2ജി സ്പെക്ട്രം അഴിമതിയില്‍ കുറ്റക്കാരെ ചൂണ്ടിക്കാട്ടുന്നതിലും സത്യം പുറത്തുകൊണ്ടുവരുന്നതിലും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) കരടുറിപ്പോര്‍ട്ട് പരാജയപ്പെട്ടെന്ന് സമിതി അംഗമായ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
2ജി അഴിമതി അന്വേഷിക്കുന്ന ജെപിസിയുടെ ചെയര്‍മാന്‍ പി സി ചാക്കോയ്ക്ക് അയച്ച വിയോജനക്കുറിപ്പിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റ് ഏല്‍പ്പിച്ച ചുമതലപ്രകാരം കൃത്യമായ തെളിവുകള്‍ ശേഖരിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ജെപിസി ശ്രമിച്ചില്ല. സുപ്രധാനമായ തെളിവുകള്‍ ചെയര്‍മാന്‍ തള്ളിക്കളഞ്ഞു. 2007-08കാലത്തെ 2ജി അഴിമതിക്ക് അടിസ്ഥാനമായ നിര്‍ണായക കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു. അഴിമതി തടയുന്നതില്‍ കേന്ദ്രമന്ത്രിസഭ പരാജയപ്പെട്ട കാര്യവും പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരുടെ പിഴവുകളും ചൂണ്ടിക്കാട്ടിയില്ല. പ്രവര്‍ത്തനത്തിലും നടപടിക്രമങ്ങളിലും ജെപിസി ഗുരുതരവീഴ്ച വരുത്തി. സമിതി അംഗങ്ങള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരില്‍നിന്ന് മൊഴിയെടുത്തില്ല. ടെലികോംമന്ത്രിയായിരുന്ന എ രാജാ സ്വമേധയാ സന്നദ്ധനായിട്ടും അദ്ദേഹത്തിന്റെ മൊഴിയെടുത്തില്ല.
2ജി ലൈസന്‍സ് നല്‍കിയതില്‍ സിഎജി പറയുന്ന നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് ജെപിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഎജിയുടെ കണക്കുകൂട്ടല്‍ തെറ്റാണെന്ന് ജെപിസി ചെയര്‍മാന്‍ പറയുന്നു. ശരിയായി കണക്കുകൂട്ടേണ്ടത് എങ്ങനെയാണെന്ന് ചെയര്‍മാന്‍ പറയേണ്ടിയിരുന്നു. 2001ല്‍ 1658 കോടി വിലവരുന്ന സ്പെക്ട്രം ലൈസന്‍സിന് 2008ല്‍ എത്ര വില വരുമെന്നാണ് ചെയര്‍മാന്‍ കരുതുന്നത്? ലേലംവഴി സ്പെക്ട്രം നല്‍കിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന നേട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെലികോം സേവനം ലഭിക്കാന്‍വേണ്ടിയാണ് കുറഞ്ഞ നിരക്കില്‍ 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതെന്നാണ് വിശദീകരണം. യഥാര്‍ഥത്തില്‍ സ്വാന്‍, യൂണിടെക് എന്നീ കമ്പനികള്‍ക്കാണ് ലാഭമുണ്ടായത്. ഇന്‍ട്രാ സര്‍ക്കിള്‍ റോമിങ് സൗകര്യം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ ബിഎസ്എന്‍എല്ലിനെ നിര്‍ബന്ധിച്ചു. ഇത് ബിഎസ്എന്‍എല്ലിന് വലിയ ദോഷമുണ്ടാക്കി. ധനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് 2001ലെ നിരക്കില്‍ 2008ല്‍ ലൈസന്‍സുകള്‍ നല്‍കിയത്. ഈ നഷ്ടത്തിന് ധനമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലില്ല. ലൈസന്‍സിന്റെമാത്രം ഉറപ്പില്‍ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ഈ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് വായ്പ കൊടുക്കാന്‍ ധനമന്ത്രി നിര്‍ദേശിച്ചു. ഇത്തരം അഴിമതികളെ റിപ്പോര്‍ട്ട് തുറന്നുകാട്ടിയില്ല.
2008 ജനുവരിയില്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ സ്പെക്ട്രം ലേലനടപടികളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി സമ്മതിച്ചുവെന്നാണ് എ രാജ പറഞ്ഞത്. പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കണം. ഇത്തരം കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് പറയാനുള്ളത് ജെപിസിയുടെ മുന്നില്‍ ഹാജരായി പറയുകയോ എഴുതിനല്‍കുകയോ ചെയ്യാമായിരുന്നു. ധനമന്ത്രിയുടെ അനുമതിയോടെയാണ് സ്പെക്ട്രം ലേലംചെയ്തതെന്ന് എ രാജ പറഞ്ഞിരുന്നു. ഇതടക്കം നിരവധി ചോദ്യങ്ങള്‍ക്ക് ധനമന്ത്രി മറുപടി പറയണം. അതിനും ജെപിസി ചെയര്‍മാന്‍ അവസരമുണ്ടാക്കിയില്ല. ജെപിസി കരടുറിപ്പോര്‍ട്ട് സത്യം മൂടിവയ്ക്കുന്നതും കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ്. അതിനാല്‍ കരടുറിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
deshabhimani
No comments:
Post a Comment