പണക്കാരന്റെ ഇന്ധനം എന്ന നിലയില്‍ പെട്രോളിന് സബ് സിഡി എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാരിന് പറ്റില്ലന്നു പഠനം. രാജ്യത്ത് വില്‍ക്കുന്ന പെട്രോളിന്റെ 62 ശതമാനവും ഉപയോഗിക്കുന്നത് സാധാരണക്കാരന്റെ വാഹനമെന്നു വിലയിരുത്തുന്ന ഇരുചക്രവാഹനങ്ങളിലാണന്ന് പെട്രോളിയം മന്ത്രാലയത്തിനു വേണ്ടി പെട്രോളിയം അനാലിസിസ് സെല്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ആഭ്യന്തര എണ്ണ വിപണിയെ നിയന്ത്രിക്കാന്‍ എന്തുചെയ്യണമെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ ഇത്തരമൊരു സര്‍വ്വേ നടത്തിയത്.
വെറും 27 ശതമാനം പെട്രോള്‍ മാത്രമേ ഇന്ത്യയിലെ കാറുകളില്‍ ഉപയോഗിക്കുന്നുള്ളൂ. ആറ് ശതമാനം ഓട്ടോറിക്ഷ പോലുള്ള മുച്ചക്ര വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ പ ണക്കാരന്റെ ഇന്ധനമെന്ന് പറഞ്ഞ് ഇനി സര്‍ക്കാരിന് പെട്രോളിന്റെ സബ്‌സിഡി നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് സാരം.
രാജ്യത്തെ പെട്രോള്‍ ഉപഭോഗം ഏതാണ് 1.6 കോടി ടണ്‍ ആയി ഉയര്‍ന്നു കഴിഞ്ഞു. യൂട്ടിലിറ്റി വാഹനങ്ങളുടെ പെട്രോള്‍ ഉപഭോഗം നാലു ശതമാനം ആണ്. തീരദേശങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങള്‍ പെട്രോള്‍ വാങ്ങി മറിച്ചു വില്‍ക്കാനായി സൂക്ഷിക്കുന്നൂവെന്നും പഠനത്തില്‍ കണ്ടെത്തി. അസ്സാം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ജനറേറ്ററുകള്‍ തുടങ്ങിയ യന്ത്രോപകരണങ്ങള്‍ക്കും വലിയ തോതില്‍ പെട്രോള്‍ ഉപയോഗിക്കുന്നു. പെട്രോള്‍ ഉപഭോഗം കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ഉള്ള കാലയളവില്‍ 9.5 ശതമാനം വര്‍ധിച്ച് 347,432 കോടി രൂപയായി. സബ്‌സിഡിയായി 180,000 കോടി രൂപ ചിലവഴിച്ചു. ഈ സാഹചര്യത്തിലാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര എണ്ണ ഉപഭോഗത്തെ കുറിച്ച് പഠനം നടത്തിയത്.
ഡീസലിന്റെ കാര്യത്തില്‍ 66 ശതമാനം ചരക്ക് ഗതാഗതത്തിനും പൊതു ഗതാഗത സംവിധാനങ്ങള്‍ക്കും ആണ് ഉപയോഗിക്കുന്നത്. 19 ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. കാറിന്റേയും മറ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടേയും ഡീസല്‍ ഉപയോഗം മുമ്പത്തേതിനെ അപേക്ഷിച്ച് 19 ശതമാനം കൂടിയിട്ടുണ്ടെന്നും പഠനം കണ്ടെത്തുന്നു.
ജനങ്ങള്‍ നാലു ചക്ര വാഹനങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങള്‍ അധികമായി ഇറക്കുമതി ചെയ്യേണ്ടി വരുന്നത് എന്നതായിരുന്നു സര്‍ക്കാരിന്റെ വാദം . അത് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയെന്നും പെട്രോളിയം മന്ത്രി പ്രസ്താവന ഇറക്കിയിരുന്നു.
janayugom
No comments:
Post a Comment