Thursday, September 26, 2013

വലിച്ചു തഴെയിറക്കേണ്ട ഭരണാധികാരി

പാമൊലിന്‍ കേസില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമപ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. കേസില്‍ യുഡിഎഫ് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട് എന്നും കേസ് പൂര്‍ണമായി പിന്‍വലിക്കാന്‍ എടുത്ത തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി അവകാശപ്പെടുകയാണ്. ഉമ്മന്‍ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനും "വ്യക്തമായ കാഴ്ചപ്പാട്" ഇക്കാര്യത്തിലുണ്ട് എന്നതില്‍ സംശയമില്ല. ആ കാഴ്ചപ്പാട് കുറ്റം തെളിയിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനുമുള്ളതല്ല. മറിച്ച് തെളിവുകള്‍ നശിപ്പിച്ച് നിയമത്തെയും നീതിപീഠത്തെയും മറികടന്ന് അഴിമതിക്കാരെ രക്ഷപ്പെടുത്താനുള്ളതാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഇത് രണ്ടാംതവണയാണ് പാമൊലിന്‍കേസ് പിന്‍വലിക്കാന്‍ ശ്രമിക്കുന്നത്. 2005ലായിരുന്നു ആദ്യശ്രമം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനകത്തും പുറത്തും ഉപയോഗിച്ച ആയുധമായിരുന്നു ഈ കേസ് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. തനിക്ക് ആവശ്യമുള്ളപ്പോള്‍ എടുത്ത് ചുഴറ്റാനും തനിക്കുനേരെ തിരിയും എന്ന് വരുമ്പോള്‍ വലിച്ചെറിയാനുമുള്ളതാണ് ഇത്തരം കേസുകള്‍ എന്ന് ഉമ്മന്‍ചാണ്ടി പ്രവൃത്തിയിലൂടെ തെളിയിക്കുകയാണിവിടെ.

1991-92ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്‍ വഴി 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതിചെയ്തത്. അതില്‍ 2.32 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ഒരു ടണ്ണിന് 405 ഡോളര്‍ നിരക്കിലായിരുന്നു ഇറക്കുമതി. കുറഞ്ഞ നിരക്ക്് ഓഫര്‍ചെയ്ത ഒമ്പത് കമ്പനികളെ ഒഴിവാക്കിയാണ് പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന് ഇറക്കുമതിക്ക് അനുമതി നല്‍കിയത്. 1992ലാണ് പാമൊലിന്‍ അഴിമതി പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. സിപിഐ എം അംഗം വി ജെ തങ്കപ്പന്‍ ആദ്യം പ്രശ്നം സഭയില്‍ അവതരിപ്പിച്ചു. പാമൊലിന്‍ ഇറക്കുമതിക്ക് അനുമതി തേടി മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് "92 മാര്‍ച്ച് 16ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സഭയിലെത്തിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടിനെത്തുടര്‍ന്ന് "94 ജൂലൈ 19ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇപ്പോഴും ഉമ്മന്‍ചാണ്ടിയുടെ വലംകൈയായി നില്‍ക്കുന്ന എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയും ഇടപാടിലെ ക്രമക്കേട് കണ്ടെത്തി. ഈ റിപ്പോര്‍ട്ടും പിന്നീട് സഭയുടെ മേശപ്പുറത്തെത്തി.

കെ കരുണാകരന്‍, മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു, ചീഫ് വിജിലന്‍സ് കമീഷണറായിരുന്ന പി ജെ തോമസ്, ജിജി തോംസണ്‍ തുടങ്ങിയവരായിരുന്നു പ്രതികള്‍. കരുണാകരന്റെ നിര്യാണത്തെതുടര്‍ന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. 2005 ജനുവരിയില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേസ് അപ്പാടെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. 2006ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേസ് തുടരാന്‍ 2006 നവംബറില്‍ തീരുമാനിച്ചു. ആ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയത്. ഇറക്കുമതി നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കേസ് തുടര്‍ന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് പ്രതിപ്പട്ടികയിലാണ് സ്ഥാനം. അതുറപ്പായതിനാലാണ് വിചിത്രന്യായങ്ങളും വാദങ്ങളും അവതരിപ്പിച്ച് കേസ് ഇല്ലാതാക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നത്. കേസ് എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല എന്ന് 2007ല്‍ കേന്ദ്ര വിജിലന്‍സ് കമീഷണര്‍ ചോദിച്ചെന്നും അതുകൊണ്ടാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. പാമൊലിന്‍ കേസിലെ പ്രതി പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചതിനെ സുപ്രീംകോടതി അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത് ഉമ്മന്‍ചാണ്ടിക്കോര്‍മയില്ല. കെ കരുണാകരന്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണക്കോടതി വിചാരണ നടത്തി തീരുമാനമെടുക്കട്ടെ എന്ന് സുപ്രീംകോടതി നിലപാടെടുത്തതും സൗകര്യപൂര്‍വം മറക്കുന്നു. ജിജി തോംസന്റെ സ്ഥാനക്കയറ്റം കേസിന്റെപേരില്‍ ഇല്ലാതാകുന്നു എന്നതാണ് മറ്റൊരു വാദം. അതുപറഞ്ഞ്, ജിജി തോംസണെതിരായ കേസ് മാത്രം പിന്‍വലിക്കാന്‍ മന്ത്രിസഭയെക്കൊണ്ട് തീരുമാനമെടുപ്പിച്ച്, കേസ്തന്നെ ഇല്ലാതാക്കാനുള്ള ഉത്തരവാണിപ്പോള്‍ ഇറക്കിയത്. "ഞങ്ങള്‍ പ്രതികളാണെങ്കില്‍ അന്ന് ധനപരമായ ഉത്തരവാദിത്തം നിര്‍വഹിച്ച ധനമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിയാകണമെന്നാ"ണ് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതി സഖറിയാ മാത്യുവും നല്‍കിയ സത്യവാങ്മൂലങ്ങളില്‍ ബോധിപ്പിച്ചത്. ഇതിന്റെ വെളിച്ചത്തിലാണ്, പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പുനരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ആ അന്വേഷണം അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി നഗ്നമായി അധികാരം ദുര്‍വിനിയോഗിച്ചു. നീതി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട വിജിലന്‍സ് ജഡ്ജിയെ അപമാനിച്ച് ഒഴിവാക്കി. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് മുകളില്‍ തനിക്കനുകൂലമായ നിലപാടുള്ള മറ്റൊരാളെ വച്ചു. അങ്ങനെ രക്ഷപ്പെടാനുള്ള ശ്രമവും തന്റെ മേലുള്ള പാപക്കറ കഴുകിക്കളയാന്‍ പര്യാപ്തമല്ല എന്ന തിരിച്ചറിവിലാണ്, കേസ് കടയോടെ വെട്ടിക്കളയാന്‍ ഇപ്പോള്‍ തീരുമാനിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭരണാഭാസത്തിന്റെ ഏറ്റവുമൊടുവിലത്തെ ഹീനകൃത്യമാണിത്. എല്ലാ അര്‍ഥത്തിലും കളങ്കിതനായ ഇങ്ങനെയൊരു മുഖ്യമന്ത്രി ചരിത്രത്തിലെവിടെയുമില്ല. സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മന്‍ചാണ്ടിയാണ് എന്നതിന് അനിഷേധ്യതെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നിട്ടും പൊലീസിനെ ഉപയോഗിച്ച് രക്ഷപ്പെടാന്‍ അവിശ്വസനീയമായ ശ്രമങ്ങള്‍ തുടരവെയാണ് സ്വര്‍ണക്കടത്തും പെണ്‍വാണിഭവുമടക്കം നടത്തുന്ന ദുര്‍വൃത്തരുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന തെളിവുവന്നത്. അതിലും മുഖ്യമന്ത്രി സംശയത്തിനതീതനല്ല.

സ്വര്‍ണക്കടത്തിന് പിടിയിലായ വ്യക്തിയുമായുള്ള ബന്ധം നിവര്‍ന്നുനിന്ന് നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ല. അയാളെ കണ്ടോ കണ്ടില്ലേ എന്ന് തെളിച്ചുപറയാന്‍ പോലും അശക്തനായ ഉമ്മന്‍ചാണ്ടിയെയാണ് ജനങ്ങള്‍ കാണുന്നത്. ചുറ്റുമുള്ളവരാകെ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കള്ളക്കടത്തിന്റെയും ആശാസ്യമല്ലാത്ത സകലതിന്റെയും ലോകത്ത് വിഹരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രം എങ്ങനെ വിശുദ്ധപട്ടം ലഭിക്കും എന്നത് സാമാന്യബുദ്ധിയുള്ള ആരിലും ഉയരുന്ന സംശയമാണ്. ജനങ്ങളുടെ വിശേഷബുദ്ധിയെ ചോദ്യംചെയ്ത്, അധികാരത്തിന്റെ അഹന്തകൊണ്ട് നല്ലപിള്ളയാകാനുള്ള ശ്രമത്തില്‍ ജനാധിപത്യസംവിധാനത്തിന്റെ അന്തഃസത്ത പുറങ്കാലുകൊണ്ട് തട്ടിയെറിയുകയാണ് ഈ മുഖ്യമന്ത്രി. അതിന്റെ ഭാഗംതന്നെയാണ് പാമൊലിന്‍ കേസ് പിന്‍വലിച്ച തീരുമാനവും. താന്‍ രക്ഷപ്പെടുക, കൊള്ളക്കാരെയാകെ രക്ഷപ്പെടുത്തുക, അഴിമതി അഭംഗുരം തുടരുക, അതിനായി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുക എന്ന അജന്‍ഡയുമായി മുന്നോട്ടുപോകുന്ന ഈ ലജ്ജാശൂന്യനായ ഭരണാധികാരിയെ വലിച്ച് താഴെയിറക്കുന്നതാണ്, ജനാധിപത്യസമൂഹത്തില്‍ ജനങ്ങള്‍ക്ക് മുന്നിലുള്ള കരണീയമായ ഏകമാര്‍ഗം എന്ന് ഒരിക്കല്‍കൂടി ഉറപ്പാകുകയാണ്.

deshabhimani editorial 260913

1 comment:

  1. didnt ldf govt ruled couple of time after this incident? what the heck you did in that time... yea... every time when you sit outside, keep shouting.

    yes they did loot money, what ldf govt did to prove that?

    ReplyDelete