Sunday, September 29, 2013

ടുണീഷ്യയില്‍ എന്നാഹദ സര്‍ക്കാര്‍ മുട്ടുകുത്തി

മുല്ലപ്പൂവിപ്ലവത്തിന്റെ സൗജന്യം പറ്റി ടുണീഷ്യയില്‍ അധികാരമേറ്റ ഇസ്ലാമിക സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അധികാരമൊഴിയും. പക്ഷരഹിതമായ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിക്കുന്നതോടെ മതമൗലികവാദികള്‍ പിടിമുറുക്കിയ എന്നാഹദാ സര്‍ക്കാര്‍ പടിയിറങ്ങും. എന്നഹദാ സര്‍ക്കാരുമായി ഒരു മാസത്തിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് അധികാരമാറ്റത്തിന് ധാരണയിലെത്തിയതെന്ന് ടുണീഷ്യയിലെ പ്രധാന തൊഴിലാളി സംഘടന പ്രഖ്യാപിച്ചു.

പ്രതിപക്ഷനിരയിലെ പ്രമുഖനും ഇടതുപക്ഷനേതാവുമായ മുഹമ്മദ് ബ്രാഹ്മിയെ എന്നാഹദ അനുകൂലികളായ മതമൗലികവാദികള്‍ ജൂലൈ 25നു വധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധസമരം ശക്തമായത്. മറ്റൊരു ഇടതുപക്ഷനേതാവായ ചൊക്രി ബെലായ്ദിനെ വീടിനുമുന്നില്‍ വച്ച് ആറുമാസംമുമ്പ് മതമൗലികവാദികള്‍ വെടിവച്ചുകൊന്നിരുന്നു. തീവ്രമതമൗലികവാദികളോട് എന്നഹദ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യമെമ്പാടും ലക്ഷങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. നാട്ടില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിനൊപ്പം തൊഴിലാളിസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞദിവസത്തെ പ്രതിഷേധപ്രകടനത്തില്‍ അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തും. രാജ്യത്ത് പുതിയ ഭരണഘടന ഉണ്ടാക്കുന്നതിന് അഭിപ്രായരൂപീകരണത്തിനായി 2011ല്‍ രൂപീകരിച്ച നാഷണല്‍ കോണ്‍സ്റ്റിറ്റുവന്റ് സമിതി പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്കരിച്ചു. തുടര്‍ന്ന് സമിതി പിരിച്ചുവിട്ടത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അറബ്രാജ്യങ്ങളില്‍ ഭരണസംവിധാനങ്ങളുടെ ഉടച്ചുവാര്‍ക്കലിനു വഴിവച്ച 2011ലെ മുല്ലപ്പൂവിപ്ലവത്തില്‍ ആദ്യമായി ഭരണമാറ്റമുണ്ടായത് ടുണീഷ്യയിലാണ്. പ്രസിഡന്റ് ബെന്‍ അലിയെ പുറത്താക്കിയശേഷം നടത്തിയ തെരഞ്ഞെടുപ്പില്‍ മതമൗലികവാദികളുടെ പിന്തുണയോടെ എന്നാഹദ അധികാരത്തില്‍ എത്തുകയായിരുന്നു.

deshabhimani

No comments:

Post a Comment