Sunday, April 7, 2013

ചന്ദ്രശേഖരന്‍ വധക്കേസ്: സാക്ഷിയുടെ ആര്‍എംപി ബന്ധം കോടതിയില്‍ വെളിവായി


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സാക്ഷിയുടെ ആര്‍എംപി ബന്ധം പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ തുറന്നുകാട്ടി. 48-ാം സാക്ഷിയായി പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി വിസ്തരിച്ച കുഞ്ഞിപ്പള്ളി പരവന്റെവളപ്പില്‍ പ്രകാശന്റെ ആര്‍എംപി ബന്ധമാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. ആര്‍എംപിയുടെ അഴിയൂര്‍ ലോക്കല്‍ സെക്രട്ടറിയും റെഡ് വളണ്ടിയര്‍ ഒഞ്ചിയം ഏരിയാ ക്യാപ്റ്റനുമാണ് സാക്ഷിയെന്ന് പ്രതിഭാഗം വാദിച്ചു. ആര്‍എംപിക്കാരനും വളണ്ടിയര്‍ ക്യാപ്റ്റനുമാണെന്ന് തെളിയിക്കുന്ന മൂന്ന് ഫോട്ടോകള്‍ പ്രതിഭാഗം ഇയാളെ കാണിച്ചെങ്കിലും സ്വന്തം ഫോട്ടോപോലും തിരിച്ചറിയാനായില്ല. അതേസമയം ചിത്രങ്ങളില്‍ ചന്ദ്രശേഖരനെയും ബാനറിലെ എഴുത്തും ഇയാള്‍ക്ക് മനസ്സിലായി. ഒരേ ചിത്രത്തില്‍ത്തന്നെ ചിലരെ മനസ്സിലായപ്പോള്‍ സ്വന്തം മുഖം തിരിച്ചറിയാനാകുന്നില്ലെന്ന് പറഞ്ഞത് വിരോധാഭാസമായി.

കെ സി രാമചന്ദ്രന്‍ കറുത്തുമെലിഞ്ഞ ആള്‍ക്ക് പണമടങ്ങിയ കവര്‍ നല്‍കുന്നത് കണ്ടു എന്ന് പൊലീസിന് കൊടുത്ത മൊഴി കോടതിയിലെത്തിയപ്പോള്‍ കവര്‍ "കടലാസ് പൊതി" ആയി. സ്വന്തം ചിത്രംപോലും മനസ്സിലാക്കാന്‍ സാധിക്കാത്ത സാക്ഷി ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് അവകാശപ്പെടുന്ന പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞതും കൗതുകമായി. താന്‍ ആര്‍എംപി ലോക്കല്‍ സെക്രട്ടറിയും ഒഞ്ചിയം ഏരിയാ വളണ്ടിയര്‍ ക്യാപ്റ്റനുമല്ലെന്നും ഇയാള്‍ മൊഴി നല്‍കി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതില്‍ അമര്‍ഷമോ വിദ്വേഷമോ ഇല്ലെന്നാണ് ആര്‍എംപിക്കാരനായ സാക്ഷി ജഡ്ജി ആര്‍ നാരായണപിഷാരടി മുമ്പാകെ പറഞ്ഞത്. ആര്‍എംപി രൂപീകരിച്ച വര്‍ഷം അറിയില്ലെന്നും ഇത്തരത്തില്‍ ഒരു പാര്‍ടി ഉണ്ടെന്ന് വായിച്ചും കേട്ടുമാണ് മനസ്സിലാക്കിയതെന്നും സാക്ഷി പറഞ്ഞു.

ആര്‍എംപി നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഇയാള്‍ കോടതിയില്‍ കള്ളമൊഴി നല്‍കുകയാണെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും ഹാജരായി. കേസിന്റെ തുടര്‍ വിസ്താരം ചൊവ്വാഴ്ച നടക്കും. കേസ് ഡയറിയിലെ 96 മുതല്‍ 101 വരെയുള്ള സാക്ഷികളെയാണ് അന്ന് വിസ്തരിക്കുക. 102 മുതല്‍ 106 വരെ 10നും 107 മുതല്‍ 111 വരെ 11നും 112 മുതല്‍ 118 വരെ 12നും വിസ്തരിക്കും.

deshabhimani 070413

No comments:

Post a Comment