Tuesday, September 24, 2013

ചായം തേക്കാതെ രാമു മടങ്ങി...

""എല്ലാ മുഖങ്ങളും സുന്ദരമാണ്. മേക്കപ്പ് എന്നത് മനുഷ്യമുഖത്തില്‍ മറ്റൊരു മുഖം വരച്ചുചേര്‍ക്കലാണ്""... ചമയകലയുടെ കാരണവരായിരുന്ന ചമയം രാമുവിന്റേതാണ് ഈ വാക്കുകള്‍. മേക്കപ്പ് ഇന്നത്തെപ്പോലെ പ്രാപ്യമല്ലാതിരുന്ന കാലത്ത് അതിനെ ഒരു മഹത്തായ കലയാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന അതുല്യ കലാകാരനാണ് തിങ്കളാഴ്ച്ച അരങ്ങൊഴിഞ്ഞ ചമയം രാമു. അദ്ദേഹത്തിന്റെ മാന്ത്രികസ്പര്‍ശത്താല്‍ സുന്ദരന്മാരും സുന്ദരിമാരുമായവര്‍ നിരവധിയാണ്. അദ്ദേഹം നിര്‍മിച്ച ആടയാഭരണങ്ങള്‍ അണിഞ്ഞ് അരങ്ങുകള്‍ കൊഴുപ്പിച്ചവരും അനവധി. ഇതിനിടെ, ഹിന്ദിയിലെ വൈദഗ്ധ്യം അന്നത്തെ പ്രസിദ്ധമായ ശങ്കേഴ്സ് ട്യൂട്ടോറിയലില്‍ ഹിന്ദി അധ്യാപകനാകാന്‍ അവസരമൊരുങ്ങി. നാടകവേദികളില്‍ മേക്കപ്പ് ഇടാന്‍ അവസരം ലഭിച്ചതോടൊപ്പം രംഗാവിഷ്കാരത്തിനും വസ്ത്രാലങ്കാരത്തിനും വഴിയൊരുങ്ങി. ആകര്‍ഷകമായ പുതിയ രൂപങ്ങള്‍ രംഗാവിഷ്കാരത്തിന് ഒരുക്കിയത് ഈ കലാകാരനെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയര്‍ത്തി. പ്രശസ്ത നാടക കലാകാരന്മാരായ പി കെ വേണുക്കുട്ടന്‍നായര്‍, ജി ശങ്കരപ്പിള്ള, ടി എന്‍ ഗോപിനാഥന്‍നായര്‍, ടി ആര്‍ സുകുമാരന്‍നായര്‍, നാഗവള്ളി ആര്‍ എസ് കുറുപ്പ്, ജഗതി എന്‍ കെ ആചാരി തുടങ്ങിയവര്‍ക്ക് മുഖം മിനുക്കാന്‍ രാമു എത്തണമെന്ന നിലയിലായി. സംസ്ഥാനത്തെ വിവിധ നാടക ട്രൂപ്പുകളില്‍ മേക്കപ്പിനും രംഗാവിഷ്കാരത്തിനും രാമുവിന്റെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്തതായി. എന്നാല്‍, എല്ലായിടത്തും എത്താന്‍ കഴിയാത്തതിനാല്‍ മേക്കപ്പും രംഗാവിഷ്കാരവും രാമു പഠിപ്പിച്ചുതുടങ്ങി. ഒരു നാടകം അരങ്ങിലെത്തുമ്പോള്‍ മേക്കപ്പ് ഇടുന്നതിനൊപ്പം തുടര്‍വേദികളില്‍ അവതരിപ്പിക്കാന്‍ വേണ്ട മേക്കപ്പും മറ്റും നാടക കമ്പനിയിലെ തന്നെ ഒരാളെ പഠിപ്പിച്ചുനല്‍കി. തന്റെ കരവിരുത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ അദ്ദേഹത്തിന് അതിരറ്റ സന്തോഷമായിരുന്നു.

നഗരത്തില്‍ ചിത്രലേഖ എന്ന ഫിലിം സൊസൈറ്റിയാണ് ചലച്ചിത്രരംഗത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ "സ്വയംവര"ത്തില്‍ മേക്കപ്പ്മാന്‍ രാമുവായിരുന്നു. തുടര്‍ന്ന് പത്മരാജന്‍, അരവിന്ദന്‍, ഭരതന്‍, ബാലചന്ദ്രമേനോന്‍, രാജീവ്നാഥ് തുടങ്ങിയവരുടേതുള്‍പ്പെടെ 90 സിനിമകളില്‍ മേക്കപ്പ്മാനായി. ആറുപതിറ്റാണ്ടായി നഗരത്തിലെ അലങ്കാരരംഗത്ത് നിറസാന്നിധ്യമായിരുന്നു രാമു. നൃത്തം, ബാലെ, സ്കൂള്‍ കലോത്സവങ്ങള്‍ തുടങ്ങി പൂജപ്പുരയിലെ ചമയം വീട് കലാകാരന്മാരുടെ നിത്യസന്ദര്‍ശനകേന്ദ്രമായിരുന്നു. നഗരത്തിലെ സ്കൂള്‍, നൃത്ത വിദ്യാലയങ്ങള്‍, സാംസ്കാരിക സമിതികളുടെ പരിപാടികളിലും രാമു ടച്ച് അവിഭാജ്യഘടകമായിരുന്നു. ഓരോ ഓണക്കാലത്തും നൂറിലേറെ മാവേലിയെയും അദ്ദേഹത്തിന്റെ കരസ്പര്‍ശത്താല്‍ ഒരുക്കിയിട്ടുണ്ട്. രാമുവിന്റെ ചമയക്ലാസിനും ഏറെ തിരക്കാണ്. കൗതുകപൂര്‍വം ഈ മഹാകല പഠിക്കാന്‍ വിദേശികളടക്കം ആയിരത്തിലേറെ ശിഷ്യന്മാരുമുണ്ട്. വീടിനോട് ചേന്ന് ആകര്‍ഷകമായി നിര്‍മിച്ചിരിക്കുന്ന ചമയപ്പുരയില്‍ നിറയെ അപൂര്‍വ സാമഗ്രികളാണെന്ന് അയല്‍വാസിയായ കെ മോഹന്‍ദാസ് പറയുന്നു. ഭാര്യ ജയശ്രീ, മകള്‍ ദേവിപ്രിയ, ഭാര്യാസഹോദരന്‍ ശശി പൂജപ്പുര എന്നിവരെയും ചമയത്തെക്കുറിച്ച് അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. 2003ല്‍ ഈ കലാകാരന്റെ ചമയരംഗത്തെ അമ്പതാംവര്‍ഷം ആഘോഷിക്കവെ പ്രസിദ്ധീകരിച്ച "ചമയ കേരളം" സ്മരണികയില്‍ നാനാതുറയിലുള്ള പ്രമുഖര്‍ രാമുവിനെ കുറിച്ച് ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.
(വിജയ്)

deshabhimani

No comments:

Post a Comment