Sunday, September 29, 2013

പ്രധാനമന്ത്രിയെ അനുനയിപ്പിക്കാന്‍ രാഹുലിന്റെ കത്ത്; നിലപാട് മാറ്റിയില്ല

കോടതി കുറ്റവാളികളെന്ന് വിധിക്കുന്ന ജനപ്രതിനിധികളെ അപ്പീലിന് സാവകാശം നല്‍കാതെ അയോഗ്യമാക്കുന്ന കോടതിവിധി മറികടക്കാനുള്ള ഓര്‍ഡിനന്‍സ് അസംബന്ധമെന്ന് വിശേഷിപ്പിച്ച രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ താന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹത്തോട് അത്യന്തം ബഹുമാനമാണുള്ളതെന്നും രാഹുല്‍ കത്തില്‍ പറഞ്ഞു. എന്നാല്‍, തന്റെ നിലപാടില്‍ മാറ്റം വരുത്തിയില്ല. ഇപ്പോഴുള്ള പ്രതിസന്ധി മാറ്റിയെടുക്കാന്‍ പ്രധാനമന്ത്രി തന്റെ ബുദ്ധി പ്രയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പിന്റെ കാഴ്ചപ്പാടുകളോടോ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തോടോ ഒത്തുപോകുന്നതല്ല തന്റെ നിലപാടെന്ന് രാഹുല്‍ വിശദീകരിച്ചു. ഇപ്പോഴുണ്ടായ പ്രതിസന്ധി രാഷ്ട്രീയപ്രതിയോഗികള്‍ ചൂഷണംചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

രാഹുലിന്റെ വീറ്റോ പ്രയോഗം പ്രധാനമന്ത്രിയെ വീണ്ടും താഴ്ത്തിക്കെട്ടിയെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇങ്ങനെപോയാല്‍ പ്രധാനമന്ത്രി ചരിത്രത്തില്‍ ഒട്ടും ഇടംപിടിക്കാത്ത ഒരു വ്യക്തിയായി മാറുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. രാഹുല്‍ പറഞ്ഞതിനോട് യോജിപ്പില്ലെങ്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജിവയ്ക്കണമെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു. രാഹുലിന്റെ പ്രതികരണം വളരെ ദുരൂഹമാണ്. ഓര്‍ഡിനന്‍സ് രൂപപ്പെടുത്തുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും രാഹുല്‍ ഒപ്പമുണ്ടായിരുന്നെന്നാണ് മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം ട്വീറ്ററില്‍ പ്രതികരിച്ചു. സര്‍ക്കാരില്‍ത്തന്നെ ഒരു ധാരണയുണ്ടാകുംവരെ ഓര്‍ഡിനന്‍സ് നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ രാഷ്ട്രപതി നിര്‍ദേശിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു.

രാഹുലിന്റെ പ്രസ്താവനാനാടകം കോണ്‍ഗ്രസിന് രാഷ്ട്രീയമായി ദോഷകരമായി എന്ന് ബോധ്യമായതോടെയാണ് പരിക്ക് ഭേദമാക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് ഇ മെയില്‍ അയച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസ് പാര്‍ടി പ്രധാനമന്ത്രിക്കു പിന്നിലുണ്ടാകുമെന്ന് സോണിയ ഉറപ്പുകൊടുക്കുകയും ചെയ്തു. രാഹുല്‍ഗാന്ധിയുടെ പരസ്യപ്രസ്താവന കോണ്‍ഗ്രസിനുള്ളിലും കേന്ദ്ര മന്ത്രിസഭയിലും ഭിന്നതയ്ക്കിടയാക്കി. രാഹുലിന്റെ പ്രസ്താവനയോട് പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കിലും പല നേതാക്കള്‍ക്കും കടുത്ത അസംതൃപ്തിയുണ്ട്. പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. സോണിയയോടും രാഹുലിനോടും പൂര്‍ണ വിധേയത്വം പ്രകടിപ്പിക്കുന്ന മറുപക്ഷം പ്രധാനമന്ത്രിയുടെ പല നടപടികളും അംഗീകരിക്കാന്‍ തയ്യാറല്ല എന്ന നിലപാടിലാണ്. മന്‍മോഹന്‍സിങ് അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയാല്‍ ചര്‍ച്ചകളും നടപടികളും സജീവമാകും.

പൊട്ടിത്തെറിക്കുപിന്നില്‍ ജെഡിയു സഖ്യമോഹം

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അയോഗ്യത കല്‍പ്പിക്കുന്നത് മറികടക്കാനുള്ള ഓര്‍ഡിനന്‍സിനെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പരസ്യമായി രംഗത്തുവന്നതിനു പിന്നിലുള്ള കാരണങ്ങളില്‍ ജെഡിയുവുമായുള്ള സഖ്യതാല്‍പ്പര്യവും. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണ കേസിലെ വിധി തിങ്കളാഴ്ച ജാര്‍ഖണ്ഡിലെ കോടതി പ്രഖ്യാപിക്കാനിരിക്കെയാണ് രാഹുലിന്റെ പ്രസ്താവന വന്നത്. യുപിഎ സര്‍ക്കാരിന് ആര്‍ജെഡി നല്‍കുന്ന പിന്തുണയ്ക്ക് പ്രതിഫലമായി ലാലുവിനെ രക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് ധൃതിപിടിച്ച് കൊണ്ടുവരുന്നതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ലാലുവിന് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ശിക്ഷ വിധിച്ചാല്‍ അയോഗ്യത കല്‍പ്പിക്കപ്പെടുന്നത് മറികടക്കാനായിരുന്നു ഓര്‍ഡിനന്‍സ്. ഇതിനെതിരെയാണ് രാഹുലിന്റെ പരസ്യപ്രതികരണം. ലാലുവിനെതിരായ നീക്കമായതുകൊണ്ട് പ്രതികരണത്തെ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാര്‍ പിന്തുണച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ രൂപംകൊള്ളാന്‍ പോകുന്ന ജെഡിയു-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നോടിയായാണ് രാഹുലിന്റെ പ്രസ്താവനയും നിതീഷിന്റെ പ്രതികരണവും.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ നാല് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ആര്‍ജെഡി വാഗ്ദാനം ചെയ്തത്. ഇത് നിഷേധിച്ച് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. പിന്നീട് ബിഹാറില്‍ അടിത്തറ ശക്തിപ്പെടുത്താനും ഒറ്റയ്ക്ക് മുന്നോട്ടുനീങ്ങാനുമാണ് രാഹുലിന്റെ ചുമതലയില്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്‍ഡിഎ വിട്ട ജെഡിയു കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. ലാലുവിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ബിഹാറിലെ സഖ്യശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് രാഹുല്‍ കരുതുന്നു. ഇതാണ് ഓര്‍ഡിനന്‍സിനെതിരെ പ്രതികരിക്കാന്‍ നടത്താന്‍ രാഹുലിനെ പ്രേരിപ്പിച്ചത്.

deshabhimani

No comments:

Post a Comment