Saturday, September 28, 2013

കൂടുതല്‍ ജനപക്ഷ വാഗ്ദാനങ്ങള്‍; യു കെ ലേബര്‍പാര്‍ട്ടി കോണ്‍ഫറന്‍സിന് സമാപനം

യു കെ ലേബര്‍പാര്‍ട്ടിയുടെ മൂന്നു ദിവസം നീണ്ടുനിന്ന ദേശീയ സമ്മേളനം സമാപിച്ചു. 2015 ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്നോടിയായി നടന്ന സമ്മേളനം എന്ന നിലയില്‍ ലേബര്‍പാര്‍ട്ടിയുടെ നയരൂപീകരണവേദി കൂടിയായ ദേശീയസമ്മേളനത്തെ വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍കണ്ടത്.

ടോണി ബ്ലെയറിന്റെ പരിഷ്കരണ കാലഘട്ടത്തിലെ നയങ്ങളില്‍നിന്നും മുന്നോട്ടു നീങ്ങി ലേബര്‍പാര്‍ട്ടിയെ കൂടുതല്‍ ഇടതുപക്ഷവത്ക്കരിക്കുന്നതും സോഷ്യലിസ്റ്റ്ചായ്വ് ശക്തമാക്കുന്നതുമായ ജനപ്രിയപ്രഖ്യാപനങ്ങള്‍ സമ്മേളനത്തില്‍ ഉണ്ടായി. ബ്രിട്ടണിലെ കുടിയേറ്റ സമൂഹത്തിനും തൊഴിലാളി മധ്യവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും അനുകൂലമായ നിരവധി നടപടികള്‍ ലേബര്‍നേതാവ് എഡ് മില്ലിബാന്‍ഡ്തന്റെ വിശ്വാസ പ്രസംഗത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

നിലവില്‍ ഡേവിഡ്കാമറൂണ്‍ നയിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ അദ്ധ്വാനവര്‍ഗത്തില്‍നിന്നും ഏറെ അകന്ന് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും പൊതുമേഖലയെ ദുര്‍ബലപ്പെടുത്തുന്ന പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ വരള്‍ച്ച മുരടിച്ച് കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും മോശം നിലവാരത്തില്‍എത്തി നില്‍ക്കുകയാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം പോലും ചെയ്യാന്‍കഴിയാത്ത സ്ഥിതിയാണിത്.

ജീവിത നിലവാരത്തില്‍ വന്ന ഇടിവും ചെലവുകള്‍ വര്‍ദ്ധിച്ചതും ബ്രിട്ടണ് വലിയ നാണക്കേടുണ്ടാക്കി. ലേബര്‍പാര്‍ട്ടി അധികാരത്തില്‍എത്തുകയാണെങ്കില്‍ തൊള്ളായിരത്തി എഴുപതുകളില്‍ നടപ്പിലാക്കിയിരുന്ന രീതിയില്‍ വൈദ്യുതി &ിറമവെ; ഗ്യാസ്ബില്ലുകള്‍ ഇരുപതു മാസത്തോളം വര്‍ദ്ധനവ്ഒഴിവാക്കി മരവിപ്പിച്ചു നിര്‍ത്തുമെന്ന വാഗ്ദാനമാണ് ഏറ്റവും ശ്രദ്ധേയമായത്. എന്നാല്‍ ഇത്തരത്തില്‍ഒരു നീക്കമുണ്ടായാല്‍ വിതരണം നിര്‍ത്തി വയ്ക്കുകയും സേവനം അവസാനിപ്പിക്കുകയും ഒക്കെ ചെയ്യുമെന്ന വന്‍കിട കമ്പനികളുടെ ഭീഷണി ഉണ്ടായെങ്കിലും പൊതുജനങ്ങളുടെ താല്‍പര്യം ഹനിക്കാതെ അവരെ ഏതു വിധേനയും സഹായിക്കുമെന്ന് മില്ലി ബാന്‍ഡ് പറഞ്ഞു.

വില വര്‍ദ്ധിപ്പിച്ചു കൊള്ളലാഭം കൊയ്യാന്‍കമ്പനികളെ അനുവദിക്കുകയില്ല എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വൈദ്യുതി  പാചകവാതക നിരക്കുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി ഇരുപതു മുതല്‍നാല്പതു ശതമാനം നിരക്കില്‍ ഉയര്‍ത്തി പ്രതിവര്‍ഷം ഏതാണ്ട് മൂന്ന് ബില്യണ്‍പൌണ്ട് ആണ് കമ്പനികള്‍ ലാഭമുണ്ടാക്കിയത്. കൂടാതെ ഉപയോഗശൂന്യമായി ഇട്ടിരിക്കുന്ന ഭൂമി ഉടമകളില്‍നിന്നും പിടിച്ചെടുക്കുന്ന തരത്തിലുള്ള ഭൂപരിഷ്കരണ നടപടികള്‍,ഹൌസിംഗ് ബെനിഫിറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം പിന്‍വലിക്കല്‍, പ്രതിവര്‍ഷം രണ്ടു ലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കല്‍, ഒരു ലക്ഷം ട്രെയിനി,  അപ്പ്രന്റീസ് അവസരങ്ങള്‍, അവ സൃഷ്ടിക്കാത്ത കമ്പനികള്‍ക്കപിഴ ചുമത്തുന്നതിനുള്ള നിയമ നിര്‍മാണം, മിനിമം കൂലി വര്‍ദ്ധിപ്പിക്കല്‍, ചെറുകിട മേഖലയില്‍ നികുതി ഇളവുകള്‍, തൊഴിലാളികളായ രക്ഷാകര്‍ത്താക്കള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ ചൈല്‍ഡ്കെയര്‍ സംവിധാനങ്ങള്‍, വോട്ടിംഗ് പ്രായം താഴ്ത്തല്‍ തുടങ്ങി ഒട്ടനവധി ജനപക്ഷ ക്ഷേമ പ്രഖ്യാപനങ്ങളും മില്ലി ബാന്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്.

പൊതുമേഖല ശക്തിപ്പെടുത്തുക, പൊതു ഉടമസ്ഥാവകാശം വ്യാപിപ്പിക്കുക തുടങ്ങിയ ഇടതു പക്ഷ നയങ്ങളില്‍ഊന്നിയ പുതിയ പ്രഖ്യാപനങ്ങളെ ആവേശത്തോടെയാണ് ട്രേഡ്യൂണിയന്‍ സംഘടനകളും മറ്റു രാഷ്ട്രീയ കേന്ദ്രങ്ങളും സ്വീകരിച്ചത്. ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഒട്ടേറെ ആശ്വാസമാകുന്ന നടപടികളാണ് ഇവയെന്ന് ബ്രിട്ടണിലെ ഏറ്റവും വലിയ ട്രേഡ്യൂണിയന്‍ കൂട്ടായ്മകളായ യുണൈറ്റ് , യൂണിസന്‍ തുടങ്ങിയ സംഘടനകള്‍ പ്രതികരിച്ചു.

പ്രമുഖ മാര്‍ക്സിസ്റ്റ്ചിന്തകനായിരുന്ന റാല്‍ഫ് മില്ലി ബാന്‍ഡ്ന്‍റെ മകനായ എഡ് മില്ലിബാന്‍ഡ്ലേബര്‍പാര്‍ട്ടി സമ്മേളനത്തില്‍അവതരിപ്പിച്ച ഇടതു പക്ഷനയങ്ങള്‍ വലതുവ്യതിയാനങ്ങളില്‍നിന്ന് മുക്തരായി ലേബര്‍പാര്‍ട്ടിയേയും ബ്രിട്ടനേയും ചുവപ്പണിയിക്കാനുള്ള നീക്കങ്ങള്‍ക്കുള്ള നാന്ദിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വലതുപക്ഷ പാര്‍ട്ടികളും കുത്തക കമ്പനികളും ഈ നീക്കങ്ങളെ ആശങ്കയോടെയാണ് കാണുന്നതും. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനം സെപ്റ്റംബര്‍29 ന് മാഞ്ചസ്റ്ററില്‍ആരംഭിക്കും.
(വി എസ് ശ്യാം)

No comments:

Post a Comment