കരസേനാ മേധാവിയായിരിക്കെ വി കെ സിങ് രൂപീകരിച്ച ടെക്നിക്കല്‍ സപ്പോര്‍ട്ട് ഡിവിഷനെന്ന (ടിഎസ്ഡി) ഇന്റലിജന്‍സ് യൂണിറ്റ് കശ്മീരില്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം അഹമദ് മിറിന് 1.19 കോടി രൂപ നല്‍കിയതായി സൈന്യം നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൈന്യത്തിന്റെ രഹസ്യഫണ്ടില്‍നിന്നാണ് പണം പോയിട്ടുള്ളത്. കശ്മീരില്‍ ഒമര്‍ അബ്ദള്ളഭരണത്തെ അട്ടിമറിക്കുന്നതിനാണ് പണം കൈമാറിയിട്ടുള്ളതെന്നാണ് സൈന്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. യെസ് കശ്മീര്‍ എന്ന എന്‍ജിഒയ്ക്കും ടിഎസ്ഡിയില്‍നിന്ന് ഫണ്ട് പോയിട്ടുണ്ട്. വി കെ സിങ്ങിനുശേഷം കരസേനാ മേധാവിയായ ജനറല്‍ ബിക്രം സിങ്ങിനെതിരെ വ്യാജ ഏറ്റുമുട്ടല്‍ ആരോപണമുന്നയിച്ച് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച സംഘടനയാണ് യെസ് കശ്മീര്‍. വി കെ സിങ്ങിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് എന്‍ജിഒയ്ക്ക് പണം നല്‍കിയതെന്ന് ആഭ്യന്തര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നരേന്ദ്ര മോഡിക്കൊപ്പം വി കെ സിങ് വേദി പങ്കിട്ടതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്ന് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുലാം അഹമദ് മിര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആരോപണങ്ങള്‍ വി കെ സിങ് നിഷേധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍, സര്‍ക്കാരും മുന്‍ സൈനികമേധാവിയും നടത്തുന്ന വിഴുപ്പലയ്ക്കല്‍ കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സൈന്യം പണമൊഴുക്കിയും അടിച്ചമര്‍ത്തിയുമാണ് കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിനിര്‍ത്തുന്നതെന്ന ആക്ഷേപങ്ങള്‍ക്ക് ബലം പകരുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. ജനറല്‍ സിങ് സ്ഥാപിച്ച ടിഎസ്ഡി യൂണിറ്റ് വിദേശരാജ്യത്ത് എട്ട് രഹസ്യനടപടി വിജയകരമായി പൂര്‍ത്തീകരിച്ചെന്ന വെളിപ്പെടുത്തലും സൈനികറിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന വിഷയമെന്ന നിലയില്‍ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിലാണ് പ്രതിരോധമന്ത്രാലയം. സിബിഐപോലുള്ള ഏജന്‍സിയുടെ അന്വേഷണം രഹസ്യറിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘം നിര്‍ദേശിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തിട്ടില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായി ചോരുമോയെന്ന ആശങ്കയാണ് കാരണം. കശ്മീര്‍മന്ത്രിമാര്‍ പണം പറ്റുന്നുവെന്നത് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കമുള്ളവര്‍ അറിയുന്നുണ്ടെന്നാണ് വി കെ സിങ്ങിന്റെ വാദം.
(എം പ്രശാന്ത്)
പണം പറ്റിയവരുടെ പേരുകള്‍ വെളിപ്പെടുത്തണം : ഷിന്‍ഡെ
ജമ്മു-കശ്മീര്‍ മന്ത്രിമാര്‍ സൈന്യത്തില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും കശ്മീരിലെ ഭരണകക്ഷി നാഷണല്‍ കോണ്‍ഫറന്‍സും ജനറല്‍ വി കെ സിങ്ങിനോട് ആവശ്യപ്പെട്ടു. ജനറല്‍ സിങ്ങിന്റെ വെളിപ്പെടുത്തലോടെ പാകിസ്ഥാനില്‍ ഇന്ത്യന്‍ സേന നടത്തുന്ന അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെട്ടതായി പാക് സൈന്യം ആരോപിച്ചു. മന്ത്രിമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജനറല്‍ സിങ് തയ്യാറായാല്‍ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം തയ്യാറാണെന്ന പ്രതികരണമാണ് ഷിന്‍ഡെ നടത്തിയത്. ജനറല്‍ സിങ്ങിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ദേവീന്ദര്‍സിങ് റാണ പറഞ്ഞു. മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ജനറല്‍ സിങ്ങിനെ റാണ വെല്ലുവിളിച്ചു.
deshabhimani
No comments:
Post a Comment