തിരൂര്‍: വൈദ്യുതി മേഖലയില്‍ സര്‍ക്കാര്‍ തുടരുന്ന പിടിപ്പുകേട് നാടിന്റെ വികസനം തകിടം മറിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പവര്‍കട്ടും ലോഡ്ഷെഡിങ്ങും ജനങ്ങളെ ദുരിതത്തിലാക്കുക മാത്രമല്ല, വികസനത്തെ പിറകോട്ടുവലിക്കുകയുംചെയ്തു. വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച "എമര്‍ജിങ് കേരള"യുടെ പൊടിപോലുമില്ല. വികസന കാര്യത്തില്‍ വൈദ്യുതി പ്രധാനമാണ്. നാട്ടില്‍ വ്യവസായവും വികസനവും വരാന്‍ വൈദ്യുതി വേണം. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനോ ഉള്ളത് കാര്യക്ഷമമായി വിതരണംചെയ്യാനോ ഒരു നടപടിയുമില്ല. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ല. വൈദ്യുതിയും വികസനവും സ്വപ്നം കണ്ടതുകൊണ്ടായില്ല. ഭാവനാലോകത്ത് ജീവിക്കുന്നതിനു പകരം പ്രശ്നങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ കാണണം. കൂടുതല്‍ വൈദ്യുതി എങ്ങനെ ഉല്‍പ്പാദിപ്പിക്കാമെന്ന് ആലോചിക്കുകയും അതിനുള്ള പദ്ധതി തയ്യാറാക്കുകയുംവേണം. ആണവ വൈദ്യുതി നിലയം നാടിന് യോജിച്ചതല്ല. അതൊഴികെയുള്ള ഏത് കാര്യവും ഉപയോഗിക്കാം. ജലവൈദ്യുത പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണം. കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വേണം പദ്ധതികള്‍ നടപ്പാക്കാന്‍. പരിസ്ഥിതി ആഘാതത്തിന്റെ പേരിലുള്ള അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കണം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് ഒന്നിലധികം തവണ പാരിസ്ഥിതിക അനുമതി കിട്ടിയതാണ്. എന്നാല്‍ പദ്ധതിക്കെതിരെ ചിലര്‍ കേസിനുപോയി, നിരവധി തെറ്റായ പ്രചാരണങ്ങളുണ്ടായി. പദ്ധതി യാഥാര്‍ഥ്യമായാല്‍ അവിടത്തെ സ്വാഭാവിക വെള്ളച്ചാട്ടം ഇല്ലാതാകുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. അപകടകരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയതാണ്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി പരമാവധി ഉല്‍പ്പാദിപ്പിക്കാനുള്ള നടപടി വേണം. കേന്ദ്രവിഹിതം വാങ്ങാം; എന്നാല്‍ വിലയ്ക്ക് വാങ്ങാവുന്ന വൈദ്യുതിയെ മാത്രം ആശ്രയിക്കരുത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിലപാട് വേണമെന്നും പിണറായി പറഞ്ഞു.
ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കണം
തിരൂര്‍: കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഏറ്റെടുക്കണമെന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ 25-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിലെ ശേഷിക്കുന്ന ജലവൈദ്യുത സമ്പത്ത് ആകെ ഉപയോഗിച്ചുള്ള പദ്ധതികള്‍ ഏറ്റെടുക്കണം. അടിയന്തരമായി കായംകുളത്ത് ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കണം. ചീമേനിയിലും ബ്രഹ്മപുരത്തും ഗ്യാസ് അടിസ്ഥാനമാക്കിയുള്ള വൈദ്യുത പദ്ധതികള്‍ നിര്‍മിക്കണം. ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി ലഭിക്കുന്നതിന് ആവശ്യമായ പ്രസരണ വിതരണ ശൃംഖല പടുത്തുയര്‍ത്തണം. വലിയ വിലകൊടുത്ത് പവര്‍ എക്സ്ചേഞ്ചില്‍നിന്നും മറ്റും വാങ്ങിക്കുന്ന വൈദ്യുതി അളന്ന് കൊടുക്കുന്നതിനാവശ്യമായ പുതിയ മീറ്ററുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തുടര്‍ച്ചയായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാന്‍ സമ്മേളനം തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി മെയ് ഏഴ് മുതല്‍ 10 വരെ സെക്രട്ടറിയറ്റിനുമുന്നില്‍ രാപകല്‍ സത്യഗ്രഹം നടത്തും. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടിയുള്ള സമരത്തെ കേരള ജനത ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്നും തിരൂരില്‍ നടന്ന സംസ്ഥാന സമ്മേളനം അഭ്യര്‍ഥിച്ചു.
കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍: കെ ഒ ഹബീബ് പ്രസിഡന്റ്; വി ലക്ഷ്മണന്‍ ജനറല്‍ സെക്രട്ടറി
തിരൂര്‍: കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റായി കെ ഒ ഹബീബിനെയും ജനറല്‍ സെക്രട്ടറിയായി വി ലക്ഷ്മണനെയും തിരൂരില്‍ നടന്ന സമ്മേളനം തെരഞ്ഞെടുത്തു. വി എസ് അജിത്ത്കുമാര്‍ അസിസ്റ്റന്റ് സെക്രട്ടറിയും പി ഹരിഹരന്‍ ട്രഷററുമാണ്. മറ്റു ഭാരവാഹികള്‍: വി സി മാത്യു, ആര്‍ ജ്യോതികുമാര്‍, കെ വി സന്തോഷ്, വി വി വിജയന്‍, എം ആര്‍ സഹദേവന്‍, സി കെ ഹാജറ, പി പി സുജയ, സി ആര്‍ ശ്രീകുമാര്‍, സി മധു, എസ് ഹരിലാല്‍, പി പി ജയന്‍ദാസ് (വൈസ് പ്രസിഡന്റ്), എസ് സുരേഷ്കുമാര്‍, ബി ജയശ്രീ, എസ് അജയകുമാര്‍, പി എന്‍ പ്രദീപ്, കെ പുരുഷോത്തമന്‍, ടി കെ ഷാജന്‍, സി ഉണ്ണികൃഷ്ണന്‍, കെ ജി സജീന്ദ്രന്‍, കെ ജയപ്രകാശ്, എം ഡി ജോര്‍ജ് (ജോ. സെക്രട്ടറി).
deshabhimani 210413
No comments:
Post a Comment