Sunday, September 29, 2013

ആസ്വാദകശ്രദ്ധനേടി പെണ്‍ചലച്ചിത്രമേള

സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെയും അവകാശബോധത്തിന്റെയും കഥപറഞ്ഞ ചലച്ചിത്രങ്ങള്‍കൊണ്ട് ഫീമെയില്‍ ഫിലിംഫെസ്റ്റിവലിന്റെ രണ്ടാംദിനം സമ്പന്നമായി. ശ്യാം ബെനഗലിന്റെ "ഭൂമിക ദി റോള്‍"വന്‍ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഉഷ എന്ന അഭിനേത്രിയുടെ ജീവിതസങ്കീര്‍ണതകളെ അതിലളിതമായി ചിത്രം അവതരിപ്പിക്കുന്നു. സ്മിത പാട്ടീലിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്. മറാട്ടി നടിയായിരുന്ന ഹസ്ന വടേക്കറിന്റെ ആത്മകഥയാണ് ഈ ചിത്രത്തിനാധാരം. നിശബ്ദത നിയമമാക്കിയ ഒരു കൊട്ടാരത്തിലെ പെണ്‍കുട്ടിയുടെയും അമ്മയുടെയും കഥ പറഞ്ഞ "ദി സൈലന്‍സ് ഓഫ് ദി പാലസ്" എന്ന ചിത്രവും പ്രശംസയ്ക്ക് നേടി. 1994ല്‍ പുറത്തിറങ്ങിയ ഈ ടുണീഷ്യന്‍ ചിത്രം മൊഹ്ഫിദ ട്ലാറ്റ്ലിയാണ് സംവിധാനംചെയ്തത്.

ചലച്ചിത്രമേളയോടനുബന്ധിച്ച് ഗാന്ധിപാര്‍ക്കില്‍ "സ്ത്രീയും ആവിഷ്കാരവും" എന്ന വിഷയത്തെക്കുറിച്ച് സംവാദം നടന്നു. കഥാകാരി ചന്ദ്രമതി, റോസ്മേരി എന്നിവര്‍ പങ്കെടുത്തു. പഴയ എഴുത്തുകാരില്‍നിന്ന് വ്യത്യസ്തമായി മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തുചിന്തിക്കുന്നു എന്നുനോക്കാതെ സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്താന്‍ ധൈര്യം കാണിക്കുന്നവരാണ് പുതിയ എഴുത്തുകാരികളെന്ന് ചന്ദ്രമതി പറഞ്ഞു. എഴുത്തുകാരികള്‍ തങ്ങള്‍ക്ക് സ്വയം ഏര്‍പ്പെടുത്തുന്ന സെന്‍സര്‍ഷിപ്പില്‍നിന്ന് പുറത്തുകടക്കണം. അതിന് നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ ഉള്ളില്‍തന്നെയാണെന്ന തിരിച്ചറിവുണ്ടാകണമെന്നും ചന്ദ്രമതി പറഞ്ഞു. മുന്നേനടന്ന എഴുത്തുകാരികള്‍ വെട്ടിയ വഴിയാണ് പുതിയ എഴുത്തുകാരികള്‍ക്ക് സുഗമമായ എഴുത്തിനുള്ള വഴിയൊരുക്കുന്നതെന്ന് റോസ്മേരി പറഞ്ഞു. ടി എന്‍ സീമ എംപി, ഡോ. പി എസ് ശ്രീകല എന്നിവര്‍ സംസാരിച്ചു. ഡോ. പ്രിയ നായര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ശൈലജ പി അംബു അവതരിപ്പിച്ച "മത്സ്യഗന്ധി" ഏകപാത്ര നാടകം അരങ്ങേറി.

deshabhimani

No comments:

Post a Comment