വയനാടിന്റെ ജീവത്പ്രശ്നങ്ങളുയര്‍ത്തി സിപിഐഎം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന വയനാട് രക്ഷാമാര്‍ച്ച് ഞായറാഴ്ച വൈകിട്ട് അഞ്ചിന് പുല്‍പ്പള്ളിയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
വയനാടിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിക്കുക, രാത്രിയാത്ര നിരോധനം നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുക, വയനാടിനെ കടുവസങ്കേതമായി പ്രഖ്യാപിക്കാനുള്ള അണിയറ നീക്കം തടയുക,പരിസ്ഥിതി സംവേദകമേഖലയില്‍ നിന്നും വയനാടിനെ പൂര്‍ണ്ണമായും ഒഴിവാക്കുക, ജനങ്ങളെ സഹകരിപ്പിച്ച് കൊണ്ട് വനവും പരിസ്ഥിതിയും സംരക്ഷിക്കാനുതകുന്ന ശാസ്ത്രീയവും പ്രായോഗീകവുമായ നടപടികള്‍ കൈകൊള്ളുക,സംസ്ഥാന സര്‍കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് നടപ്പാക്കുക, വന്യമൃഗശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ട്രഞ്ചുകളും കമ്പിവലയും നിര്‍മിക്കുക, നഞ്ചന്‍കോട് -വയനാട് നിലമ്പൂര്‍ റെയില്‍ പാത പ്രാവര്‍ത്തികമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് വയനാട് രക്ഷാമാര്‍ച്ച് സംഘടിപ്പിക്കുന്നത്. സിപിഐഎം ജില്ല സെക്രട്ടരി സി കെ ശശീന്ദ്രന്‍ ക്യാപ്റ്റനും എ എന്‍ പ്രഭാകരന്‍ വൈസ്ക്യാപ്റ്റനുമായ ജാഥയുടെ മാനേജര്‍ എം വേലായുധനാണ്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് തലപ്പുഴയില്‍ നിന്ന് തുടങ്ങുന്ന ജാഥ 12 മണിക്ക് മാനന്തവാടിയിലെത്തും. കാട്ടിക്കുളത്ത് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപനപൊതുയോഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെള്ളമുണ്ട എട്ടേനാലിലും 12ന് നാലാംമൈലും ജാഥക്ക് സ്വീകരണം നല്‍കും. വൈകീട്ട് അഞ്ചിന് പനമരത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ എം സി ജോസഫൈന്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറത്തറയില്‍ നിന്ന് തുടങ്ങുന്ന ജാഥക്ക് 12 മണിക്ക് തരിയോട്, മുന്ന് മണിക്ക് പൊഴുതന എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകീട്ട് അഞ്ചിന് വൈത്തിരിയില്‍ നടക്കുന്ന സമാപനപൊതുയോഗത്തില്‍ പി കെ സൈനബ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ 9ന് മുട്ടില്‍, 12ന് കല്‍പ്പറ്റ, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് അഞ്ചിന് മേപ്പാടിയില്‍ സമാപിക്കും. പാലോളി മുഹമ്മദ് കുട്ടി പങ്കെടുക്കും. വെള്ളിയാഴ്ച ജാഥ സമാപിക്കും.രാവിലെ ഒമ്പതിന് അമ്പലവയല്‍, 12ന് മീനങ്ങാടി, എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് അഞ്ചിന് ബത്തേരിയില്‍ സമാപിക്കും. സമാപനപൊതുയോഗത്തില്‍ എസ് ശര്‍മ പങ്കെടുക്കും. ആയിരം വാളണ്ടിയര്‍മാര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.
10,839 ഹെക്ടര്‍ കൃഷി നശിച്ചു; 48.853 കോടി രൂപയുടെ നഷ്ടം
കല്‍പ്പറ്റ: ജില്ലയില്‍ കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും മൂലം 48.853 കോടി രൂപയുടെ കൃഷി നശിച്ചു. 10839 ഹെക്ടര്‍ കൃഷി നശിച്ചതായി കൃഷി വകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.ഇത് പ്രാഥമിക കണക്കാണ്. യഥാര്‍ത്ഥ നഷ്ടം ഇതിലും ഇരട്ടിയാണ്. 5292 ഹെക്ടറില്‍ 50 ശതമാനത്തിലും അധികം കൃഷി നശിച്ചിട്ടുണ്ട്. 5,747.39 ലക്ഷം രൂപയുടെ കൃഷി നശിച്ചതായാണ് കണക്ക്. 5547 ഹെക്ടറില്‍ 50 ശതമാനത്തില്‍ കുറവ് കാര്‍ഷിക ഉത്പാദനം കുറഞ്ഞു. 46.987 രൂപയുടെ കൃഷി നശിച്ചു. 950 ഹെക്ടര്‍ കുരുമുളക് കൃഷി നശിച്ചു. ജില്ലയില്‍ ആകെ 32075 ഹെക്ടര്‍ കുരുമുളക് കൃഷിയാണ് ആകെയുള്ളത്.1954 ഹെക്ടറില്‍ കാപ്പി കൃഷി നശിച്ചു.തെങ്ങ് കൃഷിയാണ് ഏറ്റവും കൂടുതല്‍ നശിച്ചത്.6044 ഹെക്ടറില്‍.100 ഹെക്ടറിലെ വാഴയും 600 ഹെക്ടറില്‍ കമുക് കൃഷിയും നശിച്ചു. 50 ശതമാനത്തിലധികം കുരുമുളക് കൃഷി നശിച്ചത് വഴി 220 ലക്ഷം രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കുന്നത്.കാപ്പി നാശത്തിലൂടെ 1076.80 ലക്ഷം, വാഴ കൃഷി 125 ലക്ഷം, അടക്കയില്‍ 3084 ലക്ഷം രുപയുടെ നഷ്ടവും തെങ്ങ് കൃഷിയില്‍ 960 ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു. 50 ശതമാനത്തില്‍ കുറവ് 2999 ഹെക്ടറില്‍ നാളികേര കൃഷിയും 350 ഹെക്ടറില്‍ കുരുമുളകും 925 ഹെക്ടറില്‍ കാപ്പിയും 50 ഹെക്ടറില്‍ വാഴയും 300 ഹെക്ടറില്‍ അടക്കയും 1000 ഹെക്ടറില്‍ നെല്‍കൃഷിയും 50 ശതമാനത്തില്‍ കുറവ് കൃഷി നശിച്ചിട്ടുണ്ട്.
ജില്ല നേരിടുന്ന ശക്തമായ കാര്‍ഷിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന വരള്‍ച്ച തടയാനും കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സര്‍കാര്‍ ഇനിയും തയ്യാറായിട്ടില്ല.തുടരെ വാഗ്ദാനങ്ങള്‍ നല്‍കുന്നതിലും പരാതി സ്വീകരിക്കുന്നതിലും മാത്രം റെക്കോര്‍ഡിട്ട സര്‍കാര്‍ അനുദിനം തകരുന്ന വയനാടിനെ രക്ഷിക്കാന്‍ യതൊരു സഹായവും അനുവദിച്ചിട്ടില്ല.വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനവും പ്രതിസന്ധി രൂക്ഷമാക്കിയ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വയനാട് പാക്കേജ് ജലരേഖയായി. കേന്ദ്ര ബജറ്റില്‍ വയനാട് പാക്കേജിന്റെ പേര് പോലും പരാമര്‍ശിച്ചിട്ടില്ല. ഈ പാക്കേജിന് വേണ്ടി സംസ്ഥാന വിഹിതമായി കേരളത്തിന്റെ ബജറ്റിലും തുക ഉള്‍പ്പെടുത്തിയിട്ടില്ല. നാലഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വയനാട് വീണ്ടും കര്‍ഷക ആത്മഹത്യകളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് സര്‍കാര്‍ വയനാട് പാക്കേജ് പ്രഖ്യാപിച്ചത്. കാര്‍ഷികോല്‍പാദന കമ്മീഷണര്‍ കൂടിയായിരുന്ന ചീഫ് സെക്രട്ടറി കെ ജയകുമാര്‍ രാഷ്ട്രീയകക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചാണ് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്താണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയതും എം പി മുഖേന കേന്ദ്രത്തില്‍ സമര്‍പ്പിച്ചതും. കേന്ദ്രത്തില്‍ സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് ചുവപ്പുനാടയില്‍ കുരുങ്ങി ഒടുക്കം വിസ്മൃതിയിലാവുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ ഇഞ്ചി കൃഷിക്കാര്‍ക്കായി പ്രഖ്യാപിച്ച സഹായധനത്തില്‍ പാതി വെട്ടിച്ചുരുക്കി. കഴിഞ്ഞ വര്‍ഷം ഇഞ്ചിയുടെ വിലയിടിവ് മൂലം ഉണ്ടായ പ്രതിസന്ധി മറികടക്കാനാണ് സഹായധനം പ്രഖ്യാപിച്ചത്. ഏക്കറൊന്നിന് 25000 രൂപ വീതം സഹായ ധനം അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളിലായി അപേക്ഷ സ്വീകരിച്ച് കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനികളും അടങ്ങുന്ന സംഘം പരിശോധിച്ച് തയ്യാറാക്കിയ പട്ടിക പ്രകാരം ഇരുപത്തിനാലായിരത്തോളം കൃഷിക്കാര്‍ക്കാണ് സഹായം അനുവദിക്കേണ്ടിയിരുന്നത്. ഒടുക്കം അനുവദിച്ചതാവട്ടെ ഏക്കറിന് 12500 രൂപ പ്രകാരം. ബാക്കി പകുതി പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഈ തുക തന്നെ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ കോര്‍പസ് ഫണ്ടില്‍ നിന്ന് എടുത്തതാണ്. ധനകാര്യ വകുപ്പ് വേറെ പണം അനുവദിച്ചില്ല. ശേഷിക്കുന്ന 12,500 രൂപ കിട്ടാന്‍ ഒരുസാധ്യതയുമില്ല.
വരള്‍ച്ച രൂക്ഷം : പരിഹാര മാര്‍ഗങ്ങള്‍ അപര്യാപ്തം
കല്‍പ്പറ്റ: ജില്ലയില്‍ രൂക്ഷമാകുന്ന വരള്‍ച്ച തടയാന്‍ സര്‍കാര്‍ സംവിധാനങ്ങള്‍ ഇനിയും ഉണര്‍ന്നില്ല. വരള്‍ച്ചയും കാലാവസ്ഥവ്യതിയാനവും മൂലമുണ്ടായ കാര്‍ഷികനഷ്ടവും നേരിടാന്‍ സര്‍കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം അനുവദിച്ച ഒരു കോടി രൂപ ഇതുവരെ ചെലവഴിച്ചിട്ടില്ല.ഈ വര്‍ഷം ആകെ 3.73 കോടി രൂപയാണ് അനുവദിച്ചത്.ഒരു നിയോജകമണ്ഡലത്തില്‍ ആകെ ലഭിച്ചത്് 1.58 കോടി രൂപ മാത്രമാണ്.മാനന്തവാടി നിയോജകമണ്ഡലത്തില്‍ 55.04,375 ലക്ഷം രൂപയും ബത്തേരി നിയോജക മണ്ഡലത്തില്‍ 1,16,33,700 ലക്ഷവും വൈത്തിരിയില്‍ 75,29,80 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ല. ഒരോ പഞ്ചായത്തുകളില്‍ നിന്നും കോടികളുടെ പദ്ധതി നിര്‍ദേശങ്ങളാണ് ജില്ല ഭരണകൂടത്തിന് ലഭിച്ചിട്ടുള്ളത്. മെയ് 31നുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കി ബില്ല് മാറണം.എന്നാല്‍ വരള്‍ച്ച ഏറ്റവും രൂക്ഷമായ സമയത്താണ് പദ്ധതി തുടങ്ങുന്നത് തന്നെ.
ഈ വര്‍ഷം വരള്‍ച്ച ഏറ്റവും രൂക്ഷമായിരിക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും മുന്‍കരുതല്‍ നടപടികളൊന്നും നേരത്തെ തന്നെ സ്വീകരിച്ചിട്ടില്ല. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്നത്.കര്‍ണാടക അതിര്‍ത്തിയിലുള്ള മരക്കടവ്,കബനിഗിരി,പാറക്കവല, സീതമൗണ്ട്,ചണ്ണോത്ത് കൊല്ലി,പ്രദേശങ്ങളെല്ലാം കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്.കുരുമുളക് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. അവശേഷിക്കുന്ന പച്ചപ്പും വരും നാളുകളില്‍ നാമവശേഷമാകും. ഇരുളം വില്ലേജിലെ നാല് ഗ്രാമങ്ങളിലെ 150 കുടുംബങ്ങള്‍ക്കും പുല്‍പ്പള്ളി വില്ലേജിലെ 48 കുടുംബങ്ങള്‍ക്കും പാടിച്ചിറ വില്ലേജിലെ 39 കേന്ദ്രങ്ങളിലായി 524 കുടുംബങ്ങള്‍ക്കും ടാങ്കര്‍ ലോറിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. വൈത്തിരി താലൂക്കിലെ മുപ്പൈനാട് നീലിമലയിലെ 32 കുടുംബങ്ങള്‍ക്കും ആശ്രയം ഈ വെള്ളം തന്നെ.അതേ സമയം പാടിച്ചിറ കബനിഗിരിയിലെ കൃഗന്നൂരില്‍ കുടിവെള്ള ക്ഷാമം അധികൃതര്‍ അറിഞ്ഞിട്ടില്ല. കിലോമീറ്ററുകളോളം നടന്നാണ് ഈ പ്രദേശവാസികള്‍ വെള്ളം ശേഖരിക്കുന്നത്.
വെള്ളിയാഴ്ച മന്ത്രി പി കെ ജയലക്ഷമിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിനും ഉറങ്ങുന്ന അധികൃതരെ ഉണര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. വരള്‍ച്ച നേരിടാന്‍ യോഗം വിളിക്കുന്നതല്ലാതെ ഫണ്ട് അനുവദിക്കാത്തതില്‍ ഉദ്യോഗസ്ഥരിലും അസംതൃപ്തിയുണ്ട്. ജില്ലയില്‍ രൂക്ഷമായ വരള്‍ച്ച ക്ഷീര മേഖലയേയും ബാധിച്ചു. പാലുത്പാദനം കുത്തനെ ഇടിഞ്ഞു. മുള്ളന്‍കൊല്ലി, അമ്പലവയല്‍,കോട്ടത്തറ, തൊണ്ടര്‍നാട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്.മുള്ളന്‍കൊല്ലിയില്‍ 20-30 ശതമാനം വരെ ഉത്പാദനം കുറഞ്ഞിട്ടുണ്ട്.കന്നുകാലികളില്‍ പ്രത്യുത്പാദനശേഷി കുറയുന്നതായും അകിട്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ പടരുന്നതായും അധികൃതര്‍ പറയുന്നു.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുന്നു
കല്‍പ്പറ്റ: കാലവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ഉല്‍പ്പാദന കുറവവ് കുരുമുളക്, കാപ്പി കര്‍ഷകരെ തീര്‍ത്തും പ്രതിസന്ധിയിലാക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80ശതമാനത്തോളം കുറവാണ് ഇത്തവണയുണ്ടായത്. ഒപ്പം വിലയിടിവ് കൂടിയായതോടെ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഈ നിലതുടര്‍ന്നാല്‍ വയനാട് വറുതിയിലേക്ക് കുപ്പുകുത്തും. കുരുമുളക്്, കാപ്പി ഉല്‍പ്പാദനം കുറഞ്ഞത് ജില്ലയുടെ നട്ടെല്ല് ഒടിക്കും. കറുത്തപൊന്നിന്റെ നാടെന്നറിയപ്പെടുന്ന പുല്‍പ്പള്ളിയിലാണ് കുരുമുളക് ഉല്‍പ്പാദനത്തില്‍ ഏറ്റവും കുറവുണ്ടായത്. 2003-04വര്‍ഷത്തിലുണ്ടായ കൊടുംവരള്‍ച്ചയില്‍ കരിഞ്ഞുണങ്ങിയ കുരുമുളക് തോട്ടങ്ങള്‍ കഠിനാധ്വാനം കൊണ്ട് വീണ്ടും കര്‍ഷകര്‍ തളിര്‍പ്പിച്ചിരുന്നു. ഉണങ്ങിയ ചെടികള്‍ക്ക് പകരം പുതിയത് വെച്ച്പിടിപ്പിക്കുകയും ചെയ്തു. ഈ ചെടികളാണ് ഇപ്പോള്‍ കരിയുന്നത്. വള്ളികള്‍ കായ്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. 1990-കളില്‍ പ്രതിവര്‍ഷം 6000 ടണ്‍ കുരുമുളക് പുല്‍പ്പള്ളി മേഖലയില്‍ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം 600 ടണ്ണിലും താഴെയാണെന്നാണ് പ്രാഥമീക നിഗമനം. ഈ കുറവ് ജില്ലമുഴുവനായും ഉണ്ട്. ഉല്‍പ്പാദനക്കുറവിനൊപ്പം കുരുമളകിന്റെ തൂക്കത്തിലും വ്യത്യാസംവന്നു. മഴക്കുറവാണ് ഇതിനിടയാക്കിയത്. വിളവെടുത്ത കുരുമുളകില്‍ ജലാംശം കുറവായതിനാല്‍ പൊള്ളുന്ന പരുവത്തിലാണ് കടകളില്‍ എത്തുന്നത്. അതിനാല്‍ മാര്‍ക്കറ്റ് വില നല്‍കണമെങ്കില്‍ "ലിറ്റര്‍ വെയ്റ്റ്" എന്ന നിബന്ധന കച്ചവടക്കാര്‍ നടപ്പാക്കുകയാണ്. ഒരു ലിറ്റര്‍ കുരുമുളക് തൂക്കുമ്പോള്‍ കുറഞ്ഞത് 550 ഗ്രാം തൂക്കമില്ലെങ്കില്‍ മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ 100-ഉം 150-ഉം രൂപ കിലോയ്ക്ക് കുറച്ചാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവ്, കൊളവള്ളി, സീതാമൗണ്ട്, ചാമപ്പാറ, പാറക്കടവ്, ചണ്ണോത്തുകൊല്ലി, ശശിമല പ്രദേശങ്ങളിലെ കുരുമുളക് കര്‍ഷകര്‍ക്കാണ് വരള്‍ച്ചയുടെ തിക്താനുഭവം ഏറെയുള്ളത്. ജില്ലയില്‍ കൂടുതല്‍ കുരുമുളക് ഉല്‍പ്പാദിപ്പിച്ചിരുന്നതും ഈ പ്രദേശങ്ങളില്‍നിന്നാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കുരുമുളക് വില കിലോ 400ന് മുകളിലായിരുന്നത് ഇപ്പോള്‍ 300വരെയായി. ചേട്ടന് 335ഉം വയനാടന് 340ആണ് വ്യാഴാഴ്ച്ചത്തെ വില. ഉല്‍പ്പാദനക്കുറവിനൊപ്പം വില ഇടിയുന്നത് കര്‍ഷകരുടെ നിലനല്‍പ്പ് അപകടത്തിലാക്കും. കുറഞ്ഞ വിളവ് സമയത്തും വില അല്‍പ്പം ഭേദപ്പെട്ടുനിന്നതാണ് കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസം നല്‍കിയത്. വിലയിടവ് ഈ നേട്ടവും ഇല്ലാതാക്കുകയാണ്. കടകളില്‍ കുരുമുളക് വരവ് വളരെ കുറവാണ്. ദിവസം 10കിലോ കുരുമുളക്പോലും ലഭിക്കാത്ത കടകള്‍ ജില്ലയിലുണ്ട്. നേരത്തെ ഏല്ലാദിവസവും ജില്ലയില്‍നിന്നും നിരവധി ലോഡ് കുരുമുളക് കൊച്ചി, ബംഗ്ലൂരു എന്നിവിടങ്ങളിലേക്കും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും കയറ്റി പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഴ്ച്ചയില്‍ ഒന്നോ രണ്ടോതവണയാണ് ജില്ലയില്‍നിന്നും കുരുമുളക് കൊണ്ടുപോകുന്നത്.
കാപ്പി കര്‍ഷകരുടെയും സ്ഥിതി ദയനീയമാണ്. വന്‍വിലയിടിവാണ് കാപ്പിക്ക് സംഭവിച്ചത്. ഒരുചാക്ക് ഉണ്ടകാപ്പിക്ക് മൂന്നുമാസംകൊണ്ട് 600രൂപയുടെ കുറവുണ്ടായി. ഡിസംബറില്‍ 4200രൂപയായിരുന്നു ഒരുചാക്ക് കാപ്പിക്കുരുവിന്റെ വില. 3600രൂപയാണ് വ്യാഴാഴ്ച്ചത്തെ വില. കാപ്പി പരിപ്പിന്റെയും വിലയിടിഞ്ഞു. കിലോയ്ക്ക് 145രൂപ വിലയുണ്ടായിരുന്ന കാപ്പിപരിപ്പിന് ഇപ്പോള്‍ ലഭിക്കുന്നത് 120 രൂപയാണ്. കാലാവസ്ഥ വ്യതിയാനം ഏറ്റവും അധികം ബാധിച്ചതും കാപ്പിയേയാണ്. ഉല്‍പ്പാദനം പേരിന് മാത്രമായി. വരള്‍ച്ച തെങ്ങ്, കമുക്, റബര്‍ കൃഷിയേയും ഗണ്യമായി ബാധിച്ചു. തേങ്ങ മൂപ്പെത്താതെ പൊഴിഞ്ഞുവീഴുകയും കമുകില്‍ പൂക്കുല പൊട്ടുന്നത് മന്ദഗതിയിലുമാണ്. ഇരിപ്പുകൃഷിചെയ്യുന്ന വയലുകള്‍ തരിശിട്ടിരിക്കുകയാണ്. ജലാംശമില്ലാതെ മണ്ണ് തറഞ്ഞുപോയതിനാല്‍ ചേന, കപ്പ, ചേമ്പ് എന്നീ കൃഷികളും ചെയ്യാനാവുന്നില്ല.
deshabhimani 060413
No comments:
Post a Comment