Saturday, April 6, 2013

നഷ്ടപരിഹാരം നല്‍കാതെയുള്ള കുടിയൊഴിപ്പിക്കല്‍ എതിര്‍ക്കും


ദേശീയപാത മണ്ണുത്തി വാണിയമ്പാറ പ്രദേശത്തുള്ളവരെ നഷ്ടപരിഹാരം നല്‍കാതെ കുടിയൊഴിപ്പിക്കാനുള്ള നടപടി എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്ന് സ്ഥലമെടുപ്പ് അവകാശ സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഷ്ടപരിഹാരം ലഭിച്ചതിനുശേഷം കുടിയൊഴിയല്‍ എന്നതാണ് സംരക്ഷണസമിതിയുടെ തീരുമാനം. ഇതില്‍നിന്ന് വ്യതിചലിച്ച് കുടിയൊഴിപ്പിക്കലിന് സമിതി പൂര്‍ണമായും സഹകരിക്കുമെന്ന ജനറല്‍ കണ്‍വീനര്‍ ശശീന്ദ്രന്‍ കുണ്ടുവാറയുടെ തീരുമാനം ഏകപക്ഷീയമാണെന്നും നേതാക്കള്‍ പറഞ്ഞു. ന്യായവില അടിസ്ഥാനമാക്കി അധികനഷ്ടപരിഹാരം പുനര്‍നിര്‍ണയിച്ച് പണമോ ചെക്കോ ലഭിച്ചതിനുശേഷം കുടിയൊഴിയാമെന്നാണ് തീരുമാനം.

കോര്‍പറേഷന്‍ ഏരിയയില്‍പ്പെടുന്ന ഒല്ലൂക്കര വില്ലേജില്‍ അതിന്റെ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതിനിടെയാണ് അധികാരികള്‍ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നത്. 1500ല്‍ അധികം വരുന്ന കക്ഷികളില്‍ 20 ശതമാനത്തോളം പേര്‍ക്ക് മാത്രമേ അധിക നഷ്ടപരിഹാരം നല്‍കിയിട്ടുള്ളു. പഞ്ചായത്ത് മേഖലകളില്‍ ആര്‍ക്കും തുക ഇതുവരെ നല്‍കിയിട്ടില്ല. വീടുകളും കച്ചവടസ്ഥാപനങ്ങളും വിട്ട്നല്‍കിയാല്‍ നഷ്ടപരിഹാരത്തുക ലഭിക്കുമെന്നതിന് ഒരുറപ്പും നല്‍കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആരംഭിച്ച കുടിയൊഴിപ്പിക്കല്‍ സമിതിയിലെ രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതെയാണ് സമിതിയിലെ 14 കമ്മിറ്റികളിലെയും 11 കമ്മിറ്റി ഭാരവാഹികളും ശശിധരന്‍ കുണ്ടുവാറയുടെ തീരുമാനത്തിനെതിരാണെന്നും നേതാക്കള്‍ പറഞ്ഞു. അടുത്ത ദിവസം ദേശീയപാത സ്ഥലമെടുപ്പ് അവകാശസംരക്ഷണ സമിതി യോഗം ചേര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ ചെറുക്കുന്നതിന് വേണ്ട പ്രക്ഷോഭ പരിപാടികളെക്കുറിച്ച് തീരുമാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ സമിതി ജോയിന്റ് കണ്‍വീനര്‍ സോമന്‍ മുടിക്കോട്, സി രാമചന്ദ്രന്‍, ശശി പഞ്ഞാട്, എം ബി ജോര്‍ജ്, ജോസ് തോട്ടപ്പടി എന്നിവര്‍ പങ്കെടുത്തു.

deshabhimani 060413

No comments:

Post a Comment