Sunday, September 29, 2013

നിത്യഹരിത നായകന്‍

അബ്ദുള്ള രാജാവുമുതല്‍ കോഫി അന്നന്‍വരെ കെട്ടിപ്പിടിക്കുന്ന അഹമ്മദ് സാഹിബ് ഇംഗ്ലീഷ് സംസാരിക്കുന്ന വിശ്വപൗരനാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗില്‍ അങ്ങനെ ഈ അഹമ്മദേയുള്ളൂ. നിത്യഹരിത നായകനാണ്. എന്നുവച്ചാല്‍ എക്കാലത്തും പച്ച പുതയ്ക്കുന്ന നേതാവ്. സദാ യൗവനയുക്തന്‍ എന്നും വായിക്കാം. കാലിഫോര്‍ണിയയിലെ ഡേവിഡ് സിറ്റിയും ജപ്പാനിലെ ടോക്യോസിറ്റിയും ഓണററി പൗരത്വം നല്‍കി ആദരിച്ച പ്രഗത്ഭന്‍. കണ്ണൂര്‍ സിറ്റിയില്‍നിന്ന് ഉദിച്ചുയര്‍ന്ന് പ്രശസ്തിയുടെ ഉത്തുംഗത്തില്‍ ഹരിതവര്‍ണമണിഞ്ഞ് പരിലസിക്കുന്ന ആ കോമള കളേബരനെ കേവലം ഒരു ഫയാസിന്റെ അടുപ്പക്കാരനാക്കി കുറച്ചുകാണുന്നത് അനുചിതം. ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം, ഹാജി മസ്താന്‍-ഇത്യാദി പേരുകളെങ്കിലുമില്ലെങ്കില്‍ അഹമ്മദ് സാഹിബിന് കുറച്ചിലാണ്. ഫയാസുമായി തനിക്ക് ബന്ധമില്ലെന്നും കള്ളക്കടത്തുകാരുമായും മറ്റും ബന്ധമില്ലാത്ത പൊതുജീവിതമാണ് തന്റേതെന്നുമുള്ള വിശദീകരണം ഒറ്റനോട്ടത്തില്‍ വിശ്വസിക്കാവുന്നതാണ്. ആരുമായും അഹമ്മദ് സാഹിബ് അങ്ങോട്ട് ബന്ധം വയ്ക്കാറില്ല-എല്ലാവരും തേടിവന്ന് ബന്ധം സ്ഥാപിക്കാറേയുള്ളൂ.

ചന്ദ്രികയിലെ സബ്എഡിറ്റര്‍ ജോലിയില്‍നിന്ന് തുടങ്ങിയ അഹമ്മദ് ഇവ്വിധം വളര്‍ന്നത് മാധ്യമ പ്രവര്‍ത്തകരുടെയാകെ അഭിമാനം. ഇന്ന് കേന്ദ്രമന്ത്രിമാത്രമല്ല, ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനും. എംഎസ്എഫിനെ നയിക്കുമ്പോഴും കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുമ്പോഴും സംസ്ഥാന മന്ത്രിയായപ്പോഴും കേന്ദ്ര വിദേശമന്ത്രിയായപ്പോഴും ആശയത്തിന്റെയും അനുഭവത്തിന്റെയും നവമുകുളങ്ങള്‍ തേടിയുള്ള അലച്ചില്‍ അഹമ്മദിനെ വ്യത്യസ്തനാക്കി. "ഒരു വിദേശയാത്രയും കുറേ ഓര്‍മ്മകളും" എന്ന പുസ്തകം പണ്ട് എഴുതിയിട്ടുണ്ട്. ഒരു യാത്രയില്‍തന്നെ എണ്ണമറ്റ ഓര്‍മകള്‍. എണ്ണമറ്റ യാത്രകളായി. അതിനിടയില്‍ ഫയാസുമാര്‍ കടന്നുപോയിട്ടുണ്ടാകും. ആ ബന്ധം മഹാസമുദ്രത്തിലെ കൊച്ചു തിരമാത്രം. അതൊക്കെ ഓര്‍മിക്കാനും ഓമനിക്കാനും നിന്നാല്‍ വിശ്വപൗരന്മാര്‍ എങ്ങനെ ജീവിക്കും?

ഇന്ത്യയെ അമേരിക്കയുടെ നുകത്തില്‍ കെട്ടിയത് മന്‍മോഹന്‍ സര്‍ക്കാരാണ്. ഒരു വിദേശ സഹമന്ത്രിക്ക് അത് കണ്ടുനില്‍ക്കാനേ കഴിയൂ. സായ്പിനെ കണ്ടാല്‍ സാഷ്ടാംഗം പ്രണമിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനം പോകുമെന്നേയുള്ളൂ. ഇന്ത്യയ്ക്ക് അഹമ്മദ് സാഹിബിനെ മന്ത്രിയായിത്തന്നെ വേണ്ടതുകൊണ്ട് ജീവിതംതന്നെ പ്രണാമമാക്കി. ഇസ്രയേലുമായി 10,000 കോടിയുടെ മിസൈല്‍ കരാര്‍ ഒപ്പിട്ട് പലസ്തീന്‍ ജനതയുടെ ചോരയില്‍ മന്‍മോഹന്‍ കൈമുക്കിയപ്പോഴും അഹമ്മദ് കണ്ടുനിന്നതേയുള്ളൂ. മന്ത്രിക്കസേരയോടുള്ള കൊതിമൂത്തല്ല-രാജ്യസേവനം തുടരണമെന്ന നിശ്ചയദാര്‍ഢ്യംകൊണ്ട്. ഹജ്ജ് സീറ്റിന് വിഐപി ക്വോട്ട ഏര്‍പ്പെടുത്തിയത് ഫയാസിനേക്കാള്‍ വലിയ മനുഷ്യരെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനയക്കാനുള്ള ആത്മാര്‍ഥ മോഹംകൊണ്ടുമാത്രം. മനുഷ്യക്കടത്തിന്റെ ഉസ്താദായ പാസ്പോര്‍ട്ട് ഓഫീസര്‍ അന്വേഷണം നേരിടുമ്പോഴും മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിനെതിരെ പരാതിയില്ലെന്ന് രാജ്യസഭയില്‍ ആണയിട്ടത് മുസ്ലിം ലീഗ് എന്ന മഹാ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പോരാളിയുടെ ചുണ. മമത ബാനര്‍ജിയുടെ റെയില്‍വേ തൊഴുത്തില്‍ സഹായിയായി നിയോഗിച്ചപ്പോഴേ അഹമ്മദ് സാഹിബ് ഒന്നു വിശ്രമിച്ചിട്ടുള്ളൂ. ശിഷ്ടകാലം കര്‍മനിബദ്ധം.

കോണിച്ചിഹ്നം കേരളത്തിലെ "സംസ്ഥാന കമ്മിറ്റി"യില്‍ ഒതുങ്ങിപ്പോയപ്പോഴും ഐയുഎംഎല്‍ എന്ന അഖിലേന്ത്യാ പ്രസ്ഥാനത്തെ അധ്യക്ഷസ്ഥാനത്തിരുന്ന് നയിച്ച നേതാവാണ്. സുലൈമാന്‍ സേട്ടിന്റെയും ബനാത്ത് വാലയുടെയും പിന്‍ഗാമിയെന്ന് വിളിക്കരുത്-അക്ഷരാര്‍ഥത്തില്‍ മുന്‍ഗാമി. എഴുപത്തഞ്ചാം വയസ്സിലും യുവസുന്ദരനായി, അച്ചടിഭാഷ പറയുകയും ലോക രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം സമയംകൊല്ലുകയും ചെയ്യുന്ന അഹമ്മദെവിടെ, കേരളത്തിന്റെ ഇത്തിരിവട്ടത്തില്‍ സോളാര്‍ ചൂടില്‍ വാടിത്തളരുന്ന ഉമ്മന്‍ചാണ്ടിയെവിടെ? ആയിരം ഫയാസുമാര്‍ വന്നാലും തളരില്ല; തകരില്ല അഹമ്മദ് സാഹിബിന്റെ ഊര്‍ജം. അതിന് പാമ്പന്‍പാലത്തിന്റെ ഉറപ്പാണ്.

സൂക്ഷ്മൻ deshabhimani

No comments:

Post a Comment