Saturday, April 6, 2013

ജലചൂഷണത്തിന് അനുമതി നല്‍കിയത് ന്യായീകരിച്ച് എംഎല്‍എ


ചിറ്റൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് സ്വകാര്യകമ്പനിക്ക് ജലചൂഷണത്തിന് അനുമതി നല്‍കിയതിനെ ന്യായീകരിച്ച് സ്ഥലംഎംഎല്‍എ നടത്തിയ പ്രസ്താവന പൊതുജനങ്ങളെ ആശങ്കയിലാക്കി. പ്രതിദിനം നാലുലക്ഷംലിറ്റര്‍ വെള്ളം കമ്പനി ഉപയോഗിക്കുന്നത് വലിയ കാര്യമൊന്നുമല്ലെന്നും കമ്പനി വരുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് സ്വകാര്യചാനലില്‍ ഇതുസംബന്ധിച്ച് കെ അച്യുതന്‍ എംഎല്‍എ പ്രതികരിച്ചത്.

വര്‍ഷങ്ങളായി ചിറ്റൂരിന്റെ കിഴക്കന്‍മേഖല അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ്. ടാങ്കര്‍ലോറിയില്‍ വെള്ളമെത്തിച്ചാണ് ജനങ്ങള്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇത്രയധികം പ്രയാസമനുഭവിക്കുന്ന പ്രദേശത്താണ് വന്‍കിട കമ്പനിക്ക് ജലചൂഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ചിറ്റൂര്‍ താലക്കിലെ പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയും ഇതുപോലെയാണ് പെരുമാട്ടിപഞ്ചായത്തില്‍നിന്ന് അനുമതി നേടിയെടുത്തത്്. പിന്നീട് പ്രദേശത്തെയാകെ കടുത്ത കുടിവെള്ളക്ഷാമത്തിലേക്കു നയിച്ചുകൊണ്ടാണ് ഭൂഗര്‍ഭജലം ഊറ്റിയത്. തുടര്‍ന്നാണ് ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതും കമ്പനി അടച്ചുപൂട്ടിയതും. കോളക്കമ്പനിയില്‍നിന്ന് പത്തു കിലോമീറ്റര്‍മാത്രം അകലെയുള്ള കൊഴിഞ്ഞാമ്പാറ അഞ്ചാംമൈല്‍പ്രദേശത്ത് വീണ്ടും സ്വകാര്യ കമ്പനിക്ക് ജലചൂഷണം നടത്താന്‍ പഞ്ചായത്ത് അനുമതി നല്‍കിയതിനുപിന്നില്‍ എംഎല്‍എക്ക് പങ്കുണ്ടോയെന്നുപോലും ജനങ്ങള്‍ സംശയിക്കുന്നു.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പദ്ധതികളൊന്നും ആവിഷ്കരിക്കാതെ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് ടാങ്കറില്‍ വെള്ളം എത്തിക്കുമ്പോഴാണ് ജലചൂഷണത്തിന് മറ്റൊരു കമ്പനിക്ക് അനുമതി നല്‍കിയത്. ഇതിനെതിരെ ബഹുജനങ്ങള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ജലചൂഷണത്തിന് അനുമതിയ നല്‍കിയ തീരുമാനത്തിനെതിരെ ശനിയാഴ്ച രാവിലെ 10ന് ഡിവൈഎഫ്ഐ ചിറ്റൂര്‍ ബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലേക്ക് വന്‍ ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും.

deshabhimani 060413

No comments:

Post a Comment