കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇത് 90 ശതമാനത്തിലധികമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പല സംഘങ്ങളുടെയും രണ്ടും മൂന്നും വര്‍ഷത്തെ ഓഡിറ്റ് ബാക്കി നില്‍ക്കുമ്പോഴാണ് ഇവ കാലാനുസൃതമാക്കണമെന്ന നിര്‍ദ്ദേശം വന്നത്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ യഥാസമയം ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതിനുള്ള ഭഗീരഥ യത്‌നത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
ഓഡിറ്റ് യഥാസമയം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക ഏജന്‍സി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. അതുകൊണ്ട് തന്നെ നിലവിലുള്ള ജീവനക്കാര്‍ തന്നെ അധികജോലി ചെയ്യുകയാണിപ്പോള്‍. സഹകരണ ബാങ്കുകളും മറ്റ് സംഘങ്ങളുമായി 14000ത്തോളം സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്.
ശരാശരി നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന്റെ ഓഡിറ്റ് പൂര്‍ത്തിയാക്കണമെങ്കില്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. അതുവെച്ച് കണക്കാക്കിയാല്‍ വര്‍ഷങ്ങള്‍ ആവശ്യമായ ജോലി ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് ചെയ്തു തീര്‍ക്കേണ്ട സ്ഥിതിയിലാണ് ജീവനക്കാര്‍. മാത്രവുമല്ല, വളരെ വേഗത്തില്‍ ഓഡിറ്റ് തീര്‍ക്കണമെന്ന നിഷ്‌കര്‍ഷ ഓഡിറ്റിന്റെ പൂര്‍ണ്ണതയെ ബാധിക്കുമെന്ന അഭിപ്രായവുമുണ്ട്.
സെപ്റ്റംബര്‍ മാസത്തിനകം ജനറല്‍ബോഡി യോഗം ചേര്‍ന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിച്ചിരിക്കണമെന്നതിനാല്‍ അതു തയ്യാറാക്കുന്നതിന് രാത്രിയും ജോലി ചെയ്യേണ്ട സ്ഥിതിയിലാണ് ജീവനക്കാര്‍ പലരും. യഥാസമയം റിപ്പോര്‍ട്ട് നല്‍കാത്ത ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന വ്യവസ്ഥയും ജീവനക്കാരെ അങ്കലാപ്പിലാക്കുന്നുണ്ട്.
അതിനെക്കാളേറെ പ്രയാസത്തിലായിരിക്കുന്നത് സഹകരണ സ്ഥാപനങ്ങളാണ്. സാമ്പത്തിക വര്‍ഷത്തില്‍ ഒരു ജനറല്‍ബോഡിയോഗം ചേര്‍ന്നിരിക്കണമെന്ന നിബന്ധന നേരത്തേ നിലിവിലുണ്ടായിരുന്നുവെങ്കിലും ആറുമാസത്തിനകം ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിച്ചിരിക്കണമെന്ന വ്യവസ്ഥ എല്ലാ സ്ഥാപനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്.
തീരുമാനം നടപ്പിലാക്കുവാന്‍ മിക്കവാറും സ്ഥാപനങ്ങളും സെപ്റ്റംബര്‍ മാസം തന്നെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കാത്തിനാല്‍ അത് അംഗീകരിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് സ്ഥാപനങ്ങള്‍. അതുകൊണ്ട് തന്നെ അജണ്ടയില്‍ ഒരിനമായി ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കല്‍ എന്നുള്‍പ്പെടുത്തി ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് എന്ന് പ്രത്യേകം സൂചിപ്പിച്ചാണ് പല സ്ഥാപനങ്ങളും ഓഗത്തിനുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഓഡിറ്റ് 90 ശതമാനം പൂര്‍ത്തിയാക്കി എന്നുള്ളതുകൊണ്ട് ഇവിടെയുള്ള ഓഡിറ്റര്‍മാരെ മറ്റ് ജില്ലകളിലേക്ക് നിയമിച്ചിരിക്കുകയുമാണ്.
(അബ്ദുള്‍ ഗഫൂര്‍)
janayugom
No comments:
Post a Comment