Saturday, April 6, 2013

സിഐടിയു പ്രക്ഷോഭത്തിലേക്ക്

കണ്ണൂര്‍: തുല്യജോലിക്ക് തുല്യവേതനം, ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലി, എല്ലാതൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ, ഏതുതൊഴിലിനും നിയമപ്രകാരമുള്ള കുറഞ്ഞ കൂലി എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി സിഐടിയു വ്യാപക പ്രക്ഷോഭത്തിലേക്ക്. ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം.

മിനിമം കൂലിയും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും നല്‍കാതിരിക്കാന്‍ പലവിധ പദ്ധതികളിലൂടെ തൊഴിലാളികളെ പിഴിയുന്നു. ഇത്തരം "സ്കീം" തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. ഗ്രാമങ്ങളില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുകയാണെന്ന് അവകാശപ്പെട്ടാണ് അങ്കണവാടി, ആശ, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ ലക്ഷക്കണക്കിനാളുകളെ നിയമിച്ച് ചൂഷണം. ഇതിനെതിരെ വ്യാപക പ്രചാരണം നടത്തും. ആധുനിക നിര്‍മാണ യൂണിറ്റുകള്‍ തൊഴിലാളികളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു. ഓവര്‍ടൈം നല്‍കാതെ 10-12 മണിക്കൂര്‍ ജോലി ചെയ്യിപ്പിക്കുന്നു. തുച്ഛമായ കൂലികൊണ്ട് ജീവിക്കാന്‍ പ്രയാസമായതിനാല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍, അങ്കണവാടി ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണപാചകത്തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലയിലുള്ളവര്‍ രണ്ടും മൂന്നും തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

നവഉദാരവല്‍ക്കരണം സമ്പദ്ഘടനക്ക് കടുത്ത ആഘാതമുണ്ടാക്കി. ദേശീയ പരമാധികാരത്തിന് അത് വെല്ലുവിളി ഉയര്‍ത്തുകയാണ്. പതിനൊന്നാം പദ്ധതിക്കാലത്ത് ആഭ്യന്തരവരുമാന വളര്‍ച്ച ശരാശരി 8.5 ശതമാനമായിരുന്നു. 2012-13-ല്‍ അത് അഞ്ച് ശതമാനമായി. ഉദാരവല്‍ക്കരണം തീവ്രമായപ്പോള്‍ തൊഴിലില്ലായ്മ വര്‍ധിച്ചു. സാധനവില കൂടി. ജനങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിലായി. ധനകമ്മി പരിമിതപ്പെടുത്താനുള്ള നീക്കം വിജയിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഭക്ഷ്യസാധനങ്ങള്‍ക്കും ഇന്ധനത്തിനും മറ്റുമുള്ള സബ്സിഡി കുറച്ച് ചെലവ് ചുരുക്കാനാണ് ശ്രമം. ഇത് മാന്ദ്യം രൂക്ഷമാക്കും.

നവഉദാരവല്‍ക്കരണ നയം തിരുത്തിക്കാന്‍ യോജിച്ച സമരങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് തപന്‍ സെന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധിക്കും. അവിദഗ്ധ സ്ത്രീതൊഴിലാളികള്‍ക്ക് തുച്ഛമായ കൂലിയാണ്്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനവും വിവേചനവും വര്‍ധിക്കുന്നു. ലൈംഗിക പീഡനത്തെക്കുറിച്ച് പരാതിപറയുന്ന സ്ത്രീകള്‍ ദ്രോഹിക്കപ്പെടുന്നുമുണ്ട്. ജാതി- മതത്തിന്റെ പേരില്‍ തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തി പ്രചാരണം നടത്തും. സംഘടിത മേഖലയിലെ കരാര്‍-താല്‍ക്കാലിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണം. പുതിയ കടമകള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ദേശീയ-സംസ്ഥാന തലങ്ങളില്‍ സിഐടിയു സെന്ററുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ രണ്ടുദിവസമായി 45 പ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് കെ ചന്ദ്രന്‍പിള്ള, വി വി പ്രസന്നകുമാരി, എ കെ രമേശ് എന്നിവരാണ് പങ്കെടുത്തത്. ചര്‍ച്ച ഞായറാഴ്ച പൂര്‍ത്തിയാകും.
(പി പി അബൂബക്കര്‍)

സ്ത്രീ തൊഴിലാളികള്‍ക്ക് ആശ്രയം സിഐടിയു

എം കെ പന്ഥെ നഗര്‍ (കണ്ണൂര്‍): തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് ആശ്രയം സിഐടിയു മാത്രം. സ്ത്രീതൊഴിലാളികളെ സംഘടിപ്പിക്കാനും അവരെ ട്രേഡ് യൂണിയന്റെ ഭാഗമാക്കാനുമുള്ള സിഐടിയുവിന്റെ ശ്രമം വലിയ തോതില്‍ വിജയം കണ്ടു. രണ്ട് കോടിയോളം സ്ത്രീകള്‍ വിവിധ മേഖലകളിലായി പണിയെടുക്കുന്നുണ്ട്. ഇതിനു പുറമെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക്കീഴില്‍ മതിയായ വേതനം നല്‍കാതെ 1.6 കോടിയോളം സ്ത്രീ തൊഴിലാളികളുമുണ്ട്. അടുത്തകാലംവരെ ഇവരില്‍ ഭൂരിഭാഗവും സംഘടിതരായിരുന്നില്ല. ട്രേഡ് യൂണിയനില്‍ അംഗങ്ങളായവരുടെ എണ്ണവും കുറവായിരുന്നു. പണിയെടുക്കുന്ന മുഴുവന്‍ സ്ത്രീകളെയും ട്രേഡ് യൂണിയന്റെ ഭാഗമാക്കണമെന്ന സിഐടിയു തീരുമാനമനുസരിച്ച് ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ സംഘടനയില്‍ ചേര്‍ന്നതായി ദേശീയ സെക്രട്ടറിയും വര്‍ക്കിങ് വിമന്‍സിന്റെ അഖിലേന്ത്യാ നേതാവുമായ ഡോ. കെ ഹേമലത പറഞ്ഞു. പതിമൂന്നാം ദേശീയ സമ്മേളനത്തിനുശേഷം സിഐടിയുവിന്റെ അംഗത്വത്തില്‍ ഉണ്ടായ വളര്‍ച്ചയില്‍ 83 ശതമാനവും സ്ത്രീകളാണ്. സിഐടിയു രൂപീകരിക്കുമ്പോള്‍ ഏഴ് ശതമാനമായിരുന്ന സ്ത്രീകളുടെ അംഗത്വം ഇപ്പോള്‍ 31 ശതമാനത്തിലധികമായി. വിവിധ സംസ്ഥാനങ്ങളില്‍ ജില്ലാസെക്രട്ടറി പ്രസിഡന്റുമാര്‍ സ്ത്രീകളാണ്. അംഗത്വത്തിനനുസരിച്ച് സ്ത്രീകളെ സംഘടനാ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റി സമ്മേളനം പരിശോധിക്കും.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തിനും പീഡനത്തിനും എതിരെ ശബ്ദിക്കാന്‍ ഊര്‍ജം കിട്ടിയത് സിഎടിയുവിന്റെ ഇടപെടലാണ്. വേതനത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തിനെതിരെ പോരാട്ടം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് പലയിടത്തും മാന്യമായ കൂലി നല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാലും തുല്യ വേതനം എന്ന ലക്ഷ്യത്തില്‍ എത്തിയിട്ടില്ല. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമമാണ് സ്ത്രീകള്‍ നേരിടുന്ന മറ്റൊരു പ്രശ്നം. സ്ത്രീകള്‍ സംഘടിക്കാന്‍ തുടങ്ങിയതോടെ ഇതില്‍ കുറവുണ്ടായി. സ്ത്രീകള്‍ക്ക് സുരക്ഷിതബോധം ഉണ്ടാകാനും അനീതിക്കെതിരെ പ്രതികരിക്കാനുമുള്ള ധൈര്യവും യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ആര്‍ജിക്കാനാവും. സ്ത്രീകളുടെ സംഘടിത പോരാട്ടം അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്നതിന് തെളിവാണ് അങ്കണവാടി വര്‍ക്കര്‍മാരുടെ രാജ്യവ്യാപക പ്രക്ഷോഭം. നിരന്തര പ്രക്ഷോഭത്തിലൂടെ ശമ്പളമില്ലാതെ പണിയെടുക്കുന്ന ഇവരുടെ ഹോണറേറിയം 15 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 1998 ല്‍ 500 രൂപയായിരുന്ന വര്‍ക്കറുടെ ഹോണറേറിയം ഇപ്പോള്‍ 3000 രൂപയാണ്. ആശ, സ്കൂള്‍ പാചകം തുടങ്ങിയ മറ്റ് പദ്ധതികളിലെ തൊഴിലാളികളെയും ഭീകരമായി ചൂഷണം ചെയ്യുന്നു. ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തും. നവംബര്‍ 26, 27 തിയതികളില്‍ അരലക്ഷത്തിലധികം സ്ത്രീകള്‍ ഡല്‍ഹിയിലെ കൊടും തണുപ്പിനെപോലും അവഗണിച്ച് മഹാപഥവിനെത്തിയത് സിഐടിയു ഏറ്റെടുത്ത വലിയ പ്രക്ഷോഭത്തിന്റെ വിജയമാണ്- ഹേമലത പറഞ്ഞു.
(എം ഒ വര്‍ഗീസ്)

ബംഗാളിലെ തൃണമൂല്‍ ഭീകരതയില്‍ പ്രതിഷേധം

എം കെ പന്ഥെ നഗര്‍ (കണ്ണൂര്‍): പശ്ചിമ ബംഗാളില്‍ ട്രേഡ്യൂണിയനുകള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണങ്ങളെയും ജനാധിപത്യധ്വംസനത്തെയും സിഐടിയു പതിനാലാം ദേശീയ സമ്മേളനം ശക്തിയായി അപലപിച്ചു. നവലിബറല്‍ സാമ്പത്തികനയങ്ങളുമായി മുന്നോട്ടു പോകുന്ന മമത സര്‍ക്കാര്‍ ട്രേഡ്യൂണിയനുകള്‍ക്കെതിരെ, പ്രത്യേകിച്ച് സിഐടിയുവിനെതിരെ വ്യാപക കടന്നാക്രമണമാണ് നടത്തുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

കര്‍ഷക- വിദ്യാര്‍ഥി- യുവജന- മഹിളാ പ്രസ്ഥാനങ്ങള്‍, ഇടതുപക്ഷ അനുഭാവികള്‍, ജനാധിപത്യ സ്ഥാപനങ്ങള്‍, ജനങ്ങളുടെ ആവിഷ്കാരങ്ങള്‍ എന്നിവയ്ക്കെല്ലാമെതിരെ സായുധ തൃണമൂല്‍ ഗുണ്ടകള്‍ ഭീകരതാണ്ഡവം നടത്തുന്നു. ആറ് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകരുള്‍പ്പെടെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ 88 മുന്‍നിര പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് സാരമായി പരിക്കേറ്റു. പൊലീസ് വെറും കാഴ്ചക്കാരായി അക്രമിക്കള്‍ക്കു കൂട്ടുനില്‍ക്കുകയാണ്. നാനൂറ് യൂണിയന്‍ ഓഫീസുകള്‍ തൃണമൂല്‍ ഗുണ്ടകള്‍ ബലമായി പടിച്ചെടുത്തു. നൂറുകണക്കിന് ഓഫീസുകള്‍ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സിഐടിയുവില്‍നിന്ന് രാജിവച്ച് ടിഎംസിയില്‍ ചേരാനായി തൊഴിലാളികളെ വേട്ടയാടുന്നു. കരാര്‍ തൊഴിലാളികളെ പറഞ്ഞുവിട്ട് കുറഞ്ഞ വേതനത്തിന് പുതിയ നിയമനം നടത്തുന്നു. 2012 ഫെബ്രുവരി 28നും കഴിഞ്ഞ ഫെബ്രുവരി 20,21നും നടന്ന ദേശവ്യാപക പൊതുപണിമുടക്കുകള്‍ തകര്‍ക്കാന്‍ മമത സര്‍ക്കാര്‍വഴിവിട്ടു ശ്രമിച്ചു. പൊലീസിനെ വിന്യസിച്ച് പണിമുടക്കിനെതിരെ മൈക്ക് പ്രചാരണം നടത്തിയതിനു പുറമെ വന്‍തോതില്‍ തൃണമൂല്‍ ഗുണ്ടകളെയും രംഗത്തിറക്കി. തെരുവുകളിലൂടെ സഞ്ചരിച്ച് മുഖ്യമന്ത്രി നേരിട്ടു തന്നെ പണിമുടക്ക് തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പണിമുടക്കില്‍ പങ്കെടുത്ത മുതിര്‍ന്ന അധ്യാപകരെ തൃണമൂലുകാര്‍ ക്രൂരമായി മര്‍ദിച്ചു. ഒരു ജീവനക്കാരന്റെ കാലുകള്‍ വെട്ടി. ഒരു തൊഴിലാളിയുടെ കണ്ണ് തകര്‍ത്തു. പണിമുടക്കു ദിവസം അടഞ്ഞുകിടന്ന ബിഎസ്എന്‍എല്‍ ഓഫീസ് തകര്‍ത്തു. 34 വര്‍ഷത്തെ ഇടതുഭരണം നടപ്പാക്കിയ ജനക്ഷേമകരമായ നടപടികളെല്ലാം അട്ടിമറിച്ചു. ക്രമസമാധനവും സൈ്വരജീവിതവും തകര്‍ന്ന് അരാജകത്വത്തിന്റെ പിടിയിലാണ് സംസ്ഥാനം. സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടി കാരണം ജീവിതം വഴിമുട്ടി മൂന്ന് തേയിലത്തോട്ടം തൊഴിലാളികളുള്‍പ്പെടെ നിരവധി പേര്‍ ആത്മഹത്യ ചെയ്തു.

സംസ്ഥാനത്ത് നടമാടുന്ന അരാജകത്വത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് എസ്എഫ്ഐ നേതാവ് സുദിപ്ത ഗുപ്ത. ബംഗാളിന്റെ ഇടതുപക്ഷാഭിമുഖ്യത്തെ പാടേ തകര്‍ക്കാനുള്ള ആസൂത്രിത പദ്ധതിയാണ് നടപ്പാക്കുന്നത്. എല്ലാവിധ അടിച്ചമര്‍ത്തലുകളെയും നേരിട്ട് പശ്ചിമബംഗാളിലെ ട്രേഡ്യൂണിയനുകളും ജനാധിപത്യ പ്രസ്ഥാനങ്ങളും നടത്തുന്ന ധീരോദാത്തമായ ചെറുത്തുനില്‍പ്പിനെ പ്രമേയം അഭിനന്ദിച്ചു. രാജ്യത്തെ മുഴുവന്‍ തൊഴിലാളിവര്‍ഗവും ജനാധിപത്യശക്തികളും ഈ ചെറുത്തുനില്‍പ്പിനെ പിന്തുണയ്ക്കണമെന്നും പൊരുതുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു. എളമരം കരീം അവതരിപ്പിച്ച പ്രമേയത്തെ ദീപക് ദാസ് ഗുപ്ത പിന്താങ്ങി.

ഓര്‍മകള്‍ ഉയിര്‍ത്തു, ചരിത്രതീരങ്ങളില്‍

ഇ ബാലാനന്ദന്‍ നഗര്‍ (കണ്ണൂര്‍): ചരിത്രം ഉറങ്ങുകയല്ല, ഉണര്‍ന്നിരിക്കുകയും ഉണര്‍ത്തുകയുമാണിവിടെ. പോയകാല പോരാട്ടങ്ങളെ ഓര്‍മപ്പെടുത്തി വരുംകാല മാറ്റത്തിന് നാടിനെ സജ്ജമാക്കുന്ന ദൗത്യമാണ് ഈ പ്രദര്‍ശനം നിര്‍വഹിക്കുന്നത്. ചിലവേള അത് നമ്മുടെ ഉള്ളുലയ്ക്കുമെങ്കിലും ഉണരേണ്ടതിന്റെ പ്രാധാന്യം ഉള്‍കൊണ്ടാവും നാം ഇവിടം വിടുക. സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ പൊലീസ് മൈതാനിയിലെ ഇ ബാലാന്ദന്‍നഗറില്‍ ഒരുക്കിയ ചരിത്രപ്രദര്‍ശനത്തിന് ആള്‍ത്തിരക്കേറുന്നതും ഇക്കാരണത്താല്‍തന്നെ. നമ്മളെങ്ങനെ നമ്മളായെന്ന ചരിത്രമാണ് അത് പങ്കുവയ്ക്കുന്നത്. ഒപ്പം സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന നവഉദാരവല്‍ക്കരണ കാലത്ത് നമ്മള്‍ ഇങ്ങനെയായാല്‍ മതിയോ എന്ന ചോദ്യവും ഉയര്‍ത്തുന്നു. ലോകത്താകമാനം നടന്ന തൊഴിലാളിവര്‍ഗ പോരാട്ടങ്ങളുടെ ലഘുചിത്രം പങ്കുവയ്ക്കുന്നതോടൊപ്പം ഇന്ത്യയിലെയും കേരളത്തിലെയും വര്‍ഗ സമരചരിത്രത്തെ അടുത്തറിയാനും പ്രദര്‍ശനം സഹായിക്കുന്നു.

മെയ്ദിനത്തിന്റെ പിറവിക്കിടയാക്കിയ ചിക്കാഗോ പ്രകടനത്തിന്റെ ചിത്രഭാഷ്യവും ശ്രദ്ധയാകര്‍ഷിക്കും. അതിനും 24 വര്‍ഷം മുന്‍പ് പശ്ചിമബംഗാളിലെ ഹൗറയില്‍ നടന്ന തീവണ്ടിസമരത്തെ മേളയിലെ ശില്‍പം മിഴിവോടെ പകര്‍ത്തുന്നു. ആയിരത്തിരൂനുറോളം തൊഴിലാളികളാണ് ബ്രിട്ടീഷ് കമ്പനിക്കെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തത്. പോരാട്ടത്തിന്റെ കനലുണര്‍ത്തി നാല് വീരന്മാര്‍ തൂക്കുകയര്‍ വരിച്ച കയ്യൂര്‍, സ്വാതന്ത്ര്യദാഹവുമായി രണ്ട് ധീരന്മാര്‍ വെടിയുണ്ട നെഞ്ചേറ്റുവാങ്ങിയ തലശേരി സംഭവം, ത്രസിപ്പിക്കുന്ന കരിവെള്ളൂര്‍- കാവുമ്പായി പോരാട്ടങ്ങള്‍, ഭരണകൂടത്തിന്റെ നെറികേടിനെതിരായ പോരാട്ടത്തില്‍ അഞ്ച് യുവാക്കള്‍ പൊലീസ് വെടിയുണ്ടയ്ക്ക് ഇരയായ കൂത്തുപറമ്പ്, സംഘടിത തൊഴിലാളികളുടെ സമരശേഷി വിളംബരം ചെയ്ത ആറോണ്‍ സമരം എന്നിവ വിശദമാക്കുന്ന ശില്‍പങ്ങള്‍ ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമാകുന്നു. ബീഡി തെറുപ്പിനിടയിലും നാടിന്റെ നന്മയ്ക്കായി ഉണര്‍ന്നിരുന്ന ബീഡിത്തൊഴിലാളികളുടെ ജീവന്‍ തുടിക്കുന്ന ചലിക്കുന്ന ശില്‍പവും അവിസ്മരണീയം. ഇന്ത്യയുടെ വര്‍ഗസമരചരിത്രത്തിലെ സുപ്രധാന ഏടുകള്‍ നമുക്ക് മിടിപ്പുകളോടെ ഏറ്റുവാങ്ങാം. ആ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാരഥന്മാരുടെ ലഘുജീവിത രേഖയും പ്രദര്‍ശനത്തിലുണ്ട്. സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിറവിയുടെ ചരിത്രവും പങ്കുവയ്ക്കുന്നു.

അയിത്തത്തിന്റെയും അനാചാരങ്ങളുടെയും നാടായിരുന്ന പഴയ കാല കേരളത്തിന്റെ ഇരുണ്ട മുഖം ഇവിടെ അടുത്തറിയാം. അതിനെതിരായി പോരാടിയ നവോത്ഥാന നായകരുടെ ചിത്രങ്ങളുമുണ്ട്. ആധുനിക കേരളപ്പിറവിക്കായി തൊഴിലാളിവര്‍ഗം അനുഭവിച്ച ത്യാഗങ്ങളുടെ നേര്‍സാക്ഷ്യവും കാണാം. അടിച്ചമര്‍ത്തലിനെതിരെ വാരിക്കുന്തം ആയുധമാക്കി അനേകര്‍ മരണം വരിച്ച പുന്നപ്ര-വയലാര്‍, കോറോം, ഒഞ്ചിയം, മോറാഴ, തില്ലങ്കേരി, പാടിക്കുന്ന്, മുനയന്‍കുന്ന് തുടങ്ങി കേരളത്തിന്റെ ഉശിരന്‍ പോരാട്ടങ്ങളെ മുഴുവന്‍ പ്രദര്‍ശനം പകര്‍ത്തുന്നു. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് എട്ടുവരെയാണ് പ്രദര്‍ശനം തീരുമാനിച്ചതെങ്കിലും ജനത്തിരക്ക് ഏറിയതിനാല്‍ രാത്രി പത്തുവരെ നീട്ടി.
(ഷഫീക്ക് അമരാവതി)

ഇല്ല മരിക്കില്ല, ആ ഓര്‍മകള്‍

ഇ ബാലാനന്ദന്‍ നഗര്‍ (കണ്ണൂര്‍): തന്റെകൂടി ശില്‍പ്പമുള്‍ക്കൊളളുന്ന കൂത്തുപറമ്പ് വെടിവയ്പ് ചിത്രീകരണത്തിന് മുന്നില്‍ പുഷ്പന്‍ എത്തിയപ്പോള്‍ പോരാട്ട സ്മരണകളുടെ കടലിരമ്പം. അഞ്ച് ആത്മസഖാക്കളുടെ ജീവന്‍ കവരുകയും, തന്നെ ജീവച്ഛവമാക്കുകയും ചെയ്ത വെടിവയ്പ് ആ മനസ്സില്‍ മിന്നിമറഞ്ഞു. രാജ്യമാകെ അലയടിച്ച പോരാട്ടചരിത്രത്തിന്റെ ഭാഗമായയാള്‍ ചരിത്രപ്രദര്‍ശന വേദിയിലെ അപൂര്‍വതയായി. ഈ മുഹൂര്‍ത്തത്തിന് സാക്ഷിയായവരില്‍ പടര്‍ന്നതാകട്ടെ അടക്കാനാവാത്ത നൊമ്പരവും. ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സിഐടിയു സമ്മേളനത്തിന്റെ ഭാഗമായി പൊലീസ് മൈതാനിയില്‍ ഒരുക്കിയ ചരിത്രപ്രദര്‍ശനം കാണാനെത്തിയത്.

1994 നവംബര്‍ 25ന്റെ മനുഷ്യവേട്ട ഇപ്പോള്‍ നടന്നത് പോലെ മനസ്സിലുണ്ടെന്ന് പുഷ്പന്‍ പറഞ്ഞു. കൂത്തുപറമ്പിലെ പൊലീസ് നരനായാട്ടില്‍ കൊല്ലപ്പെട്ട കെ കെ രാജീവന്‍, ഷിബുലാല്‍, കെ വി റോഷന്‍, കെ മധു, സി ബാബു എന്നിവരെയും വെടിയുണ്ടയേറ്റ് ശരീരം തളര്‍ന്ന് ശയ്യാവലംബിയായ പുഷ്പന്റെയും ശില്‍പങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രദര്‍ശനമാകെ കണ്ട പുഷ്പന്‍ കൂത്തുപറമ്പ് ശില്‍പത്തിന് മുന്നില്‍ പത്ത് മിനിറ്റോളം തങ്ങി. അന്നത്തെ സംഭവം അതേരീതിയില്‍ പകര്‍ത്തിയതായും നന്നായിട്ടുണ്ടെന്നും പറഞ്ഞ പുഷ്പന്‍ ശില്‍പി ഉണ്ണി കാനായിയെ അഭിനന്ദിച്ചു. ഒരു മാസമെടുത്താണ് ശില്‍പമൊരുക്കിയതെന്നും പുഷ്പന്റെ സംഭവവിവരണമാണ് ഇതിന് തുണയായതെന്നും ഉണ്ണി പറഞ്ഞു. പ്ലാസ്റ്റര്‍ ഓഫ് പാരീസ്, ചാക്ക്, തെര്‍മോകോള്‍, ചകിരി എന്നിവ ഉപയോഗിച്ചാണ് ശില്‍പ നിര്‍മിതി. ഉശിരന്‍ മുദ്രാവാക്യങ്ങളുമായാണ് സംഘാടകര്‍ പുഷ്പനെ സ്വീകരിച്ചത്.

സ്വാഗതഗാനത്തിന്റെ ഡിവിഡി പുറത്തിറങ്ങി

കണ്ണൂര്‍: സിഐടിയു ദേശീയസമ്മേളന പ്രതിനിധികള്‍ക്ക് മധുരാനുഭവമായ സ്വാഗതഗാനത്തിന്റെ ഡിവിഡി ഇറങ്ങി. വെള്ളിയാഴ്ച സമ്മേളന ഹാളില്‍ സിഐടിയു ദേശീയ അധ്യക്ഷന്‍ എ കെ പത്മനാഭന്‍ ത്രിപുര വൈദ്യുതിമന്ത്രി മണിക് ഡേക്ക് നല്‍കി പ്രകാശനം ചെയ്തു. "ഉണ്ടൊരു ലോകം നമുക്ക് നേടാന്‍ ഉണ്ടൊരു സ്വപ്നം നമുക്ക് കാണാന്‍" എന്നു തുടങ്ങുന്ന സ്വാഗതഗാനവും ദൃശ്യാവിഷ്കാരവും വ്യാഴാഴ്ച ഉദ്ഘാടന സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. തൊഴിലാളിമുന്നേറ്റത്തിന്റെ നേര്‍ചിത്രം പ്രതിഫലിപ്പിക്കുന്നതാണ് കരിവെള്ളൂര്‍ മുരളിയുടെ വരികള്‍. നാടിന്റെ പൈതൃകവും ചരിത്രഘട്ടങ്ങളും ആവിഷ്കരിക്കുന്ന ദൃശ്യങ്ങളില്‍ മാര്‍ക്സും എംഗല്‍സും അടക്കമുള്ള തൊഴിലാളിവര്‍ഗ നേതാക്കളുടെ സ്മൃതികുടീരങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. വേഷവും ഭാഷയും വ്യത്യസ്തമാണെങ്കിലും മാനവ ഐക്യത്തിന് പ്രാധാന്യം നല്‍കണമെന്ന സന്ദേശമാണ് ഗാനം പ്രതിഫലിപ്പിക്കുന്നത്. നടനും ഗായകനുമായ കെ പ്രദീപ്കുമാറാണ് സംവിധാനം നിര്‍വഹിച്ചത്. സംഗീതസംവിധാനം പ്രശാന്ത്കൃഷ്ണന്‍. ബാബുരാജ് മോറാഴയാണ് ഛായാഗ്രഹണം. 60 രൂപ വിലയുള്ള ഡിവിഡി സമ്മേളന നഗറില്‍ 50 രൂപയ്ക്ക് ലഭിക്കും.

deshabhimani 060413

No comments:

Post a Comment