Monday, September 23, 2013

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം; ലീഗിനെ എതിര്‍ക്കാതെ മുഖ്യമന്ത്രി

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന സാമുദയായിക സംഘടനകളുടെ ആവശ്യത്തില്‍ മുസ്ലീം ലീഗിനെ തള്ളാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായവിഷയത്തില്‍ സാമുദായിക ധ്രുവീകരണത്തിന് ലീഗ് ശ്രമിക്കുകയാണെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോള്‍ കൃത്യമായി പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും സംഘടനകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ലീഗിനെതിരെ ഗതാഗത മന്ത്രി ആര്യാടന്‍ നടത്തിയ രൂക്ഷവിമര്‍ശനം ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതികരണത്തിന് തയ്യാറായില്ല.

കെഎസ്ആര്‍ടിസിയുടെ ഡീസല്‍ പ്രതിസന്ധിയെക്കുറിച്ച് പെട്രോളിയം മന്ത്രി വീരപ്പ മെയ് ലിയ്ക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതലായി ഡീസല്‍ ഉപയോഗിക്കുന്നതിനാല്‍ കെഎസ്ആര്‍ടിസിയടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്കുള്ള ഡീസല്‍ സബ്സിഡി ഒഴിവാക്കിയ തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

യുഡിഎഫില്‍ ഒരു പ്രശ്നവുമില്ലെന്നും മുന്നണി ശക്തമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ലോക് സഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടി നല്‍കി. ശ്രീധരന്‍ നായര്‍ സരിതയോടൊപ്പം തന്നെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗിന്റെ നീക്കം അത്യന്തം അപലപനീയം: വി എസ്

തിരു: പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ ലീഗിന്റെ നേതൃത്വത്തില്‍ മുസ്ലീംമതസംഘടനകള്‍ നടത്തുന്ന നീക്കം ദുരുപദിഷ്ടവും അത്യന്തം അപലപനീയവുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. നമ്മുടെ സമൂഹത്തെയും സംസ്കാരത്തെയും പിന്നോട്ടടിപ്പിക്കുന്ന ഈ കാടന്‍നീക്കത്തോട് കോണ്‍ഗ്രസിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ കുറയാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് അതിനെ വെല്ലുവിളിച്ചുകൊണ്ട് മുസ്ലീം സംഘടനകള്‍ അത് 16 ആക്കി കുറക്കാനുളള ശ്രമം നടത്തുന്നത്. ഇത് ശൈശവ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കലാണ്. മാത്രമല്ല ഇതിന്റെ പേരില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും അവരുടെ ജീവിതം ദുരിതപൂര്‍ണമാവുകയുമാണ് ചെയ്യുന്നത്. ഈ അടുത്ത നാളുകളില്‍ വരെ അതിന്റെ ദുരന്തം നമ്മള്‍ അടുത്തറിഞ്ഞതാണ്. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാന സഖ്യകക്ഷിയായ മുസ്ലീം ലീഗിന്റെ എല്ലാവിധ ഒത്താശകളോടും പിന്തുണയോടും കൂടിയാണ് മതസംഘടനകള്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നത്. എന്നിട്ട് അത് മതസംഘടനകളുടെ മാത്രം കാര്യമാണെന്ന് പറഞ്ഞ് ലീഗ് കള്ളക്കളി കളിക്കുകയാണ്. നമ്മുടെ സമൂഹത്തെ വീണ്ടും അന്ധകാരത്തിലേക്ക് തള്ളിയിടാന്‍ ലീഗും അവരുടെ സഹായത്തോടെ മതസംഘടനകളും നടത്തുന്ന ഈ നീക്കത്തോട് കോണ്‍ഗ്രസ് മൗനംപാലിക്കുന്നത് തികച്ചും അധിക്ഷേപാഹര്‍മാണ്.

രാജ്യത്ത് നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന ഇത്തരമൊരു നീക്കം സമൂഹത്തെ ഭിന്നിപ്പിക്കുന്ന അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കായിരിക്കും ചെന്നെത്തുക. ഒരുവശത്ത് ലീഗ് ഇതാണ് ചെയ്യുന്നതെങ്കില്‍ മറുവശത്ത് ബിജെപി-ആര്‍എസ്എസ് ശക്തികള്‍ ഹിന്ദുത്വ മൗലികവാദമുയര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്‍ണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തിലും കോണ്‍ഗ്രസ് മൃദുസമീപനമാണ് പുലര്‍ത്തുന്നത്.

ആര്‍എസ്എസ്- ബിജെപി കക്ഷികള്‍ ഹിന്ദുത്വവികാരം ആളിക്കത്തിച്ച് സാമൂഹ്യജീവിതം സംഘര്‍ഷഭരിതമാക്കാന്‍ നടത്തുന്ന ശ്രമങ്ങളോട് മതേതരപാര്‍ടിയെന്ന് ഇപ്പോഴും അവകാശവാദമുന്നയിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് പറയാനും അവര്‍ തയ്യാറാവണം. ഇങ്ങനെ ലീഗും ബിജെപിയും രണ്ട് കോണുകളില്‍ നിന്ന് സംഘര്‍ഷങ്ങളുണ്ടാക്കാനും സമൂഹത്തെ ഭിന്നിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ-മതനിരപേക്ഷവാദികള്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിവാഹപ്രായം കുറക്കല്‍: മുഖ്യമന്ത്രിയും ചെന്നിത്തലയും നിലപാട് വ്യക്തമാക്കണം

കണ്ണൂര്‍: ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്ന മുസ്ലീം സംഘടനകളുടെ നീക്കം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പയ്യാമ്പലത്ത് അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്ലീംലീഗിന്റെ ഒത്താശയോടെയാണ് വിവിധ മുസ്ലീം സംഘടനകള്‍ വിവാഹപ്രായം കുറക്കാനുള്ള നീക്കം നടത്തുന്നത്. വിവാഹപ്രായംകുറച്ച് ഇവിടെയും ശരിയത്ത് നിയമം നടപ്പാക്കാനാണ് ശ്രമം. ഇത് ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കും. കേരളത്തിന്റെ സാമൂഹ്യപുരോഗതിയെതന്നെ പിറകോട്ടുവലിക്കുന്ന ആപല്‍ക്കരമായ നീക്കമാണിത്. മുസ്ലീം സമൂഹത്തിലെ ഉല്‍പതിഷ്ണുക്കളെയടക്കം അണിനിരത്തി അതിനെ ചെറുക്കാന്‍ സിപിഐ എം മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴീക്കോടന്‍ രാഘവന്റെ 41ാം ധീര രക്തസാക്ഷി ദിനം ജന്മനാട്ടില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. പയ്യാമ്പലത്തെ അഴീക്കോടന്റെ സ്മൃതി മണ്ഡപത്തില്‍ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാസെക്രട്ടറി പി ജയരാജന്‍ സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍, കെ കെ നാരായണന്‍ എംഎല്‍എ, എം പ്രകാശന്‍, എം സുരേന്ദ്രന്‍, എന്‍ ചന്ദ്രന്‍ വായക്കാടി ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. പാര്‍ടി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് പ്രകടനമായാണ് നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചനക്കായി എത്തിയത്.

ജനങ്ങളെ ചോദ്യം ചെയ്യാന്‍ ലീഗ് ശ്രമിക്കരുത്: ആര്യാടന്‍

തിരു: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജനങ്ങളെ ചോദ്യം ചെയ്യാന്‍ ലീഗ് ശ്രമിക്കരുതെന്നും ഒരു കൂട്ടരുടെ വോട്ട്കൊണ്ട് ആരും ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുത്. മഞ്ചേരിയിലും കുറ്റിപ്പുറത്തും തിരൂരിലും മങ്കടയിലും ലീഗ് നേരത്തെ തോറ്റത് മറക്കരുത്. മുസ്ലീം ലീഗിന്റെ വയനാട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് ആര്യാടന്‍ രംഗത്തെത്തിയിരിക്കുന്നത്.

വയനാട് കോണ്‍ഗ്രസാണ് ജയിച്ചതെങ്കിലും ലീഗിന്റെ കൊടിയാണ് പാറിയതെന്നും ലീഗിന്റെ വോട്ട്കൊണ്ടാണ് വയനാട്ടില്‍ ജയിച്ചതെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലീഗിന് കൂടുതല്‍ സീറ്റ് വേണമെങ്കില്‍ നേരത്തെ ആവശ്യപ്പെടണമെന്നും സീറ്റ് കൂടുതല്‍ കിട്ടാനുള്ള വഴി ഇതല്ലെന്നും ആര്യാടന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ജയിച്ചിടത്തെല്ലാം ലീഗിന്റെ പതാക മാത്രമാണ് പാറിയതെന്ന ലീഗ് നേതാക്കളുടെ വാദം ശരിയല്ലെന്ന് കഴിഞ്ഞദിവസം തന്നെ ആര്യാടന്‍ വ്യക്തമാക്കിയിരുന്നു.

deshabhimani

No comments:

Post a Comment