മുസാഫര്‍നഗറിലെ കലാപം തല്‍ക്കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും നരേന്ദ്ര മോഡിയുടെ കാല്‍പ്പാടുകള്‍ പിന്‍ചെല്ലുന്ന പാര്‍ടികള്‍ അധികാരം നേടിയാല്‍ ഭാരതത്തിന്റെ മതേതരത്വ മാറില്‍ കലാപത്തിന്റെ ചോര വീഴ്ത്തുമെന്നതില്‍ സംശയമില്ലെന്ന് സിറോ മലബാര്‍ സഭ മുഖവാരിക. മുസാഫര്‍നഗറിലെ വര്‍ഗീയവിഷം എന്ന തലക്കെട്ടില്‍ "സത്യദീപ"ത്തിന്റെ സെപ്തംബര്‍ 25 ലക്കത്തിലെ മുഖപ്രസംഗത്തിലാണ് സഭയുടെ നിലപാട് വ്യക്തമാക്കിയത്.
ആഗസ്ത്വരെ കലാപവും വര്‍ഗീയ ചേരിതിരിവുമില്ലാതെ മുസ്ലിങ്ങളും ജാട്ടുകളും ദളിതരും ഒരുമയോടെ വസിച്ചിരുന്ന സ്ഥലമാണ് യുപിയിലെ മുസാഫര്‍നഗര്‍. മുസ്ലിങ്ങളെ തൊപ്പിയുടെ പേരില്‍ അല്‍ഖ്വായ്ദയുമായി താരതമ്യംചെയ്തതും യുവതിയുവാക്കളുടെ പ്രണയത്തെ ലൗ ജിഹാദായി ചിത്രീകരിച്ചും ആരൊക്കെയോ കരുതിക്കൂട്ടി ഉണ്ടാക്കിയ പദ്ധതിയുടെ വിജയമായിരുന്നു കലാപത്തിന്റെ തീയാളിയത് എന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. ആദ്യം മുസ്ലിം പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന ജാട്ട് യുവാവിനെ പരസ്യമായി അധിക്ഷേപിച്ച പെണ്‍കുട്ടിയുടെ അച്ഛനെ ആരോ വകവരുത്തി. പിന്നീട് മുസ്ലിം പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ ജാട്ട് യുവാവിനും ബന്ധുവിനും ജീവന്‍ നഷ്ടപ്പെട്ടു. ഈ കേസുകളില്‍ പൊലീസോ ഭരിക്കുന്ന പാര്‍ടിയോ നിജസ്ഥിതി കരുതലോടെ കൈകാര്യംചെയ്തില്ല. വ്യക്തിപരവും പ്രാദേശികവുമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ഗീയതയുടെ അഗ്നി ആളിക്കത്തിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നടത്തിയ മഹാപഞ്ചായത്ത് യോഗം അനുവദിക്കാന്‍പാടില്ലായിരുന്നു.
ഇതിനിടെ രണ്ടു സഹോദരന്മാര്‍ പാകിസ്ഥാനിലെ വര്‍ഗീയകലാപത്തില്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപി നേതാവുതന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ പ്രചരിപ്പിച്ചു. മഹാപഞ്ചായത്തില്‍ വര്‍ഗീയകലാപത്തിനെതിരെ സംസാരിച്ചവരെ കൂക്കിവിളിച്ചവര്‍ വിളിച്ചുപറഞ്ഞത് നരേന്ദ്ര മോഡിയുടെ പേരാണ്. മുസഫര്‍നഗറിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ലാത്തിയും തോക്കും വാളും വടിവാളും പൊട്ടിയ ചില്ലുമൊക്കെയായി ഗ്രാമംതോറും കലാപക്കൊടുങ്കാറ്റുയര്‍ത്തി. സംഘപരിവാര്‍ പിന്തുണയുള്ള ദൈനിക് ജാഗരണ്‍ പത്രങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുംപോലുള്ള വാര്‍ത്തകളാണ് കൊടുത്തത്. മുസ്ലിം ഭീകരത മുസാഫര്‍നഗറില്‍, ഹിന്ദുക്കള്‍ ഭയത്തില്‍ തുടങ്ങിയ തലക്കെട്ടുകള്‍ ജനങ്ങളെ കലാപത്തിലേക്കു വലിച്ചിഴയ്ക്കുന്നതായിരുന്നു.
നരേന്ദ്ര മോഡിക്ക് ആശംസ അയച്ചെന്ന പേരില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ വിമര്‍ശിച്ചാണ് മുഖപ്രസംഗം ആരംഭിക്കുന്നതു തന്നെ. അദ്ദേഹം ഗോധ്ര മറന്നെങ്കില്‍ പോകട്ടെ. ഈയിടെ മുസാഫര്‍നഗറില്‍ ഉണ്ടായ വര്‍ഗീയകലാപത്തിനു പിന്നിലും മോഡി ജ്വരം ഉണ്ടായിരുന്നെന്ന സത്യം മറന്നത് പ്രായാധിക്യംകൊണ്ടാണെന്നു കരുതണമോയെന്നും മുഖപ്രസംഗം ചോദിക്കുന്നു. കലാപത്തിന്റെ പിന്നാമ്പുറങ്ങളില്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പുകളികളുണ്ടെന്നതില്‍ സംശയമില്ലെന്നും മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു. സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖവാരികയായ സത്യദീപത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററും ഫാ. കുര്യാക്കോസ് മുണ്ടാടനാണ്. അദ്ദേഹത്തിന്റെ ഒപ്പോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
deshabhimani 260913
No comments:
Post a Comment