Wednesday, September 25, 2013

സ്വര്‍ണക്കടത്ത്: കുടുങ്ങാനുള്ളത് പ്രധാനികള്‍

വിമാനത്താവളംവഴിയുള്ള സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രധാന പ്രതി ഫയാസുമായി അടുത്ത ബന്ധമുള്ളവരും കള്ളക്കടത്തിനു സഹായിച്ചവരുമുള്‍പ്പെടെ ഉന്നതര്‍ കുടുങ്ങിയേക്കുമെന്ന് സൂചന. സ്വര്‍ണകള്ളക്കടത്ത് നടത്താന്‍ ഒത്താശചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു. ഫയാസിന്റെ ഫേസ്ബുക്, ഫോണ്‍രേഖകള്‍ പരിശോധിച്ചതിലൂടെ ഇയാളുമായി അടുത്ത ബന്ധമുള്ള പൊലീസ്, കസ്റ്റംസ് ഉന്നതരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമീഷണര്‍ അടക്കമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായും രാഷ്ടീയ-സിനിമാരംഗത്തെ പ്രമുഖരുമായും ഇയാള്‍ക്കുള്ള ബന്ധം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ജിക്കുമോനുമായി ഫയാസിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന രേഖകളും കസ്റ്റംസിന് ലഭിച്ചു. കോട്ടയം താഴത്തങ്ങാടി കേന്ദ്രീകരിച്ച് ഗുണ്ടാ- ബ്ലേഡ് മാഫിയ ബന്ധങ്ങളെക്കുറിച്ചും അന്വേഷണമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇപ്പോഴുമുള്ള മറ്റൊരു ഉന്നതനുമായും ഫയാസിന് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

ദുബായിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഡല്‍ഹിയില്‍നിന്ന് ഫയാസിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 19നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പര്‍ദധരിച്ചെത്തിയ രണ്ടു സ്ത്രീകളില്‍നിന്ന് 20 കിലോ സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്തിന് ഒത്താശചെയ്തതായി ഫയാസും പിടിയിലായ സ്ത്രീകളും ചോദ്യംചെയ്യലില്‍ സമ്മതിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ സിസി ടിവി ക്യാമറദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പലരും നിരീക്ഷണത്തിലാണ്. ഇവരുടെ ഫോണ്‍വിളിയുടെ വിവരങ്ങളും യാത്രാരേഖകളും കസ്റ്റംസ് പരിശോധിച്ചുവരികയാണ്. ഇതുവരെ സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍മാര്‍ മാത്രമാണ് പിടിയിലായിരുന്നതെന്നും നേതൃത്വംനല്‍കുന്നവര്‍ പിടിയിലാകുന്നത് ആദ്യമായാണെന്നും കസ്റ്റംസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദേശീയപ്രാധാന്യമുള്ള വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ കേസുകളില്‍ സിബിഐക്ക് സ്വയം അനേഷിക്കാന്‍ അധികാരമുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെയും അവര്‍ ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്സിന്റെ ഗോള്‍ഡ് കാര്‍ഡ് കൈവശമുള്ള ഫയാസിന് വിമാനത്താവളങ്ങളില്‍ ഒട്ടേറെ സൗജന്യങ്ങള്‍ ലഭിച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരും ഇയാള്‍ക്കായി സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നു.
(സി എന്‍ റെജി)

സഹായികള്‍ പൊലീസും കസ്റ്റംസും

തലശേരി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മാഹി ഈസ്റ്റ്പള്ളൂരിലെ തൊണ്ടന്റവിട ഫയാസിന് ഹവാല ഇടപാടിനും സ്വര്‍ണക്കടത്തിനും സഹായംനല്‍കിയത് ഉന്നത പൊലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥര്‍. കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കളുമായും അടുത്തബന്ധമുണ്ട്. ഈ ബന്ധങ്ങളാണ് വിമാനത്താവളത്തിലെ ഗ്രീന്‍ചാനല്‍ വഴി ടണ്‍കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് കടത്താന്‍ തുണയായത്.

1998ല്‍ ഹരിയാനയില്‍നിന്ന് മോഷ്ടിച്ച എച്ച്ആര്‍ 52 എ 250 നമ്പര്‍ ടാറ്റാസുമോ വ്യാജരേഖയുണ്ടാക്കി വിറ്റതാണ് ഫയാസിന്റെ പുറംലോകമറിഞ്ഞ ആദ്യതട്ടിപ്പ്. വാഹനമോഷണത്തില്‍ തുടങ്ങി സ്വര്‍ണക്കടത്തിലേക്ക് വളര്‍ന്ന ഇയാള്‍ കുറഞ്ഞ കാലംകൊണ്ടാണ് വന്‍ ബിസിനസ് ശൃംഖല പടുത്തുയര്‍ത്തിയത്. ഒന്നുമില്ലായ്മയില്‍നിന്ന് അമ്പരപ്പിക്കുന്ന വളര്‍ച്ച! തലശേരി-മുംബൈ ടൂറിസ്റ്റ് ബസ് ഡ്രൈവറായ തൊണ്ടന്റവിട അബ്ദുള്‍കാദറിന്റെ മകനാണ് ഫയാസ്. ബിപിഎല്‍ മൊബൈല്‍ഫോണിന്റെ മാര്‍ക്കറ്റിങ് ഏജന്റായിരുന്നു ആദ്യം. തുടര്‍ന്ന് വാഹന ഇടപാടായി. ഇതുവഴി പൊലീസ് ഉന്നതരുമായി ബന്ധം വളര്‍ത്തി. പൊലീസ് ഓഫീസര്‍മാരുടെയും ഭരണരാഷ്ട്രീയത്തിലെ ഉന്നതരുടെയും ഇഷ്ടം അനുസരിച്ച് എന്തും എത്തിച്ചുകൊടുത്താണ് പൊലീസ് മേധാവികളുടെയടക്കം പ്രിയങ്കരനായത്. നാട്ടിലെത്തിയാല്‍ ബിഎംഡബ്ല്യു ആഡംബരകാറിലാണ് സഞ്ചാരം. വടകരയില്‍ മണിമാളികയുടെ നിര്‍മാണം നടന്നുവരുന്നു. രണ്ടാഴ്ച മുമ്പാണ് നാലാമത്തെ ഹോട്ടല്‍ ചെന്നൈയില്‍ തുടങ്ങിയത്. ബംഗളൂരുവിലും ഹോട്ടലുണ്ട്. നേരത്തെ കൊയിലാണ്ടിയിലും വടകരയിലും ബേക്കറികളുണ്ടായിരുന്നു. സ്വര്‍ണമോ പണമോ എന്തുമായും വിമാനത്താവളങ്ങളിലെ ഗ്രീന്‍ ചാനല്‍ വഴി പുറത്തുകടക്കാനാവും വിധമാണ് കോഴിക്കോട്, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലെ സ്വാധീനം. യുവതികളെയാണ് കള്ളക്കടത്തിന് ഉപയോഗിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലും 20 കിലോ സ്വര്‍ണം കൊണ്ടുവന്നത് യുവതികളായിരുന്നു. ടണ്‍കണക്കിന് സ്വര്‍ണം ഇയാള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത് ഈ മാര്‍ഗത്തിലൂടെയാണ്. ആറു വര്‍ഷമായി സ്വര്‍ണക്കടത്ത് നടത്തുന്ന ഫയാസ് ആദ്യമായാണ് പിടിയിലാവുന്നത്.

deshabhimani

No comments:

Post a Comment