ബംഗാളില്‍ എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്ത പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥിവിഭാഗമായ തൃണമൂല്‍ ഛത്രപരിഷത്തിന്റെ നേതാവ് സംഘടനയില്‍നിന്ന് രാജിവച്ചു. പശ്ചിമ മേദിനിപുര്‍ ജില്ലാസെക്രട്ടറി സുബിജിത്ദാസാണ് രാജിവച്ചത്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ നേതാവിനെ ക്രൂരമായി മര്‍ദിച്ച് കൊലചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്ന് ജില്ലാ പ്രസിഡന്റിന് നല്‍കിയ കത്തില്‍ സുബിജിത് പറഞ്ഞു.
ഏതു പ്രസ്ഥാനത്തില്‍പ്പെട്ട ആളായാലും സുദീപ്ത വിദ്യാര്‍ഥിയാണെന്നും അയാളുടെ ക്രൂരമായ മരണം ഞെട്ടിച്ചെന്നും ഇത്തരം അക്രമം ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സുബിജിത് ഫെയ്സ്ബുക്കില്‍ അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്കില്‍ അഭിപ്രായം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പാര്‍ടി നേതാക്കാള്‍ പലരും ഭീഷണിപ്പെടുത്തിയതായും സുബിജിത് അറിയിച്ചു. മിഡ്നാപുര്‍ കോളേജില്‍നിന്ന് ബിരുദം നേടിയശേഷം ലൈബ്രറി സയന്‍സ് പഠിക്കുകയാണ് സുബിജിത്. അതേസമയം, സുദീപ്തയുടെ കൊലപാതകം നിസ്സാര സംഭവമാണന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിപ്രായത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിനുമുമ്പാണ് മുഖ്യമന്ത്രി അപകടമരണമായി സംഭവത്തെ ഒതുക്കാന്‍ ശ്രമിച്ചത്. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും യഥാര്‍ഥ കാരണം കണ്ടുപിടിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടണമെന്നും സുദീപ്തയുടെ അച്ഛന്‍ പ്രണബ് ഗുപ്ത വെള്ളിയാഴ്ച ഗവര്‍ണറെ കണ്ട് അഭ്യര്‍ഥിച്ചു. പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്രയാണ് പ്രണബിന് ഗവര്‍ണറെ കാണാന്‍ അവസരം ഒരുക്കിയത്. സംഭവത്തെക്കുറിച്ചുള്ള മുഖമന്ത്രിയുടെ പ്രസ്താവനയിലൂടെ തങ്ങള്‍ക്ക് നീതിലഭിക്കില്ലെന്ന് ഉറപ്പായെന്നും അതിനാല്‍ സിബിഐ കേസ് അന്വേഷിക്കണമെന്നും സുദീപ്തയുടെ സഹോദരി ആവശ്യപ്പെട്ടു. സുദീപ്തയുള്‍പ്പെടെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍ രാജാദാസ് വാഹനത്തിന് അപകടമൊന്നും നടന്നില്ലെന്നും പ്രസിഡന്‍സി ജയിലിനുമുമ്പില്‍ എത്തുമ്പോള്‍ പൊലീസ് വിദ്യാര്‍ഥികളെ പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുന്നത് കണ്ടതായും വെളിപ്പെടുത്തി.
(ഗോപി)
deshabhimani 060413
No comments:
Post a Comment