Saturday, April 6, 2013

ഒത്തുതീര്‍പ്പുശ്രമം വീണ്ടും മന്ത്രിയാകാനും ഉമ്മന്‍ചാണ്ടിയുടെ കസേര സംരക്ഷിക്കാനും


ഡോ. യാമിനി തങ്കച്ചി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കോടതിയെ സമീപിച്ചപ്പോള്‍ കെ ബി ഗണേശ്കുമാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് പുറപ്പെട്ടത് മന്ത്രിപദവിയില്‍ തിരിച്ചെത്താനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ തുടങ്ങിയവര്‍ കോടതി കയറുന്നത് ഒഴിവാക്കുകയാണ് തിരക്കിട്ട ഒത്തുതീര്‍പ്പ് ശ്രമത്തിന്റെ മറ്റൊരുദ്ദേശ്യം. കോടതിയില്‍നിന്ന് എതിരായ പരാമര്‍ശമുണ്ടായാല്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദം നഷ്ടപ്പെടാനിടയാകും. നിയമവിദഗ്ധരുടെ ഉപദേശം കണക്കിലെടുത്താണ് യാമിനിയെ അധിക്ഷേപിച്ചുനടന്ന ഗണേശ് ഏതുവിധേനയും ഒത്തുതീര്‍പ്പിന് പുറപ്പെട്ടത്. കരാര്‍ ലംഘിച്ച് യാമിനിക്കെതിരെ ആദ്യം കുടുംബക്കോടതിയെ സമീപിച്ചത് ഗണേശനാണ്. മന്ത്രിപദവിയിലിരുന്നായിരുന്നു ഈ നടപടി. ഗണേശനെതിരായ പരാതി വാങ്ങാതെ രമ്യമായ പരിഹാരം കണ്ടെത്താമെന്നു വിശ്വസിപ്പിച്ച മുഖ്യമന്ത്രിയുടെ അനുഗ്രഹംകൊണ്ടാണ് ഗണേശന് ആദ്യം കുടുംബക്കോടതിയെ സമീപിക്കാന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രതീക്ഷയര്‍പ്പിച്ചവരെല്ലാം തന്നെ ചതിച്ചെന്ന് യാമിനി തുറന്നുപറഞ്ഞു. നീതിതേടി പൊലീസിനെ സമീപിച്ചപ്പോഴും വഞ്ചനയുടെ ക്രൂരമുഖം അവര്‍ക്ക് നേരിട്ടു. പൊലീസ് കേസിലും ഗണേശന്‍ ആദ്യപരാതിക്കാരനായി. യാമിനി കൗണ്ടര്‍ കേസുകാരിയും.

തുടര്‍ച്ചയായി വഞ്ചിക്കപ്പെട്ടിട്ടും പിന്മാറാതെ അവര്‍ ഗാര്‍ഹിക പീഡനനിരോധനനിയമമനുസരിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഗാര്‍ഹികപീഡന നിരോധന നിയമമനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെടുമെന്ന് കണ്ടാണ് യാമിനിയെ പരസ്യമായി അധിക്ഷേപിച്ചു നടന്ന ഗണേശന്‍ സന്ധിസംഭാഷണത്തിന് രംഗത്തുവന്നത്. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ യാമിനി അഗീകരിച്ചാല്‍ കേസ് ഇല്ലാതാകും. അതോടെ മന്ത്രിപദവി തിരിച്ചുകൊടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നാണ് വിവരം. മന്ത്രിസ്ഥാനമൊഴിഞ്ഞതിന് പറഞ്ഞ ധാര്‍മികത എന്ന ന്യായം എംഎല്‍എ സ്ഥാനത്തിന് ബാധകമായിട്ടില്ല. എംഎല്‍എ പദവി ഒഴിയേണ്ടെന്ന നിലപാടിനു പിന്നില്‍ മന്ത്രിയായുള്ള മടങ്ങിവരവ് തന്നെയാണ് ഉന്നം. കേസ് തുടര്‍ന്നാല്‍, യാമിനിയുടെ പരാതി കൈപ്പറ്റാതെ മടക്കിഅയയ്ക്കുകയും സ്വത്ത് വീതംവയ്പ് കരാറുണ്ടാക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നില പരുങ്ങലിലാകും. യാമിനിയുടെ ഹര്‍ജിയില്‍ മുഖ്യമന്ത്രി കാട്ടിയ വിശ്വാസവഞ്ചന വിശദമായി വിവരിച്ചിട്ടുണ്ട്. മുഖ്യ മധ്യസ്ഥവേഷമണിഞ്ഞ ഷിബു ബേബിജോണിന്റെ നിലയും പരുങ്ങലിലാകും. ഇത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ തിരക്കിട്ട നീക്കങ്ങള്‍.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗണേശിന് വഴിവിട്ട ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറ് സ്ത്രീകളുടെ പേര് യാമിനി എടുത്തു പറയുന്നുണ്ട്. സ്വര്‍ണാഭരണം വാങ്ങിക്കൊടുത്തതും വന്‍തുക കൈമാറിയതുമൊക്കെ തെളിവ് സഹിതം വിവരിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്ന് നല്‍കിയ 180 പവന്‍ വിറ്റുതുലച്ചെന്നും ഹര്‍ജിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്്.

ഗണേശ് ക്രൂരമായി മര്‍ദിച്ചെന്ന് യാമിനി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി

തിരു: ഗണേശ്കുമാര്‍ ക്രൂരമായി മര്‍ദിച്ചതായി യാമിനി തങ്കച്ചി ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി. 16 വര്‍ഷമായി ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും നിരവധി പരസ്ത്രീകളുമായി ഗണേശന് ബന്ധമുണ്ടെന്നും യാമിനി വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കും മ്യൂസിയം പൊലീസിനും നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ യാമിനി ക്രൈംബ്രാഞ്ച് എസ്പി ഉമ ബെഹ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. വഴുതക്കാട്ടെ വസതിയിലെത്തിയാണ് യാമിനിയില്‍നിന്നു മൊഴിയെടുത്തത്. ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയും എസ്പിക്കൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിച്ച മൊഴി രേഖപ്പെടുത്തല്‍ വൈകിട്ട് അഞ്ചുവരെ നീണ്ടു.

ഗണേശനുമായി ബന്ധമുള്ള സ്ത്രീകളെ സംബന്ധിച്ച വിശദാംശങ്ങള്‍ യാമിനി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഫെബ്രുവരി 22ന് തന്റെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് ഗണേശിനെ കാണാനെത്തിയതും ഇരുവരും തമ്മിലുണ്ടായ കശപിശയും യാമിനി വിവരിച്ചു. അയാളുടെ ഭാര്യയും ഗണേശും തമ്മിലുള്ള അവിഹിത ബന്ധത്തെ കുറിച്ചാണ് സംസാരിച്ചത്. ഗണേശ്ആ യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയതിനെ കുറിച്ചും അയാള്‍ ചോദിച്ചു. തുടര്‍ന്ന്, ഗണേശ് അയാളുടെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിച്ചു. ഇതില്‍ മനംനൊന്ത് താന്‍ മുകളിലത്തെ നിലയിലേക്കു പോയി. പിന്നീട് തിരികെയെത്തി വിവരം ചോദിച്ചപ്പോള്‍ ഗണേശ് അടിച്ചു. ചവിട്ടി വീഴ്ത്തി. കൈക്കും കാലിനും പരിക്കേറ്റു. ഗണേശന്റെ സഹോദരി ബിന്ദുവും ഭര്‍ത്താവ് ടി ബാലകൃഷ്ണനും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും യാമിനി മൊഴി നല്‍കി. ഗണേശിന്റെ പരസ്ത്രീ ബന്ധം കാരണം 16 വര്‍ഷമായി മാനസികവും ശാരീരികവുമായ പീഡനം സഹിക്കുകയാണ്. വിവാഹം കഴിഞ്ഞ ദിവസം തന്നെ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ച് അറിഞ്ഞു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം മര്‍ദിക്കുമായിരുന്നു. മക്കള്‍ക്ക് വേണ്ടി എല്ലാം സഹിക്കുകയായിരുന്നുവെന്ന് യാമിനി പറഞ്ഞു.

ഔദ്യോഗിക വസതി മുഖ്യമന്ത്രി ഗൂഢാലോചനാ കേന്ദ്രമാക്കി: വി എസ്

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഔദ്യോഗികവസതി ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള കേന്ദ്രമാക്കി മാറ്റിയതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രി ഗണേശ്കുമാറില്‍നിന്ന് ക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയായ ഡോ. യാമിനി തങ്കച്ചിയെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി ഔദ്യോഗികവസതി ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്ന് വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡോ. യാമിനിയുടെ പരാതി വാങ്ങാതെ തിരിച്ചയക്കുക മാത്രമല്ല; മറിച്ച് ഒരിക്കലും പരാതി നല്‍കില്ലെന്ന് രേഖാമൂലം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പലതവണ ക്ലിഫ്ഹൗസില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചര്‍ച്ചനടത്തിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും മുഖ്യ മധ്യസ്ഥരായി പ്രവര്‍ത്തിച്ച് കേസ് തേച്ചുമായ്ച്ചുകളയാനും സ്വത്ത് വീതംവയ്പിനും കേസ് രാജിയാക്കുന്നതിനുള്ള നഷ്ടപരിഹാരം നല്‍കുന്നതിനും മുദ്രക്കടലാസില്‍ രേഖയുണ്ടാക്കി. യാമിനിയുടെ പരാതിയില്‍ ഗണേശിനെതിരെ ഗാര്‍ഹികപീഡനം സംബന്ധിച്ച വകുപ്പ് ചേര്‍ത്ത് കേസെടുത്തില്ലെന്ന് മാത്രമല്ല, ഇരയായ യാമിനിക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു. ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഗണേശ്കുമാറിനെ സംരക്ഷിക്കുകയും ഇരയായ യാമിനിയെ കബളിപ്പിക്കുകയും കേസില്‍ പ്രതിയാക്കുകയുംചെയ്ത മുഖ്യമന്ത്രിയാണ് സംഭവത്തിലെ യഥാര്‍ഥ ഉത്തരവാദി. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും വി എസ് ആവശ്യപ്പെട്ടു.

എല്ലാം ഉമ്മന്‍ചാണ്ടിക്ക് അറിയാം: ഗണേശ്

തിരു: യാമിനിക്കെതിരായ നടപടികളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് താന്‍ സ്വീകരിച്ചതെന്ന് കെ ബി ഗണേശ് കുമാര്‍ മാതൃഭൂമി ചാനലിന്റെ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതോടെ കേസില്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഗൂഢഇടപെടലുകള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ്: സുധ സുന്ദര്‍രാമന്‍

കോഴിക്കോട്: കെ ബി ഗണേശ്കുമാറില്‍നിന്ന് ഭാര്യ ഡോ. യാമിനി തങ്കച്ചിക്ക് പീഡനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദര്‍രാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രക്ഷിതാവെന്ന് കരുതി നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് യാമിനി മുഖ്യമന്ത്രിയെ സമീപിച്ചത്. ഗണേശില്‍ നിന്നുണ്ടായ ക്രൂരമര്‍ദനങ്ങള്‍ വിവരിച്ചിട്ടും ഗണേശിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രി ഇടപെട്ട് രൂപംനല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥപോലും ലംഘിക്കപ്പെട്ടു. യാമിനിക്കെതിരെ കേസ് കൊടുക്കാന്‍ ഗണേശിന് സൗകര്യമൊരുക്കി. ഗാര്‍ഹികപീഡന നിരോധനനിയമപ്രകാരം സ്ത്രീക്ക് ലഭിക്കേണ്ട സംരക്ഷണമാണ് മുഖ്യമന്ത്രി നിഷേധിച്ചത്. ഇത്ര ഗുരുതരപ്രശ്നമുണ്ടായിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത് ഞെട്ടലുളവാക്കുന്നു. സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന്റെ പങ്ക് വെളിവായിട്ടും നടപടിയെടുക്കാത്ത മുഖ്യമന്ത്രി സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശം പോലും നിഷേധിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യം നടുങ്ങിയിരിക്കെയാണ് കേരളത്തില്‍ മന്ത്രിയുടെ സ്ത്രീപീഡനം വെളിപ്പെടുന്നത്. മന്ത്രിയുടെ ഔദ്യോഗിക ഓഫീസാണ് പീഡനകേന്ദ്രമായത്. രാജികൊണ്ടുമാത്രം പ്രശ്നം തീരില്ല. വെറും കുടുംബപ്രശ്നമായി ഇതിനെ ചുരുക്കിക്കാണിക്കാനുള്ള ശ്രമം അപലപനീയമാണ്. മുഖ്യമന്ത്രി വഞ്ചിച്ചെന്ന് യാമിനി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. യാമിനിക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ എല്ലാ സഹായവും നല്‍കും. ഉന്നതര്‍ ഇടപെട്ട് യാമിനിക്ക് നീതി നിഷേധിക്കുന്നതിനെ ചെറുക്കും. മുഖ്യമന്ത്രി ഉള്‍പ്പെട്ട നിയമലംഘനത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം. പ്രശ്നം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരും. നിയമനടപടികള്‍ ശരിയായ രീതിയില്‍ തുടര്‍ന്നില്ലെങ്കില്‍ മറ്റു മഹിളാ സംഘടനകളുമായി യോജിച്ച് ശക്തമായ പ്രക്ഷോഭത്തിന് രൂപംനല്‍കുമെന്നും സുധ സുന്ദര്‍രാമന്‍ വ്യക്തമാക്കി. പി കെ ശ്രീമതി, അഡ്വ. പി സതീദേവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment