Sunday, September 29, 2013

അക്കിത്തത്തെ ആദരിക്കുന്നു എന്ന പ്രചാരണം അസത്യം: പുരോഗമന കലാസാഹിത്യസംഘം

മഹാകവി അക്കിത്തത്തെ പാലക്കാട് നടക്കുന്ന പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിലേക്ക് വിളിച്ചു വരുത്തി ആദരിക്കുന്നു എന്നും ഇത് ഇടതു സാംസ്കാരികതയുടെ വലതുവല്ക്കരണമാണെന്നും ആരോപിച്ചു കൊണ്ട് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മാധ്യമം ദിനപത്രത്തിന്‍റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയിരിക്കുന്ന ലേഖനം യഥാര്‍ത്ഥത്തില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതാണെന്ന് സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.വി എന്‍ മുരളി പ്രസ്താവനയില്‍ പറഞ്ഞു.

പൂര്‍ണമായും അസത്യമായ ഒരു കാര്യവും പറഞ്ഞുകൊണ്ട് പുകസയെ ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിലൂടെ ആക്രമിക്കാന്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയെ പ്രേരിപ്പിച്ചതെന്താവും? പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പാലക്കാടു നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് കവി അക്കിത്തത്തെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാന്‍ ആലോചിച്ചിട്ടുമില്ല. പുരോഗമന കലാസാഹിത്യസംഘം ഒരിക്കലും ഗുരുപൂജ പോലുള്ള കാര്യങ്ങള്‍ ചെയ്യാറുമില്ല.

പുകസയുടെ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ സംഘടനാപ്രവര്‍ത്തകരോ അതിഥികളായെത്തുന്ന പുരോഗമന കലാസാഹിത്യകാരോ ആണു പങ്കെടുക്കുന്നത്. സമ്മളനത്തോടനുബന്ധിച്ച് നടക്കുന്ന അനുബന്ധ സമ്മേളനങ്ങളില്‍ സംഘവുമായി ഒരു അഭിപ്രായ ഐക്യവുമില്ലാത്തവരെയും സംവാദങ്ങള്‍ക്കായി ക്ഷണിക്കാറുണ്ട്. അത്തരത്തില്‍ ചെയ്യുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. അക്കിത്തത്തിന്റെ സൌന്ദര്യശാസ്ത്ര രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുമ്പോഴും, അക്കിത്തം ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മലയാള കവി ആണ് എന്നു കാണാതിരിക്കാനാവില്ല.

അക്കിത്തത്തെ പുകസ സമ്മളനത്തിലേക്ക് ക്ഷണിച്ചു എന്നാരോപിച്ചു കൊണ്ട് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി നടത്തുന്ന ;ഭൂ ദേവന്മാരായ വൈദിക ബ്രാഹ്മണരെ സമാദരിക്കുന്ന പരിപാടിക്ക് പാരമ്പര്യ ഭാഷയില്‍ പറയുന്ന പേര്ഭകാല്‍കഴുകിച്ചൂട്ടുനടത്തുക എന്നാണ്! അത്തരമൊരു ഭകാല്‍കഴുകിച്ചൂട്ടാണ്; പു.ക.സ സമ്മേളനത്തോടനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.എന്നൊക്കെ ശക്തിബോധി നടത്തുന്ന ആക്രോശങ്ങളോട് എങ്ങനെ പ്രതികരിക്കാനാണ്? അദ്ദേഹത്തിന്‍റെ ലേഖനമാകെ അപക്വമായ ചരിത്രവീക്ഷണത്തിന്‍റെയും തെറ്റായ വിവരങ്ങളുടെയും ഘോഷയാത്രയാണ്. വിജ്ഞരായ വായനക്കാര്‍ അതു മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്. അതിനാല്‍ അതിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല.

എന്നാല്‍ ഒരു കാര്യം മാത്രം സൂചിപ്പിക്കാം. മാധ്യമം പ്രസിദ്ധീകരണങ്ങളും ജമാ അത്തെ ഇസ്ലാമിയും പുരോഗമന കലാസാഹിത്യ സംഘത്തിനും പുരോഗമന വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ക്കുമെതിരെയുള്ള ആക്രമണം ഈയിടെയായി ഒന്ന് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിന്‍റെ ഇരകളാകാതിരിക്കാന്‍ പുരോഗമനവാദികള്‍ ശ്രദ്ധിക്കേണ്ടതാണ്.-വി എന്‍ മുരളി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment