Saturday, April 6, 2013

കാലാവസ്ഥ പഠന ഗവേഷണ അക്കാഡമി പൂട്ടി


കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കാലാവസ്ഥവ്യതിയാന പഠന-ഗവേഷണ അക്കാഡമി അടച്ചുപൂട്ടി. യോഗ്യരായ അധ്യപകരെ നിയമിക്കണമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഇതിനിടയിലാണ് മുന്നറിയിപ്പില്ലാതെ സ്ഥാപനം പൂട്ടി വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ വിടാന്‍ ആവശ്യപ്പെട്ടത്. ലക്ഷങ്ങള്‍ മുടക്കി പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ഥികള്‍ പെരുവഴിയിലായി. അനാവശ്യ സമരം തുടരുന്നതിനാലാണ് സ്ഥാപനം പൂട്ടുന്നതെന്ന് അക്കാദമി സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ടി എന്‍ ജഗദീഷ്കുമാര്‍ പറഞ്ഞു.

2010ല്‍ തുടങ്ങിയ അക്കാഡമിയില്‍ പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ. പ്രസാദറാവുവായിരുന്നു മേധാവി. അദ്ദേഹം വിരമിച്ചശേഷം കാലാവസ്ഥശാസ്ത്രത്തില്‍ യോഗ്യതയുള്ളവരെയാരെയും തലപ്പത്തു നിയമിച്ചില്ല. ആവശ്യത്തിന് അധ്യാപകരുമില്ല. അഞ്ച് അധ്യാപകരെ നിയോഗിച്ചുവെങ്കിലും മൂന്നുപേര്‍ ഒഴിഞ്ഞു. ഡോ. റാവുവിന്റെ കാലത്ത് പുറമെനിന്ന് ഫാക്കല്‍റ്റിയെ നിയോഗിച്ചിരുന്നു. ഡോ. റാവുവിനെ കണ്‍സല്‍ട്ടന്റ് ആയി നിയമിക്കണമെന്നും വിഷയവുമായി ബന്ധമില്ലാത്ത സ്പെഷ്യല്‍ ഓഫീസറെ മാറ്റണമെന്നും അടിയന്തരമായി അധ്യാപകെ നിയമിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന ആളെ സ്പെഷ്യല്‍ ഓഫീസറാക്കില്ലെന്ന് അധികൃതര്‍. ഡോ. പ്രസാദറാവുവിനെ കണ്‍സല്‍ട്ടന്റാക്കാന്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

മൂന്നു ബാച്ചിലായി 58 വിദ്യാര്‍ഥികളാണുള്ളത്. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്സി കോഴിന് അഞ്ചുലക്ഷം രൂപയാണ് ഫീസ്. യോഗ്യതയുള്ള അധ്യാപകരില്ലാത്തതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സിലബസ് പൂര്‍ത്തിയാക്കാനാവാത്ത സ്ഥിതിയാണെന്നും കഴിഞ്ഞ സെമസ്റ്റര്‍ പരീക്ഷ മാറ്റേണ്ടിവന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ വിദ്യാര്‍ഥികള്‍ക്ക് വൈസ് ചാന്‍സലര്‍ അടക്കമുള്ളവര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരം പുനരാരംഭിച്ചത്. സമരം ശക്തമാക്കുമെന്നും ഹോസ്റ്റലില്‍നിന്ന് ഒഴിയില്ലെന്നും സ്റ്റുഡന്റ് യൂണിയന്‍ ചെയര്‍മാന്‍ അബ്ദുള്‍നിയാസ് പറഞ്ഞു. സമരത്തിന് രക്ഷകര്‍ത്താക്കള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പിടിഎ പ്രസിഡന്റ് പി ഒ അബ്രഹാം പറഞ്ഞു.

deshabhimani 060413

No comments:

Post a Comment