Friday, September 27, 2013

ബിഎഎംഎസ് മെറിറ്റ് സീറ്റ് അട്ടിമറിക്കാന്‍ 5 കോടി കോഴ

നൂറ്റമ്പതിലധികം ബിഎഎംഎസ് മെറിറ്റ് സീറ്റ് മാനേജ്മെന്റുകള്‍ക്ക് മറിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വാശ്രയ ആയുര്‍വേദ കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി ഒത്തുകളിച്ചാണ് കച്ചവടം. ഇതിനായി കളിച്ച സര്‍ക്കാരിലെ ഉന്നതന് അഞ്ചു കോടി രൂപ കോഴ നല്‍കി. എന്നാല്‍, തീരുമാനം വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാണിച്ച് ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ശിവദാസ് സര്‍ക്കാരിന് കത്ത് നല്‍കി. അഞ്ച് ഘട്ടങ്ങളിലായി നടന്നിരുന്ന മെറിറ്റ് സീറ്റ് അലോട്ട്മെന്റ് മൂന്നായി കുറയ്ക്കുകയും എംബിബിഎസ്, ബിഡിഎസ്, എന്‍ജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാകുന്നതിനു മുമ്പ് മെറിറ്റ് അലോട്ട്മെന്റ് അവസാനിപ്പിച്ചുമാണ് കോടികളുടെ കൊള്ളയ്ക്ക് വഴിയൊരുക്കിയത്. മാനേജ്മെന്റുകള്‍ക്കു വേണ്ടി വിവാദ തീരുമാനമെടുക്കുന്ന യോഗത്തില്‍നിന്ന് ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ മാറ്റിനിര്‍ത്തി.

ബിഎഎംഎസ് മെറിറ്റ് പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്മെന്റ് നടന്നത് ജൂലൈ 3നാണ്. രണ്ടും മൂന്നും ഘട്ടം 13നും ആഗസ്ത് ഏഴിനുമായി നടന്നു. തുടര്‍ന്നു വരുന്ന സീറ്റുകളെല്ലാം മാനേജ്മെന്റിന് സ്വന്തം നിലയില്‍ പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അലോട്ട്മെന്റ് നടക്കുന്നതിനിടയില്‍ ജൂലൈ 23ന് മാനേജ്മെന്റുകളുമായി രഹസ്യചര്‍ച്ച നടത്തി മൂന്നാംഘട്ട അലോട്ട്മെന്റോടെ മെറിറ്റ് പ്രവേശനം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. 29ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. എംബിബിഎസുള്‍പ്പെടെ മറ്റു കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടുമ്പോള്‍ ബിഎഎംഎസിന് പ്രവേശനം കിട്ടിയവര്‍ മാറിപ്പോകും. എന്നാല്‍, എംബിബിഎസ്-ബിഡിഎസ് പ്രവേശനത്തിന്റെ മൂന്നാംഘട്ടം വ്യാഴാഴ്ച നടന്നതേ ഉള്ളൂ. അടുത്ത ഘട്ടംകൂടി കഴിയുമ്പോള്‍ ബിഎഎംഎസില്‍ കൂടുതല്‍ ഒഴിവുകളുണ്ടാകും. ഇങ്ങനെ ഉണ്ടാകുന്ന മെറിറ്റ് സീറ്റുകളില്‍ തല്‍സമയ പ്രവേശനം നടത്താന്‍ മുമ്പ് ആയുര്‍വേദ ഡയറക്ടറെ ചുമതലപ്പെടുത്തുമായിരുന്നു. സര്‍ക്കാരിന്റെ വിവാദ തീരുമാനത്തിലൂടെ ഈ വര്‍ഷംമാത്രം 150 തിലേറെ സീറ്റുകളാണ് മാനേജ്മെന്റ് ക്വോട്ടയിലേക്ക് അട്ടിമറിക്കപ്പെടുന്നത്.

മെറിറ്റ് സീറ്റില്‍ അരലക്ഷം രൂപയും മാനേജ്മെന്റ് ക്വോട്ടയില്‍ ഒന്നര ലക്ഷവുമാണ് വാര്‍ഷിക ട്യൂഷന്‍ ഫീസ്. ഇതിനു പുറമെ രണ്ടു ലക്ഷം രൂപവരെ മെറിറ്റ് സീറ്റില്‍ രഹസ്യമായി കോഴയും വാങ്ങുന്നുണ്ട്. തുടര്‍ന്നുള്ള നാല് വര്‍ഷവും ഒരു ലക്ഷം വീതം അധികം കിട്ടും. ഇങ്ങനെ ഈ വര്‍ഷത്തെ പ്രവേശനത്തില്‍ നിന്നുമാത്രം മാനേജ്മെന്റിന് പത്തരക്കോടിയോളം രൂപയാണ് അധികമായി കിട്ടുന്നത്. സീറ്റ് മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഡയറക്ടര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തില്‍ രേഖപ്പെടുത്തിയത്. സര്‍ക്കാരിനെതിരെ ജനരോഷം ഉയരാന്‍ കാരണമാകും. തീരുമാനം പിന്‍വലിച്ച് സ്പോട് അഡ്മിഷന്‍ നടത്തി മെറിറ്റ് സീറ്റ് നിലനിര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment