Sunday, April 21, 2013

ചെന്നിത്തല ഒന്നിനും കൊള്ളാത്തവനെന്ന് എന്‍എസ്എസ്


കോട്ടയം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒന്നിനും കൊള്ളാത്തവനും ഉമ്മന്‍ചാണ്ടിയുടെ അടിമയുമാണെന്ന് എന്‍എസ്എസ്. "കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും എന്‍എസ്എസും തമ്മിലുള്ള കരാര്‍ തള്ളിപ്പറഞ്ഞ ചെന്നിത്തല ഒന്നിനും കൊള്ളാത്തവനാണ്്. എന്‍എസ്എസ് സ്വീകരിച്ച സമദൂരനിലപാട് യുഡിഎഫിന് ഗുണമാകുന്ന കാലംമാറി. ലോക്സഭാ തെരഞ്ഞെടുപ്പിലെ നിലപാട് എസ്എന്‍ഡിപിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും"- എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍നായര്‍ പറഞ്ഞു.

കെ ബി ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നും സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പിള്ള-ഗണേശ് തര്‍ക്കത്തിലും യാമിനിയുമായുള്ള കുടുംബവഴക്കിലും ഇടപെടണമെന്നും പരിഹാരമുണ്ടാക്കണമെന്നും ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി, തനിക്കാക്കി വെടക്കാക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ഇനി ചര്‍ച്ചയില്ലെന്നും സുകുമാരന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി ദുര്‍ബലനായ മുഖ്യമന്ത്രിയാവരുത്: വയലാര്‍ രവി

കണ്ണൂര്‍: യുഡിഎഫ് ഘടകകക്ഷികളെ കൂടെനിര്‍ത്തുന്ന കാര്യത്തില്‍ ദുര്‍ബലനായ മുഖ്യമന്ത്രിയാവരുത് ഉമ്മന്‍ചാണ്ടിയെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. സിഎംപിയെയും ജെഎസ്എസിനെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണം. ശനിയാഴ്ച കണ്ണൂരില്‍ എം വി രാഘവനെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം

ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞത്. സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവനുമായും ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തണം. പരിയാരം മെഡിക്കല്‍ കോളേജ് വിഷയത്തില്‍ രാഘവനെ പിണക്കുന്ന നിലപാട് സ്വീകരിക്കരുത്. പി സി ജോര്‍ജ് ഗൗരിയമ്മയോട് മര്യാദയില്ലാത്ത ഭാഷയില്‍ സംസാരിച്ചപ്പോള്‍ ആരും കാര്യമായി ഇടപെട്ടില്ലെന്ന് തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് രവി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നില പരുങ്ങലില്‍: വെള്ളാപ്പള്ളി

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്മവ്യൂഹത്തിലാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി തിരുവനന്തപുരം യൂണിയന്‍ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നില വലിയ പരുങ്ങലിലാണ്. ശത്രുക്കളല്ല ബന്ധുക്കളാണ് അദ്ദേഹത്തോട് യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കറന്റും വെള്ളവുമില്ലാതെ സംസ്ഥാനത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും ഘടകകക്ഷികള്‍ അവരുടെ ആവശ്യങ്ങളെല്ലാം കൃത്യമായി നേടിയെടുക്കുന്നുണ്ട്. പണപ്പെട്ടിയും അതിന്റെ താക്കോലും ധനമന്ത്രി കെ എം മാണിയുടെ കൈയിലാണ്. എന്നാലും പൂട്ടുപൊളിച്ച് പണം കൊണ്ടുപോകുന്നതില്‍ ലീഗുകാര്‍ കാണിക്കുന്നത് നല്ല മിടുക്കാണ്. സുപ്രീംകോടതി പറഞ്ഞാലും ഒന്നുംചെയ്യില്ലെന്ന് പറഞ്ഞാണ് മന്ത്രി കെ ബാബു ഇരിക്കുന്നത്. മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജോര്‍ജിനെതിരെ നടപടി: പിന്നോട്ടില്ലെന്ന് ജോസഫ് വിഭാഗം

കോട്ടയം: ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരായ പരാതി പാര്‍ടി ചെയര്‍മാന്‍ കെ എം മാണി അവഗണിച്ചതിനെ തുടര്‍ന്ന് ജോസഫ് വിഭാഗം ബദല്‍ നീക്കത്തിനു പടകൂട്ടുന്നു. ഇങ്ങനെപോയാല്‍ കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന് ജോര്‍ജ് വിരുദ്ധചേരിയിലെ മുതിര്‍ന്ന ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ "ദേശാഭിമാനി"യോട് പറഞ്ഞു. ജോര്‍ജിനെ മാറ്റുന്നതില്‍ കുറഞ്ഞൊരു വിട്ടുവീഴ്ച്ചയിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. അടുത്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പ്രശ്നം വീണ്ടും ശക്തമായി ഉന്നയിക്കും. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ പ്രത്യേക ചേരിയെന്ന നിലയിലേക്ക് ജോസഫ് വിഭാഗം മാറും. ഈ ചേരിയിലേക്ക് പഴയ മാണി വിഭാഗത്തിലെ ജോര്‍ജ് വിരുദ്ധരെ കൂടി എത്തിക്കാനുള്ള നീക്കത്തിലാണ് അവര്‍.

പരാതിക്കത്ത് മാണി ചവറ്റുകൊട്ടയില്‍ ഇട്ടുവെന്നും മാനസിക രോഗികളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നതെന്നും മറ്റുമാണ് കത്തിനെക്കുറിച്ചുള്ള ജോര്‍ജിന്റെ ആക്ഷേപം. കെ എം മാണിയെ തന്നെ ചെറുതാക്കുന്ന വിധമുള്ള പരാമര്‍ശങ്ങളില്‍ പി ജെ ജോസഫ് വിഭാഗത്തിന് പറുത്തുള്ളവര്‍ക്കും അമര്‍ഷമുണ്ട്. മുന്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ള നേതാക്കള്‍ നല്‍കുന്ന കത്ത് ചവറ്റുകൊട്ടയിലിടുന്ന ചെയര്‍മാനാണ് കെ എം മാണിയെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞതിലെ അനൗചിത്യമാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. ഡപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസാണ് ജോര്‍ജിനെതിരെ ശക്തമായ നിലപാടിലേക്ക് മാണി എത്തണമെന്ന സമീപനമുള്ള ജോസഫ് വിഭാഗത്തിന്റെ പുറത്തുനിന്നുളള പ്രധാനി. ആത്മാഭിമാനം പണയപ്പെടുത്തി എത്രകാലം മുന്നോട്ടുപോകാമെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന വികാരം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതാണ് ജോര്‍ജിനെ ചീഫ്വിപ്പ് സ്ഥാനത്തു നിന്നും മാറ്റുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതില്‍ നിന്ന് മാണിയെ തടയുന്നത്. മകന്‍ ജോസ് കെ മാണിതന്നെയാകും കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ആ നിലയ്ക്ക് ജോര്‍ജിനെ പിണക്കാതെ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും മുന്നോട്ടുപോകാനാണ് മാണി നിശ്ചയിച്ചിരിക്കുന്നത്. ജോര്‍ജിനെ സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തുവെന്ന തോന്നലുണ്ടാക്കുകയെന്ന തന്ത്രമായും മാണിയുടെ തണുപ്പന്‍ നിലപാടിനെ വിലയിരുത്തുന്നവരുണ്ട്. നിര്‍ണായക ഘട്ടത്തില്‍ കടുത്തുതീരുമാനത്തിലേക്ക് അദ്ദേഹം കടന്നുകൂടായ്കയില്ലെന്നും മാണിയോട് അടുപ്പമുള്ള ഇക്കൂട്ടര്‍ പറയുന്നു.ജോര്‍ജിനെതിരെ പരാതിയുമായി പരസ്യമായി രംഗത്തുള്ള ജോസഫ് വിഭാഗക്കാരായ ടി യു കുരുവിള, മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവരെ പിണക്കുന്നതും ഗുണമാകില്ലെന്ന് മാണിക്കറിയാം.
(എസ് മനോജ്)

deshabhimani 210413

No comments:

Post a Comment