് ഒപ്പൊന്നും ഉണ്ടായിരുന്നില്ല. കേസിന്റെ തെളിവിലേക്കാണ് ബൊളേറോ കാര്‍ ബന്തവസിലെടുത്തതെന്നും മൊഴി നല്‍കിയിട്ടില്ല. പ്രതി ശ്യാംജിത്തിനെയും അറിയില്ല. സിപിഐ എം പാനൂര്‍ ഏരിയാ സെക്രട്ടറി പറയുമ്പോള്‍ ബൊളേറോ കാറില്‍ ഡ്രൈവറായി പോകാറുണ്ട് എന്നും മൊഴി കൊടുത്തിട്ടില്ല. കാര്‍ ഹാജരാക്കുമ്പോള്‍ തയാറാക്കിയ മഹസറില്‍ ഒപ്പുവച്ചു എന്നു പൊലീസിനോട് പറഞ്ഞിട്ടില്ല. വാഹനം പൊലീസില്‍ ഹാജരാക്കിയില്ല എന്ന് കള്ളം പറയുകയാണെന്ന പ്രോസിക്യൂഷന്‍ ആരോപണം പ്രദീപന്‍ നിഷേധിച്ചു.

പ്രതികളായ കിര്‍മാണി മനോജ്, കൊടി സുനി, മുഹമ്മദ്ഷാഫി, റഫീക്ക്, അനൂപ് എന്നിവരുമൊത്ത് മാഹി പന്തക്കലിലുള്ള വില്ലേജ് ബാറില്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ അവസാനം മദ്യപിച്ചിരുന്നുവെന്ന പ്രോസിക്യൂഷന്‍ ആരോപണം ശരിയല്ലെന്ന് 82-ാംസാക്ഷി സരോജന്‍ മൊഴി നല്‍കി. ഇപ്രകാരം പൊലീസില്‍ മൊഴി കൊടുത്തിട്ടില്ല. പ്രതികളെ ആരെയും അറിയില്ല. കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ കാണുന്നവരെ തിരിച്ചറിയാനാകില്ല. സിപിഐ എം നേതാക്കള്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മൊഴി മാറ്റുന്നതെന്ന ആരോപണം തെറ്റാണെന്നും സരോജന്‍ പറഞ്ഞു. താന്‍ മദ്യപിക്കാറില്ലെന്നും ഇതുവരെ ബാറില്‍ പോയിട്ടില്ലെന്നും പ്രതിഭാഗം ക്രോസ് വിസ്താരത്തിന് മറുപടിയായി സരോജന്‍ ബോധിപ്പിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എം അശോകന്‍, പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി എന്നിവര്‍ സാക്ഷികളെ വിസ്തരിച്ചു. സാക്ഷിവിസ്താരം തിങ്കളാഴ്ച തുടരും.

സാക്ഷികളുടെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശം തേടാന്‍ ഹര്‍ജി

കോഴിക്കോട്: ചില പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് തെളിയിക്കാന്‍ അവരുടെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശം തേടണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. വൊഡഫോണ്‍, ബിഎസ്എന്‍എല്‍ സേവനദാതാക്കളുടെ ഓഫീസര്‍മാരെ 26ന് വിസ്തരിക്കുമ്പോള്‍ വിശദാംശം ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികളായ പ്രസീത്, രമേശന്‍, മനീഷ്, 48-ാംസാക്ഷി പ്രകാശന്‍ എന്നിവരുടെ സിഡിആര്‍(കാള്‍ ഡാറ്റ റെക്കോഡ്) ഹാജരാക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

deshabhimani 210413

No comments:

Post a Comment