Friday, September 27, 2013

14 കെപിസിസി ഭാരവാഹികള്‍ നിര്‍ജീവമെന്ന് രാഹുല്‍ഗാന്ധി

കേരളത്തിലെ 81 കെപിസിസി ഭാരവാഹികളില്‍ 14 പേര്‍ പ്രവര്‍ത്തനരംഗത്ത് നിര്‍ജീവമെന്ന് വിലയിരുത്തല്‍ റിപ്പോര്‍ട്ട്. സ്ഥാനം അലങ്കരിക്കാന്‍ മാത്രമുള്ള ഇത്തരം നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ തയ്യാറായിട്ടില്ല. കോണ്‍ഗ്രസില്‍ പുതിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന് ബോധ്യമുള്ള ദേശീയനേതൃത്വവും വിവരം പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ആവിഷ്കരിച്ച ത്രൈമാസ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് കെപിസിസി അംഗങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പച്ച, മഞ്ഞ, ചുവപ്പ് വിഭാഗത്തിലാണ് നേതാക്കളെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നത്. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവരാണ് പച്ചയില്‍ വരുന്നത്. ശരാശരി പ്രവര്‍ത്തനം നടത്തുന്നവരാണ് മഞ്ഞ ഗ്രൂപ്പിലുള്ളത്. ഒരുപണിയുമെടുക്കാത്തവരാണ് ചുവപ്പ് ഗ്രൂപ്പില്‍.

യൂണിറ്റ് മാനേജ്മെന്റ് എന്ന പേരില്‍ നടപ്പാക്കുന്ന പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടിന്റെ ആദ്യഘട്ട വിവരങ്ങള്‍ എഐസിസിയില്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ പരിശോധനയിലാണ് കേരളത്തിലെ 81 കെപിസിസി ഭാരവാഹികളില്‍ 14 പേര്‍ ഒരുപണിയുമെടുക്കാതെ സ്ഥാനം അലങ്കരിച്ചിരിക്കുന്നത്. ഇവര്‍ ചുവപ്പ് പട്ടികയിലാണ്. എട്ടുപേര്‍ മാത്രമാണ് സജീവമായി പ്രവര്‍ത്തനരംഗത്തുള്ളു. 59 പേര്‍ മഞ്ഞപ്പട്ടികയിലാണ്.

പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പ്, സംഘടനാ ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവ നടക്കുമ്പോള്‍ ബയോഡാറ്റയുമായി എഐസിസിയുടെ അടുക്കലേക്ക് വരേണ്ടെന്ന് രാഹുല്‍ഗാന്ധി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് എഐസിസിമുതല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെവരെ പ്രവര്‍ത്തനം വിലയിരുത്താന്‍ യൂണിറ്റ് മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയത്. അടുത്തഘട്ടമായി ഡിസിസി ഭാരവാഹികള്‍മുതല്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെവരെയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി സെപ്തംബര്‍ അവസാനം നല്‍കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment