Monday, April 22, 2013
പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നു
ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതില്‍ അമര്‍ഷവും പ്രതിഷേധവും ഒടുങ്ങുന്നതിനുമുമ്പെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളുടെ കഥകള്‍ പുറത്തുവരുന്നു. ഡല്‍ഹിയില്‍നിന്നുതന്നെയാണ് ആദ്യവാര്‍ത്ത പുറത്തുവന്നത്.
കഴിഞ്ഞമാസം ഒമ്പത് ദിവസം അക്രമികളുടെ തടങ്കലില്‍ കൂട്ട ബലാത്സംഗത്തിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി. മധ്യപ്രദേശിലെ സിയോണിയില്‍ നാലു വയസ്സുകാരിയും ഒഡിഷയിലെ കേന്ദ്രപാറയില്‍ പതിനഞ്ചുകാരിയും ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ എട്ടു വയസ്സുകാരിയും കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂര ബലാത്സംഗത്തിനിരയായി. മഹാരാഷ്ട്രയിലെ പുണെയിലെ ഒരു മനോരോഗ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 22കാരിയെ ആശുപത്രി വാര്‍ഡന്‍ ബലാത്സംഗംചെയ്ത വാര്‍ത്തയും പറുത്തുവന്നു.
ഹൈദരാബാദ് മേധക് ജില്ലയിലെ കൊഹിറില്‍ ബലാല്‍സംഗത്തിനിരയായ 18കാരി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ ബുധനാഴ്ചയാണ് നാലു വയസ്സുകാരി ബലാത്സംഗത്തിനിരയായത്. മുറ്റത്തു കളിക്കുന്നതിനിടെ ഒരാള്‍ കുട്ടിയെ ചോക്ലേറ്റ് നല്‍കിയശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് രാവിലെ വീടിനടുത്ത പാടത്തുനിന്നാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ നാഗ്പുരില്‍ കൊണ്ടുവന്ന് ആശുപത്രിയിലാക്കി. കഴുത്തു ഞെരിച്ചതിനാല്‍ കുട്ടിക്ക് തലച്ചോറിന് കാര്യമായ ക്ഷതമേറ്റെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ആള്‍ അറസ്റ്റിലായി.
ഒഡിഷയിലെ കേന്ദ്രപാറയില്‍ വെള്ളിയാഴ്ചയാണ് 15കാരി കൂട്ട ബലാത്സംഗത്തിനിരയായത്. വീടിനടുത്തുനടന്ന ഒരു കലാ പരിപാടി കണ്ടു മടങ്ങുന്നതിനിടെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ എട്ടുവയസ്സുകാരിയാണ് അയല്‍വാസിയുടെ ക്രൂരതക്കിരയായത്. കുട്ടിയുടെ മാതാപിതാക്കള്‍ പാടത്ത് ജോലിക്കുപോയ സമയത്ത് വീട്ടിലെത്തിയ അയല്‍വാസിയായ 24കാരന്‍ ബലാംത്സംഗം ചെയ്യുകയായിരുന്നു. കുട്ടി ലഖ്നൗവില്‍ ചികിത്സയിലാണ്. കുടുംബ കലഹത്തെതുടര്‍ന്നാണ് കൊഹിറില്‍ പെണ്‍കുട്ടി വീടു വിട്ടിറങ്ങിയത്. പ്രശ്നം തീര്‍ക്കാമെന്ന് പറഞ്ഞെത്തിയ അയല്‍വാസിയാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. സംഭവത്തില്‍ കെ ശേഖര്‍ എന്നയാളെ അറസ്റ്റുചെയ്തു.
മഹാരാഷ്ട്രയിലെ പുണെ ജില്ലയില്‍ ചിഞ്ച്വാഡിലാണ് മനോരോഗ ആശുപത്രിയില്‍ രോഗിയായ ഇരുപത്തിരണ്ടുകാരി ബലാത്സംഗത്തിനിരയായത്. പതിനാറിനായിരുന്നു സംഭവം. അര്‍ധരാത്രി വാര്‍ഡന്‍ ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ് ദമ്പതികളായ ഡോക്ടര്‍മാര്‍ വാര്‍ഡനെ ആശുപത്രിയില്‍ പൂട്ടിയിട്ടു. എന്നാല്‍, വിവരം പൊലീസില്‍ അറിയിച്ചില്ല. മാത്രമല്ല വിവരം പുറത്തു പറയാതിരിക്കാന്‍ വാര്‍ഡന്റെ ബന്ധുക്കളില്‍നിന്ന് ഇവര്‍ പണവും ആവശ്യപ്പെട്ടു. ബന്ധുക്കള്‍ പൊലീസില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
deshabhimani 220413
Subscribe to:
Post Comments (Atom)
No comments:
Post a Comment