Monday, September 23, 2013

അനധികൃത കെട്ടിടങ്ങള്‍ "നിയമാനുസൃത"മാക്കുന്നു

ഫ്ളാറ്റ് ലോബിയെ സഹായിക്കാന്‍ കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ ഇളവുവരുത്തി സംസ്ഥാനത്തെ ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നു. ഇതിനായി നഗരാസൂത്രണവകുപ്പില്‍ ചീഫ് ടൗണ്‍ പ്ലാനര്‍ അടക്കം 13 തസ്തിക പുതുതായി സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയാണ് തീരുമാനമെടുത്തത്. കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി പണിതുകൂട്ടിയ കെട്ടിടങ്ങളാണ് നിയമവിധേയമാക്കി ക്രമവല്‍ക്കരിച്ചുകൊടുക്കുന്നത്.

നിലവിലുള്ള ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഇതിനായി പുതിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഒരിഞ്ചുപോലും പാര്‍ക്കിങ് സ്ഥലമില്ലാത്ത വന്‍ കെട്ടിടങ്ങള്‍പോലും നിയമാനുസൃതമാക്കുന്നതരത്തിലാണ് പുതിയ ചട്ടങ്ങള്‍. അപ്രോച്ച് റോഡിന്റെ വീതിസംബന്ധിച്ച നിബന്ധനകളും ഉദാരമാക്കും. ഇതിനുള്ള നിബന്ധനകള്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി കാത്തിരിക്കുകയാണ്. കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ ലംഘിച്ച് പണിത ഫ്ളാറ്റുകളടക്കമുള്ള ബഹുനിലസമുച്ചയങ്ങള്‍ ജീവന് ഭീഷണിയാണെന്ന ആവലാതി നിലനില്‍ക്കെയാണ് ഇവ നിയമാനുസൃതമാക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിബന്ധനകള്‍ ഒഴിവാക്കി. 2008 ഡിസംബര്‍ 31 വരെ പണിത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അവസരം നല്‍കിയെങ്കിലും ചെറിയതോതിലുള്ള ചട്ടലംഘനങ്ങള്‍മാത്രമേ നിയമാനുസൃതമാക്കാന്‍ അനുമതി നല്‍കിയുള്ളൂ. ഇതിനുതന്നെ വന്‍തോതിലുള്ള പിഴ നിശ്ചയിച്ചിരുന്നു. ഇത് അംഗീകരിക്കാതിരുന്ന ഫ്ളാറ്റ് ലോബി യുഡിഎഫ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയാണ് ഇപ്പോള്‍ കാര്യം സാധിച്ചത്.

നാമമാത്രമായ പിഴ ചുമത്തിയാകും ക്രമവല്‍ക്കരണം. പുതിയ തസ്തിക സൃഷ്ടിക്കരുതെന്ന മന്ത്രിസഭായോഗ തീരുമാനം നിലനില്‍ക്കെയാണ് നഗരാസൂത്രണവകുപ്പില്‍ 13 പുതിയ തസ്തിക സൃഷ്ടിക്കുന്നത്. ഒരു ചീഫ് ടൗണ്‍ പ്ലാനര്‍, മൂന്ന് അഡീഷണല്‍ ടൗണ്‍ പ്ലാനര്‍മാര്‍, ഒമ്പത് ടൗണ്‍ പ്ലാനര്‍മാര്‍ എന്നീ തസ്തികകള്‍ സൃഷ്ടിച്ച് ഈമാസം ആദ്യം സര്‍ക്കാര്‍ ഉത്തരവിറക്കി. ഫ്ളാറ്റ് ലോബിക്ക് അനുകൂലനിലപാട് സ്വീകരിക്കാന്‍ തയ്യാറാകാത്ത ചീഫ് ടൗണ്‍ പ്ലാനറെ തുരത്താനും ഈ അവസരം ഉപയോഗിക്കും. പുതുതായി രൂപീകരിക്കുന്ന ചീഫ് ടൗണ്‍ പ്ലാനര്‍ വിജിലന്‍സ് തസ്തികയിലേക്കാകും ഇദ്ദേഹത്തെ മാറ്റുക. ചീഫ് ടൗണ്‍പ്ലാനറുടെ തസ്തികയിലേക്ക് എത്തേണ്ട അഡീഷണല്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഇപ്പോള്‍ കെഎസ്യുഡിപിയില്‍ ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹത്തെയും സര്‍ക്കാരിന് താല്‍പ്പര്യമില്ലാത്തതിനാല്‍ അവിടെത്തന്നെ ജനറല്‍ മാനേജരായി പ്രൊമോഷന്‍ കൊടുത്ത് ഇരുത്താനും തീരുമാനമായി. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥയെ ചീഫ് ടൗണ്‍ പ്ലാനറുടെ കസേരയിലെത്തിച്ച് ക്രമവല്‍ക്കരണനടപടി എളുപ്പത്തിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഷാഫി മേത്തറാണ് തീരുമാനമെടുപ്പിക്കാന്‍ മുന്നിട്ടു പ്രവര്‍ത്തിച്ചത്. ഫ്ളാറ്റ് ലോബിയുടെ വക്താവായി അറിയപ്പെടുന്ന അദ്ദേഹമായിരുന്നു കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ ഉദാരമാക്കുന്നതിനുപിന്നിലും പ്രവര്‍ത്തിച്ചത്.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment