Tuesday, September 24, 2013

സിസി ടിവി ദൃശ്യം അന്വേഷണത്തിന് ഗുണകരമാകുമോയെന്ന് കോടതി

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്താല്‍ കേസന്വേഷണത്തിന് എങ്ങനെ ഗുണകരമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. സിസി ടിവി ക്യാമറാ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, സോളാര്‍ കേസിന്റെ അന്വേഷണത്തില്‍ ഇടപെടാന്‍ ഹര്‍ജിക്കാരനായ ജോയി കൈതാരത്തിന് നിയമപരമായ അവകാശമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പ്രാരംഭ തടസ്സവാദം തീര്‍പ്പാക്കിയതിനുശേഷമേ ഹര്‍ജിയിലെ ആവശ്യങ്ങള്‍ പരിഗണിക്കാവൂവെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ക്രിമിനല്‍ക്കേസുകള്‍ സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ കേസന്വേഷണത്തിലെ അപാകങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഏതൊരു പൗരനും അവകാശമുണ്ടെന്നും ഹര്‍ജിഭാഗത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് തമ്പാന്‍ വാദിച്ചു. കേസില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തെക്കുറിച്ച് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് അയച്ച കത്തും അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്തുവിടാന്‍ അന്വേഷണസംഘമോ മജിസ്ട്രേട്ടോ ഇതുവരെ തയ്യാറായിട്ടില്ലെന്നും രഹസ്യമൊഴി പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജി കൂടുതല്‍ വാദത്തിനായി കോടതി ബുധനാഴ്ചത്തേക്കു മാറ്റി.

deshabhimani

No comments:

Post a Comment