Sunday, September 29, 2013

കൊള്ളയടി

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിക്കാനും സബ്സിഡികള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനും ഇതുസംബന്ധിച്ച് പഠനം നടത്തുന്ന കിരിത് പരീഖ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഡീസലിന് ഉടന്‍ നാല് രൂപ കൂട്ടാനും പ്രതിമാസമുള്ള 50 പൈസയുടെ വിലവര്‍ധന ഒരു രൂപയാക്കി മാറ്റി പെട്ടെന്ന് സബ്സിഡി നിര്‍ത്തലാക്കാനുമാണ് ശുപാര്‍ശ.

പാചകവാതകത്തിന്റെ വില 2014 മാര്‍ച്ചോടെ 100 രൂപ കൂട്ടണം. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം 100 രൂപ വീതം വര്‍ധിപ്പിക്കണം. അതിനുശേഷം പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വിപണിവിലയാക്കണം. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറായി ചുരുക്കണം. സബ്സിഡി സിലിണ്ടറുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. മണ്ണെണ്ണവില ലിറ്ററിന് രണ്ട് രൂപ ഇപ്പോള്‍ വര്‍ധിപ്പിക്കാനും 2014 ഏപ്രിലില്‍ വീണ്ടും രണ്ട് രൂപ കൂട്ടാനും നിര്‍ദേശിക്കുന്നു. മുന്‍ ആസൂത്രണ കമീഷന്‍ അംഗമായ കിരിത് പരീഖിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ത്തന്നെ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത് കയറ്റുമതി വിലയുമായി ബന്ധിപ്പിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കണമെന്നാണ്.

ഇന്ത്യയില്‍നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്താല്‍ കിട്ടുന്ന അതേ വില ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ഈടാക്കണമെന്നാണ് നിര്‍ദേശം. എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള ചെലവ് ഏറ്റവും കുറവുള്ള രാജ്യമാണ് ഇന്ത്യ. അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് ശുദ്ധീകരിച്ച് ഉല്‍പ്പന്നങ്ങളായി വിദേശത്തേക്ക് കയറ്റുമതി ചെയ്താല്‍ വലിയ ലാഭമാണ് എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക. ശുദ്ധീകരണ ചെലവിലുള്ള ഈ കുറവിന്റെ ആനുകൂല്യം ഇനി രാജ്യത്തെ ഉപയോക്താക്കള്‍ക്ക് നല്‍കാതെ കയറ്റുമതി ചെയ്താല്‍ കിട്ടുന്ന വില തന്നെ ഇന്ത്യയില്‍നിന്ന് ഈടാക്കണമെന്നാണ് ശുപാര്‍ശ. റിലയന്‍സ്, എസ്സാര്‍ എന്നീ സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാണ് കേന്ദ്ര ധനമന്ത്രാലയം പ്രധാനമായും പുതിയ വില സംവിധാനത്തിന് ശുപാര്‍ശ ചെയ്യുന്നത്. നിലവില്‍ ഈ എണ്ണക്കമ്പനികളാണ് പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി വിലതന്നെ ഇന്ത്യയിലും ലഭിക്കുമെങ്കില്‍ ഇവര്‍ക്ക് വന്‍ നേട്ടമുണ്ടാകും. അതിനിടെ, പെട്രോള്‍ വിലയില്‍ കമ്പനികള്‍ വരും ദിവസങ്ങളില്‍ കുറവു വരുത്തുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു.
(വി ജയിന്‍)

deshabhimani

No comments:

Post a Comment