പഞ്ചസാര വിലനിയന്ത്രണം നീക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വന്‍ സാമ്പത്തികബാധ്യതയാകും. റേഷന്‍ വിതരണത്തിന് സംസ്ഥാനങ്ങള്‍ പൊതുവിപണിയില്‍നിന്ന് വാങ്ങുന്ന പഞ്ചസാരയ്ക്ക് കിലോയ്ക്ക് 18.50 രൂപവരെ മാത്രമേ കേന്ദ്രം സബ്സിഡി നല്‍കൂ. അതായത് പൊതുവിപണിയില്‍ 32 രൂപയ്ക്കുമേല്‍ എത്ര വില ഉയരുന്നുവോ ആ തുക സംസ്ഥാനങ്ങള്‍തന്നെ മുടക്കണം. മാത്രമല്ല 2014 സെപ്തംബര്‍വരെ മാത്രമേ റേഷന്‍ പഞ്ചസാരയ്ക്ക് കേന്ദ്രം സബ്സിഡി നല്‍കൂ. ഇതിനുശേഷം റേഷന്‍ കടകള്‍വഴിയുള്ള പഞ്ചസാര വിതരണം നിലയ്ക്കാനാണ് സാധ്യത. മില്ലുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചസാരയുടെ പത്തുശതമാനം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ കടകള്‍വഴി വിതരണം ചെയ്യാന്‍ ഇതുവരെ സര്‍ക്കാരിന് നല്‍കിയിരുന്നു. ലെവി സമ്പ്രദായം നിര്‍ത്തലാക്കിയതോടെ റേഷന്‍ വിതരണത്തിനുള്ള പഞ്ചസാര ഇനി സംസ്ഥാനങ്ങള്‍ പൊതുവിപണിയില്‍നിന്ന് വാങ്ങണം. നിലവില്‍ 13.50 രൂപയ്ക്കാണ് ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത്.
നിയന്ത്രണം നീക്കിയതിന് തൊട്ടുപിന്നാലെ പൊതുവിപണിയില്‍ പഞ്ചസാരവിലയില്‍ ക്വിന്റലിന് 50 രൂപയുടെവരെ വര്‍ധനയാണ് വന്നിരിക്കുന്നത്. വരുംദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. ഈ പ്രവണത തുടര്‍ന്നാല്‍ റേഷന്‍ പഞ്ചസാര സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തികബാധ്യതയാകും. ഒന്നുകില്‍ റേഷന്‍ പഞ്ചസാരയുടെ വില വര്‍ധിപ്പിക്കുകയോ അതല്ലെങ്കില്‍ അധികം വരുന്ന തുക മടികൂടാതെ മുടക്കുകയോ മാത്രമാകും മാര്‍ഗം. 2014 സെപ്തംബറില്‍ കേന്ദ്ര സബ്സിഡി അവസാനിക്കുമ്പോള്‍ റേഷന്‍ പഞ്ചസാര വിതരണം എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യവുമുണ്ട്. പിന്നീട് സബ്സിഡി ചെലവ് സംസ്ഥാനങ്ങള്‍തന്നെ പൂര്‍ണമായി വഹിക്കേണ്ടിവരും. കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത്ര വലിയ ബാധ്യത അസാധ്യമാകുമെന്നതിനാല്‍ റേഷന്‍ പഞ്ചസാര വിതരണംതന്നെ നിലയ്ക്കാനാണ് സാധ്യത. പിന്നീട് ബിപിഎല്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും പഞ്ചസാരയ്ക്ക് പൊതുവിപണിയെ ആശ്രയിക്കേണ്ടിവരും.
പൊതുവിപണിയിലേക്ക് പഞ്ചസാര ഇറക്കുന്നതില്‍ മില്ലുടമകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം സര്‍ക്കാര്‍ നീക്കിയതും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്. വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചും മറ്റും വില ഉയര്‍ത്താന്‍ ഇതുവഴി കോര്‍പറേറ്റ് മില്ലുടമകള്‍ക്ക് അവസരം ലഭിക്കും. സര്‍ക്കാര്‍തീരുമാനം വന്നതിന് തൊട്ടുപിന്നാലെ പഞ്ചസാരയുടെ അവധിവ്യാപാരവില ഉയര്‍ന്നതും വന്‍കിട മില്ലുകളുടെ ഓഹരിവില കുതിച്ചുയര്‍ന്നതും മില്ലുടമകള്‍ക്ക് എത്രമാത്രം നേട്ടമുണ്ടാകുമെന്നതിന് തെളിവാണ്. നിയന്ത്രണം ഭാഗികമായിമാത്രമാണ് നീക്കിയതെന്നും ഇത് വിപണിവില ഉയരാന്‍ ഇടയാക്കില്ലെന്നുമാണ് ഭക്ഷ്യ സഹമന്ത്രി കെ വി തോമസ് അവകാശപ്പെടുന്നത്. നിയന്ത്രണം നീക്കിയതോടെ വിപണിയിലേക്ക് കൂടുതല്‍ പഞ്ചസാര വരുമെന്നും വിലകള്‍ സ്വാഭാവികമായും ഇപ്പോഴത്തെ നിരക്കില്‍തന്നെ തുടരുമെന്നും മന്ത്രി അവകാശപ്പെടുന്നു.
deshabhimani 060413
No comments:
Post a Comment