Friday, September 27, 2013

പ്രവാസി യോഗത്തിന് ഉമ്മന്‍ചാണ്ടി ഫയാസിന്റെ വാഹനത്തില്‍

പ്രവാസിയോഗത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയത് സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസിന്റെ വാഹനത്തില്‍. 2008 ല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ദുബായ് അല്‍ഖറൂദില്‍ ചേര്‍ന്ന പുതുച്ചേരി പ്രവാസി അസോസിയേഷന്‍ (നോര്‍പ്പ) യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഫയാസിന്റെ വാഹനത്തില്‍ പോയത്. കേന്ദ്രമന്ത്രി ഇ അഹമ്മദ് അടക്കമുള്ള ലീഗ് നേതാക്കളുമായും ഫയാസിന് അടുത്ത ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. നോര്‍പ്പ ജനറല്‍ സെക്രട്ടറിയും മാഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ റമീസ് അഹമ്മദാണ് ഫയാസിന്റെ വാഹനത്തില്‍ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്യം പുറത്തറിയിച്ചത്.

ഉമ്മന്‍ചാണ്ടിയുമായി ഫയാസിന് വര്‍ഷങ്ങളായുള്ള ബന്ധമാണെന്ന് ദുബായിലുള്ള റമീസ് ഫോണില്‍ ദേശാഭിമാനിയോട് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ തന്റെ കൈയിലുണ്ട്. കേരളത്തില്‍ രാഷ്ട്രീയവിവാദമായി പ്രശ്നം മാറുമെന്നതിനാല്‍ തല്‍ക്കാലം പുറത്തുവിടില്ല. തന്റെ ചാനല്‍ അഭിമുഖത്തിന്റെ പേരില്‍ തന്നെ വലിയ വിമര്‍ശമാണ്-റമീസ് വ്യക്തമാക്കി. തലശേരിയില്‍ ഉമ്മന്‍ചാണ്ടി ഫയാസുമായി ഇരുപത് മിനിറ്റ് സംസാരിച്ച കാര്യവും പുറത്തുവന്നു. ഉമ്മന്‍ചാണ്ടി തലശേരിവഴി പോയപ്പോള്‍ ദേശീയപാതയില്‍ വാഹനം നിര്‍ത്തിയാണ് ഫയാസുമായി സംസാരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വാഹനം നിര്‍ത്തി കയറാനും സംസാരിക്കാനും കഴിയുംവിധം അടുത്ത ബന്ധമാണ് ഫയാസിന് ഉള്ളതെന്ന് ഇത് വ്യക്തമാക്കുന്നു.

മുസ്ലിംലീഗ് ദേശീയ നേതൃത്വത്തിലേക്ക് പ്രവാസിയായ അമ്മാവന്‍ തൊണ്ടന്റവിട ഇബ്രാഹിംകുട്ടിയെ ഫയാസ് കൈപിടിച്ചുയര്‍ത്തിയത് ഇ അഹമ്മദുമായുള്ള അടുപ്പം വഴിയായിരുന്നു. ദുബായില്‍ മുസ്ലിംലീഗ് സംഘടനയായ കെഎംസിസിയുടെ ഭാരവാഹിമാത്രമായ ഇബ്രാഹിംകുട്ടിയെ നിലവിലുള്ള ഭാരവാഹികളെ വെട്ടിയാണ് ലീഗിന്റെ മാഹി ജില്ലാ സെക്രട്ടറിയും പിന്നീട് ദേശീയസമിതി അംഗവുമാക്കിയത്. ലീഗിന്റെ മാഹിയിലെ സ്ഥാപക നേതാവും പുതുച്ചേരി സംസ്ഥാന മുന്‍ പ്രസിഡന്റുമായ സി വി സുലൈമാന്‍ഹാജിയെ ഒതുക്കിയാണ് ഫയാസ് അമ്മാവനെ ലീഗ് നേതൃത്വത്തിലെത്തിച്ചത്. എന്നാല്‍, തനിക്ക് ഫയാസുമായി ബന്ധമില്ലെന്നും താന്‍ അത്തരക്കാരനല്ലെന്നും ഇ അഹമ്മദ് പ്രതികരിച്ചു. ഇ ടി മുഹമ്മദ്ബഷീര്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായും ഫയാസിന് ബന്ധമുണ്ട്. ദുബായ് സന്ദര്‍ശിക്കുന്ന മുസ്ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിക്കുന്നത് ഫയാസ് നേരിട്ടാണ്.

ഇതിനിടെ, ഫയാസിന്റെ കോടിയേരി പാറാല്‍ അറബിക് കോളേജിനടുത്ത വീട്ടിലും ഈസ്റ്റ് പള്ളൂരിലെ തറവാട്ടിലും കസ്റ്റംസ്-സിബിഐ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച റെയ്ഡ് നടത്തി. ചിലരേഖകളും വിവരങ്ങളും സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. ഫയാസിന്റെയും സുഹൃത്ത് കുയ്യാലി എംസി എന്‍ക്ലേവിലെ അഷറഫിന്റെയും സാമ്പത്തിക-തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ഐബി ഉദ്യോഗസ്ഥരും തലശേരിയിലെത്തിയിട്ടുണ്ട്. വടകര താഴെ അങ്ങാടിയിലുള്ള ഫയാസിന്റെ ഭാര്യവീട്ടിലും റെയ്ഡ് നടത്തി. ലാപ്ടോപ്പും രേഖകളും ഫോട്ടോ ആല്‍ബവും പിടിച്ചെടുത്തു. ഫയാസിന്റെ ഭാര്യ ഷബിനയും ബാപ്പ റഷീദും ഗള്‍ഫിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. താഴെ അങ്ങാടിയിലെ ഭാര്യവീട്ടിനു സമീപത്ത് ഫയാസ് കൂറ്റന്‍ ബംഗ്ലാവ് നിര്‍മിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് സംവിധാനത്തിലാണ് വീടിന്റെ നിര്‍മാണം.

deshabhimani

No comments:

Post a Comment