Saturday, September 28, 2013

സോണിയ ഉദ്ഘാടനം ചെയ്യുന്ന ആരോഗ്യ പദ്ധതിയും തട്ടിപ്പ്

കേന്ദ്രസര്‍ക്കാരിന്റെ "പുതിയ" ക്ഷേമപദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നുവെന്ന് കൊട്ടിഘോഷിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനംചെയ്യിപ്പിക്കുന്ന ആരോഗ്യ കിരണ്‍ പദ്ധതി തട്ടിപ്പ്. 2010 മാര്‍ച്ചില്‍ എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിയ "താലോലം" പദ്ധതിയാണ് "ആരോഗ്യ കിരണ്‍" പേര് മാറ്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇതേ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തിരുന്നു. അന്ന് ഉദ്ഘാടനം മാത്രമേ നടന്നുള്ളു എന്നും പദ്ധതി ഇനിയും നടപ്പാക്കിത്തുടങ്ങിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് താലോലം പദ്ധതി. സോണിയ ഉദ്ഘാടനംചെയ്യുന്ന ആരോഗ്യ കിരണ്‍ പദ്ധതിയും ഇതാണ് വിഭാവനംചെയ്യുന്നത്. സോണിയ ഉദ്ഘാടനംചെയ്യുന്ന "ഭൂരഹിത കേരളം" പദ്ധതിയുടെ തട്ടിപ്പ് പുറത്തായതിനു പിന്നാലെയാണ് ആരോഗ്യ കിരണ്‍ പദ്ധതിയുടെ പൊള്ളത്തരം വെളിപ്പെടുന്നത്.

"താലോലം" പദ്ധതിയില്‍ പ്രധാനരോഗങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയാണ് ഉള്‍പ്പെടുത്തിയതെങ്കില്‍ "ആരോഗ്യകിരണ്‍" പദ്ധതിയില്‍ എല്ലാ രോഗങ്ങളും പെടുമെന്നതു മാത്രമാണ് പ്രത്യക്ഷത്തിലുള്ള മാറ്റം. എന്നാല്‍, ഈ രോഗങ്ങള്‍ക്കെല്ലാം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍തൊട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍വരെ ഇപ്പോള്‍ സൗജന്യചികിത്സ ലഭ്യമാണ്. കൂടാതെ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (ആര്‍എസ്ബിവൈ) ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മുഖേനയും സൗജന്യ ചികിത്സ ഉറപ്പാക്കുന്നുണ്ട്. ഇത് മറച്ചുവച്ചാണ് "കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം" എന്ന കള്ളക്കഥ പരത്തി രണ്ടാം ഉദ്ഘാടനത്തിനു കോപ്പുകൂട്ടുന്നത്.

താലോലം പദ്ധതിയിലൂടെ മൂന്നര വര്‍ഷത്തിനുള്ളില്‍ 6607 കുട്ടികള്‍ക്കാണ് 15 കോടി 28 ലക്ഷത്തിലേറെ രൂപ നല്‍കിയത്. ക്യാന്‍സര്‍, ഹൃദയസംബന്ധ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ന്യൂറോ രോഗങ്ങള്‍, സിക്കിള്‍സെല്‍ അനീമിയ(അരിവാള്‍രോഗം) തുടങ്ങിയവ ബാധിച്ച എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ നല്‍കി. സാമൂഹ്യ നീതിവകുപ്പിന് കീഴില്‍ അന്നത്തെ ആരോഗ്യ-സാമൂഹ്യ നീതി മന്ത്രി പി കെ ശ്രീമതിയുടെ നിര്‍ദേശപ്രകാരം പുതുതായി രൂപീകരിച്ച സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേനയാണ് പദ്ധതി തുടങ്ങിയത്. ആദ്യം സൗജന്യ ക്യാന്‍സര്‍ ചികിത്സമാത്രമായിരുന്നു. 2010 മാര്‍ച്ചില്‍ ഈ പദ്ധതി "താലോലം" എന്ന പേരില്‍ വിപുലീകരിച്ചു. രാജ്യത്തിനാകെ മാതൃകയായി ഈ പദ്ധതി തുടരുകയാണ്. എന്നാല്‍ "ആരോഗ്യകിരണ്‍" പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. പദ്ധതി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുമോ അതല്ല, ആരോഗ്യ വകുപ്പ് ഏറ്റെടുക്കുമോ എന്ന് തീരുമാനിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് നടപ്പാക്കുകയാണെങ്കില്‍ (ദേശീയഗ്രാമീണ ആരോഗ്യ ദൗത്യം) എന്‍ആര്‍എച്ച്എം ഫണ്ടിനെയാണ് ആശ്രയിക്കേണ്ടി വരിക. എന്നാല്‍, ഈ ഫണ്ട് നിശ്ചിത കാലയളവുവരെ മാത്രമേ ഉണ്ടാകൂ. അത് കഴിഞ്ഞ് പദ്ധതി അവതാളത്തിലാകും. എന്നാല്‍, സുരക്ഷാമിഷനില്‍ മിഷന്‍ കോര്‍പ്പസ് ഫണ്ട് ലഭ്യമാണ്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പും സാമൂഹ്യ നീതി വകുപ്പും തമ്മില്‍ വ്യക്തമായ ധാരണയില്‍ എത്തിയിട്ടില്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ ജെനറിക് മരുന്ന് സൗജന്യമായി നല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് മരുന്ന് നല്‍കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ച് ഈ മരുന്നുവിതരണം കാര്യക്ഷമമാക്കി. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകള്‍ എത്തിക്കുകയുംചെയ്തു. അവശ്യമരുന്നുകളുടെ പട്ടികയില്‍ പെടാത്ത ചുരുക്കം ചില മരുന്നുകള്‍മാത്രമാണ് പുറമെനിന്ന് വാങ്ങേണ്ടിവരുന്നത്. ഈ മരുന്നുകള്‍ എഴുതുമ്പോള്‍ അവയുടെ കമ്പനി പേരിനു പകരം പൊതുവായ പേര്(ജെനറിക്) എഴുതാനുള്ള നിര്‍ദേശം മുമ്പുമുണ്ടായിരുന്നു. അത് നടപ്പാക്കുകമാത്രമാണ് ചെയ്യേണ്ടത്. അതിനു പകരം സര്‍ക്കാര്‍ ആശുപത്രിയില്‍ പൂര്‍ണമായും ജെനറിക് ആക്കുന്നുവെന്നും എല്ലാവര്‍ക്കും സൗജന്യമായി ഇത്തരം മരുന്നു നല്‍കുന്നുവെന്നും അവകാശപ്പെടുന്നത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ്

deshabhimani

No comments:

Post a Comment