വെറുതെ പാഴാക്കി കളയുന്ന പേപ്പറും മാസികയും ശേഖരിച്ച് പേപ്പര്‍ പേനകളൊരുക്കുകയാണ് ലക്ഷ്മി. പ്ലാസ്റ്റിക് പേനയ്ക്കുപകരം പേപ്പര്‍ പേന നിര്‍മിച്ച് വിപണിയിലെത്തിച്ച് പരിസ്ഥിതിസംരക്ഷണവും ജീവകാരുണ്യപ്രവര്‍ത്തനവും ചേര്‍ത്തുവയ്ക്കുകയാണിവര്‍. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട് വീല്‍ച്ചെയറില്‍ കഴിയുന്നവര്‍ക്ക് തൊഴില്‍പരിശീലനം നല്‍കി ലക്ഷ്മി നാട്ടിലും വീട്ടിലും വലിയൊരു മാറ്റത്തിന് തിരിതെളിക്കുകയാണ്.
റബര്‍ബോര്‍ഡില്‍ കമീഷണറായിരുന്ന കാഞ്ഞിരമറ്റം കുലയറ്റിക്കര പരിയാരത്ത് ശ്രീലക്ഷ്മിയില്‍ പി കെ നാരായണന്റെയും ശ്രീദേവിയുടെയും മകളാണ് മുപ്പത്തൊമ്പതുകാരിയായ ലക്ഷ്മി. അമേരിക്കയില്‍ ജോലി തേടിപ്പോയ ലക്ഷ്മി അവിടെ ജ്വല്ലറി ഡിസൈനിങ്ങിലും പരിശീലനം നേടി. അതിനുശേഷം സാന്‍ഫ്രാന്‍സിസ്കോയിലെ ഗ്യാലറിയില്‍ ആര്‍ട്ടിസ്റ്റായി ജോലി തുടങ്ങി. പത്തുവര്‍ഷത്തിനുശേഷം നാട്ടില്‍ അവധിക്കെത്തിയപ്പോഴാണ് കൗതുകമെന്ന നിലയില്‍ പേപ്പര്‍ പേന നിര്‍മാണത്തിലേക്ക് കടന്നത്. ഇത് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് മനസ്സിലാക്കിയതോടെ ഒമ്പതുപേര്‍ക്ക് പരിശീലനം നല്‍കി. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി മുളന്തുരുത്തിയിലുള്ള സ്വാശ്രയ സംഘത്തിലെ ബീന, ഗോപന്‍, റെജി, പ്രസീല്‍, സ്റ്റെല്ലസ്, ശശി, പ്രദീപ്, ബൈജു, രാജു എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. അപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ടവരാണിവര്‍.
റീഫില്ലിനുചുറ്റും പശതേച്ച് മാസികകളുടെ പേജുകള്‍ ഭംഗിയായി ചുറ്റിപ്പിടിപ്പിച്ചാണ് പേന നിര്‍മിക്കുന്നത്. സ്വാശ്രയ പ്രവര്‍ത്തകര്‍ക്കൊപ്പം ലക്ഷ്മിയുടെ അമ്മയും അമ്മൂമ്മയുമാണ് ഇവരെ പ്രധാനമായി സഹായിക്കുന്നത്. "പ്യുര്‍ ലിവിങ്"എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന പേനയ്ക്ക് എട്ടുരൂപയാണ്. പേന നിര്‍മാണത്തിനായി ഒരു ഉപകരണവും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതിന്റെ പേറ്റന്റിനായി കാത്തിരിക്കുകയാണിവര്‍.
deshabhimani
No comments:
Post a Comment