കോഴിക്കോട്: പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാകണം കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ടതെന്ന് പ്രശസ്ത ആര്‍ക്കിടെക്ട് പ്രൊഫ. യതിന്‍ പാണ്ഡ്യ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സന്നദ്ധസേവന വിഭാഗമായ യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച "നഗരവികസനവും പരിസര നിര്‍മിതിയും" എന്ന ദേശീയ സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുക്കടുക്കായുള്ള കെട്ടിട നിര്‍മാണം അസൗകര്യം വര്‍ധിപ്പിക്കുകയേ ഉള്ളൂ. വായുസഞ്ചാരം ഇല്ലാത്ത രീതിയിലുള്ള കെട്ടിട നിര്‍മാണം ശരിയായ നഗരവത്കരണമല്ല. വിദേശ രാജ്യങ്ങളില്‍ ആസൂത്രിതമായ രീതിയില്‍ തുറസായ സ്ഥലങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള നഗരവത്കരണമാണ് നടന്നിട്ടുള്ളത്. നഗരത്തിലെ വീട് നിര്‍മാണത്തിലും ഏറെ ശ്രദ്ധിക്കാനുണ്ട്. വീട് നിര്‍മിക്കുന്ന സ്ഥലം, കെട്ടിടത്തിന്റെ മാതൃക, ആകൃതി എന്നിവയ്ക്കെല്ലാം പ്രാധാന്യമുണ്ട്. സ്ഥലപരിമിതിയാണ് നഗരവികസനം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. രൂപകല്‍പനയിലെ പാളിച്ചയും നഗരവികസനത്തിന് തടസമാകുന്നു. വിദേശ രാജ്യങ്ങളിലേതുപോലെ കൃത്യമായ ആസൂത്രണത്തോടെ നഗരവികസനം നടപ്പാക്കണമെന്ന് വിവിധ വിഷയങ്ങളില്‍ സംസാരിച്ചവര്‍ പറഞ്ഞു. നഗര ഗതാഗതം, പൊതുസ്ഥലങ്ങളുടെ വികസനം, നഗരത്തിലെ പാര്‍പ്പിട സംവിധാനം തുടങ്ങിയവയെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു. ആര്‍ക്കിടെക്ടുകള്‍, സിവില്‍ എന്‍ജിനിയര്‍മാര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. യുഎല്‍ പ്ലാനിങ് ആന്‍ഡ് ഡിസൈനിങ് സെല്ലിന്റെയും ആര്‍ക്കിടെക്ടര്‍ സ്ഥാപനമായ ബ്യൂറോ ഡാപ് ന്യൂയോര്‍ക്കിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എന്‍ഐടി കലിക്കറ്റ് ആര്‍ക്കിടെക്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി പ്രൊഫ. പി പി അനില്‍കുമാര്‍, എ ആര്‍ രജിന, ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ചര്‍ താര സഹരണ്‍, യുഎല്‍ സൈബര്‍ പാര്‍ക്ക് സിഇഒ പി ഗോപിനാഥ്, യുഎല്‍ പ്ലാനിങ് ആന്‍ഡ് ഡിസൈനിങ് സെല്‍ പ്രിന്‍സിപ്പല്‍ രാജേഷ് രാജശേഖരന്‍ തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. കോഴിക്കോട്ടെ മാനേജ്മെന്റ് വിദഗ്ധരും പ്രമുഖ വ്യക്തികളും പങ്കെടുത്ത മുഖാമുഖവും ഉണ്ടായി.
deshabhimani 210413
No comments:
Post a Comment