കേന്ദ്ര സര്‍ക്കാരിന്റെ നിസ്സഹകരണ മനോഭാവം കല്‍ക്കരി കേസ് നടത്തിപ്പിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശം. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് പൂര്‍ണവിവരം കോടതിക്ക് നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബുധനാഴ്ച കേസില്‍ വാദം കേള്‍ക്കവെ ജസ്റ്റിസുമാരായ ആര് എം ലോധയും മദന്‍ ബി ലൊക്കൂറും കുര്യന് ജോസഫും ഉള്‍പ്പെട്ട ബെഞ്ച് തുറന്നടിച്ചു.
കോടതിയോട് ചൊവ്വാഴ്ച ക്ഷുഭിതനായി പ്രതികരിച്ചതില്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി ബുധനാഴ്ച ക്ഷമാപണം നടത്തി. കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ വന്നതോടെയാണ് വഹന്‍വതി ക്ഷോഭത്തോടെ പ്രതികരിച്ചത്. എല്ലാ കാര്യങ്ങളും താന്‍ തലയിലിട്ട് നടക്കുകയല്ലെന്ന് വഹന്‍വതി പറഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. താന്‍ എല്ലാം തലയിലിട്ട് നടക്കുകയല്ല. ഏതെങ്കിലും ഒരു കാര്യത്തില്‍ വാദം തുടങ്ങുമ്പോള്‍ മറ്റെന്തെങ്കിലും വിഷയം കോടതി ഉന്നയിക്കും. ഇത്തരത്തില്‍ എങ്ങനെയാണ് മുന്നോട്ടുപോകാനാവുക- ചൊവ്വാഴ്ച വഹന്‍വതി പറഞ്ഞു. ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് പറഞ്ഞാണ് വഹന്‍വതി ബുധനാഴ്ച തന്റെ വാദങ്ങള്‍ തുടങ്ങിയത്.
കാലാവസ്ഥയും ചൂടും കാരണം ദേഷ്യപ്പെട്ടുവെന്നാണ് തങ്ങള്‍ കരുതിയതെന്ന് ജസ്റ്റിസ് ലോധ തമാശയായി പ്രതികരിച്ചു. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലം മുന്സത്യവാങ്മൂലത്തിന് വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 1995 മുതല്‍ നല്കിയ കല്‍ക്കരിപ്പാടങ്ങളുടെ വിശദാംശം സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മറുപടി സത്യവാങ്മൂലത്തിന് ശേഷം വീണ്ടും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുകയാണ്. ഇത് ശരിയല്ല. 172 കല്‍ക്കരിപ്പാടം വിതരണത്തിനായി കേന്ദ ഖനന ആസൂത്രണ ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തെന്നാണ് സത്യവാങ്മൂലം. എന്നാല്‍, ഇവ ആര്‍ക്കൊക്കെ വിതരണംചെയ്തുവെന്ന് പറയുന്നില്ല. 172 കല്‍ക്കരിപ്പാടങ്ങളില്‍ എത്രയാണ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതെന്ന് വിശദീകരിക്കണം. കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതില്‍ നിയമപരമായി തെറ്റില്ലെന്ന് സ്ഥാപിക്കുകയും വേണം. അവ്യക്തത പാടില്ല. ഓരോ കല്‍ക്കരിപ്പാടവും ആര്‍ക്കാണ് നല്‍കിയതെന്ന വിവരമാണ് വേണ്ടത്- കോടതി പറഞ്ഞു. കല്‍ക്കരി ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്വകാര്യ കമ്പനികളെ ക്ഷണിച്ചതെന്ന് വഹന്‍വതി ന്യായീകരിച്ചു. കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ച 19 സ്വകാര്യ കമ്പനികള്‍ തങ്ങള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. കല്ക്കരിക്കമ്പനികള്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ കെ വേണുഗോപാലാണ് ആവശ്യം മുന്നോട്ടുവച്ചത്.
deshabhimani 260913
No comments:
Post a Comment