Thursday, September 26, 2013

പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴി ശരിയല്ലെന്ന് വര്‍ക്ഷോപ്പ് ഉടമ

ടി പി ചന്ദ്രശേഖരന്‍ കേസില്‍ പ്രോസിക്യൂഷന്‍ 20-ാം സാക്ഷി കിഴക്കയില്‍ വത്സന്റെ മൊഴി നിഷേധിച്ച് പ്രതിഭാഗം സാക്ഷി. കുന്നോത്തുപറമ്പിലെ എം കെ ടൂവീലര്‍ റിപ്പയര്‍ സെന്റര്‍ ഉടമ തലശേരി തൂവക്കുന്ന് വലിയപറമ്പത്ത് വീട്ടില്‍ എം പ്രസാദനാണ് പ്രോസിക്യൂഷന്‍ സാക്ഷിമൊഴി ശരിയല്ലെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചത്. വത്സന്‍ മോട്ടോര്‍ സൈക്കിള്‍ അറ്റകുറ്റപ്പണിക്ക് തന്റെ വര്‍ക്ഷോപ്പില്‍ 2012 ഏപ്രില്‍ 23ന് ഏല്‍പ്പിച്ചിട്ടില്ലെന്നാണ് പ്രസാദന്റെ മൊഴി. കണ്ണങ്കോട്ട് താമസിക്കുന്ന വത്സനെ അറിയാമെന്നും ബിജെപി പ്രവര്‍ത്തകനാണ് വത്സനെന്നും പ്രസാദന്‍ ബോധിപ്പിച്ചു. വത്സന്റെ മോട്ടോര്‍ സൈക്കിള്‍ ഇതുവരെ തന്റെ കടയില്‍ റിപ്പയര്‍ ചെയ്തിട്ടില്ലെന്നും പ്രസാദന്‍ മൊഴി നല്‍കി. അറ്റകുറ്റപ്പണിക്ക് നല്‍കിയ എം 80 മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ 2012 ഏപ്രില്‍ 24ന് പോയപ്പോള്‍ പി കെ കുഞ്ഞനന്തന്റെ വീട്ടുമുറ്റത്ത് ഗൂഢാലോചന കണ്ടുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ വത്സന്റെ മൊഴി. ഇത് ഖണ്ഡിക്കാനാണ് വര്‍ക്ഷോപ്പ് ഉടമ പ്രസാദനെ പ്രതിഭാഗം വിസ്തരിച്ചത്. സിപിഐ എം ഭീഷണിമൂലമാണ് മൊഴി നല്‍കുന്നതെന്ന ആരോപണം ശരിയല്ലെന്ന് പ്രോസിക്യൂഷന്റെ എതിര്‍വിസ്താരത്തില്‍ പ്രസാദന്‍ ബോധിപ്പിച്ചു.

ചൊവ്വാഴ്ചയാണ് പ്രതിഭാഗം സാക്ഷിവിസ്താരം ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ ആരംഭിച്ചത്. അസുഖബാധിതരായി ചികിത്സയിലായതിനാല്‍ ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന രണ്ടുപേരുടെ വിസ്താരം ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ഒഞ്ചിയം പുതുക്കുടി മീത്തല്‍ പി എം ഭാസ്കരന്‍, സിപിഐ എം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി കണ്ണൂക്കര "ചാരുത"യില്‍ വി പി ഗോപാലകൃഷ്ണന്‍ എന്നിവരുടെ വിസ്താരമാണ് നീട്ടിയത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ 2012 ഏപ്രില്‍ രണ്ടിന് ഒഞ്ചിയത്ത് പാര്‍ടി കോണ്‍ഗ്രസ് ദീപശിഖാ ജാഥയില്‍ പങ്കെടുക്കുകയായിരുന്നുവെന്നും ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നുള്ള പ്രോസിക്യൂഷന്‍ ആരോപണം കളവാണെന്നും തെളിയിക്കാനുള്ള സാക്ഷികളാണ് ദീപശിഖാ ജാഥയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഭാസ്കരനും ചടങ്ങില്‍ സ്വാഗതം പറഞ്ഞ ഗോപാലകൃഷ്ണനും. ഡിജിറ്റല്‍ ക്യാമറയിലെടുത്ത ദീപശിഖാ ചിത്രങ്ങളുടെ സിഡി പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ച് തെളിവ് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹര്‍ജി കോടതി അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ 2012 മെയ് 15ന്റെ ടവര്‍ ലൊക്കേഷന്‍ എവിടെയായിരുന്നുവെന്ന് അറിയാന്‍ ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസറെ വിസ്തരിക്കല്‍, 126-ാം സാക്ഷി സുരേഷ്ബാബു 2012 ഏപ്രില്‍ രണ്ടിന് വെള്ളികുളങ്ങര കോ- ഓപ്പറേറ്റീവ് മില്‍ക് സപ്ലൈ സൊസൈറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന് സൊസൈറ്റി സെക്രട്ടറിയെ വിസ്തരിക്കല്‍ തുടങ്ങിയ പ്രതിഭാഗം അപേക്ഷകളില്‍ കോടതി ബുധനാഴ്ച വിധി പറയും. മൂന്ന് ദിനപത്രങ്ങളുടെ പത്രാധിപന്മാരടക്കം 14 സാക്ഷികളുടെ പട്ടികയാണ് പ്രതിഭാഗം നല്‍കിയത്.

പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി ശ്രീധരന്‍ നായര്‍,കെ വിശ്വന്‍, കെ എന്‍ സുകുമാരന്‍, കെ പി ദാമോദരന്‍ നമ്പ്യാര്‍,കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍, കെ അജിത്കുമാര്‍, പി ശശി, വി വി ശിവദാസന്‍, എന്‍ ആര്‍ ഷാനവാസ്, വി ബിന്ദു എന്നിവരും പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരനും ഹാജരായി.

deshabhimani

No comments:

Post a Comment