പാര്‍ലമെന്റ് മാര്‍ച്ചിനു മുന്നോടിയായി ബുധനാഴ്ച തിരുവനന്തപുരത്ത് അരലക്ഷം തൊഴിലാളികളുടെ പ്രകടനം സംഘടിപ്പിക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രകടനം നടത്താനുള്ള തീരുമാനമനുസരിച്ചാണിതെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി സംസ്ഥാന നേതാക്കളായ ആര്‍ ചന്ദ്രശേഖരനും കെ ഒ ഹബീബും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പകല്‍ 11ന് പാളയത്തുനിന്ന് കിഴക്കേകോട്ടയിലേക്കാണ് പ്രകടനം. തുടര്‍ന്ന് നായനാര്‍ പാര്‍ക്കില്‍ പൊതുയോഗം ചേരും. വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലാളികള്‍ക്ക് സാര്‍വത്രികമായ സാമൂഹ്യ സുരക്ഷാ പരിരക്ഷ നല്‍കുക, തൊഴിലെടുക്കുന്ന ജനങ്ങള്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കുക, തുല്യവും സമാനവുമായ ജോലികള്‍ചെയ്യുന്ന കരാറുകാര്‍ക്ക് സ്ഥിരംജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും നല്‍കുക, 10,000 രൂപയില്‍ കുറയാത്ത മിനിമംകൂലി ഉറപ്പാക്കുക തുടങ്ങിയ പത്തിന ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ദേശീയ ട്രേഡ് യൂണിയനുകള്‍ തുടര്‍ച്ചയായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണിത്.
ദേശീയ പണിമുടക്കുകളും പാര്‍ലമെന്റ് മാര്‍ച്ചും ഇതിനകം നടത്തി. 2013 ഫെബ്രുവരി 20നും 21നും നടന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസഭാ ഉപസമിതി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ തീരുമാനമൊന്നും ഉണ്ടായില്ല. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം ന്യായമാണെന്നും നിരാകരിക്കാന്‍ കഴിയാത്തതാണെന്നും പ്രധാനമന്ത്രി തന്നെ സമ്മതിച്ചതാണ്. സംഘടനകള്‍ ഉന്നയിച്ച പല ആവശ്യവും പരിഗണനയിലാണെന്നും അതു സംബന്ധിച്ച നടപടി നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനുശേഷം മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ച നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഒരു മാസത്തിനുശേഷം വീണ്ടും കാണാമെന്നു പറഞ്ഞെങ്കിലും പുനഃസംഭാഷണവും ഉണ്ടായില്ല.ഒരു മാസത്തിനുശേഷം കേന്ദ്ര യൂണിയനുകള്‍ തുടര്‍പ്രക്ഷോഭം തുടരാന്‍ തീരുമാനിച്ചു.
ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുന്നത്. പ്രകടനത്തിലും പൊതുയോഗത്തിലും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ ആര്‍ ചന്ദ്രശേഖരന്‍, എളമരം കരീം, കാനം രാജേന്ദ്രന്‍, എം പി ചന്ദ്രശേഖരന്‍, എ എ അസീസ്, അഹമ്മദ് കുട്ടി ഉണ്ണിക്കുളം തുടങ്ങിയ എല്ലാ സംഘടനയുടെയും നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജി മാഹിന്‍ അബൂബക്കര്‍, വി കെ സദാനന്ദന്‍, എം കെ ദിലീപ്, കവടിയാര്‍ ധര്‍മന്‍, ചാരുപാറ രവി, സി ജ്യോതിഷ്കുമാര്‍, ഫിലിപ് കെ തോമസ്, സോണിയ ജോര്‍ജ്, വി ശിവന്‍കുട്ടി എംഎല്‍എ, വി കെ മധു, രാജു ആന്റണി, വി ആര്‍ പ്രതാപന്‍ തുടങ്ങിയവരും പങ്കെടുത്തു.
deshabhimani 240913
No comments:
Post a Comment