Wednesday, September 25, 2013

ആര്‍എസ്എസ് വന്‍തോതില്‍ ഒരുക്കം നടത്തി

മുസഫര്‍നഗര്‍ കലാപത്തിനുമുമ്പ് പശ്ചിമ ഉത്തര്‍പ്രദേശിലെ ചെറുനഗരങ്ങളില്‍ ആര്‍എസ്എസും ഇതര സംഘപരിവാര്‍ സംഘടനകളും വന്‍തോതില്‍ യുവാക്കളെ റിക്രൂട്ട് ചെയ്ത് അക്രമത്തിന് പരിശീലനം നല്‍കി. പത്രപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരടങ്ങുന്ന വസ്തുതാന്വേഷണസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പുറത്തിറക്കി.

രണ്ടു വര്‍ഷമായി പശ്ചിമ യുപിയില്‍ ഒരുക്കം നടക്കുന്നുണ്ടായിരുന്നു. 2013 ജനുവരിയില്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും 15 പേര്‍ അടങ്ങുന്ന സംഘങ്ങളെ സംഘപരിവാര്‍ നിയോഗിച്ചു. വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയായിരുന്നു ചുമതല. ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് വര്‍ഗീയത ആളിക്കത്തിക്കാനുള്ള തന്ത്രങ്ങള്‍ക്ക് രൂപംനല്‍കി. എട്ട് മാസം മുമ്പ് മുസഫര്‍നഗറില്‍ ബിജെപി നടത്തിയ റാലിയില്‍ വിദ്വേഷം ജ്വലിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് നടത്തിയത്. 2013 മാര്‍ച്ചില്‍ ഹോളി കാലത്ത് ഹോളികയുടെ കോലം ഒരു ദിവസം മുമ്പ് കത്തിപ്പോയെന്നാരോപിച്ച് മുസ്ലിംപള്ളി ആക്രമിച്ച് ഇമാമിനെ പരിക്കേല്‍പ്പിച്ചു.

ബിജെപി എംഎല്‍എ ഹുക്കുംസിങ്, സുരേഷ് റാണ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപക അക്രമങ്ങളാണ് പശ്ചിമ യുപിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്നത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ജൂണില്‍ ബിജെപി മഹാപഞ്ചായത്ത് നടത്തി. ഈ സമയത്താണ് മോഡിയുടെ വലംകൈയായ അമിത് ഷായെ ബിജെപി ചുമതലക്കാരനായി യുപിയിലേക്ക് വിട്ടത്. ലക്നൗവില്‍ ബിജെപി റാലിയില്‍ പശ്ചിമ യുപിയില്‍ വര്‍ഗീയസംഘര്‍ഷം ആളിക്കത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് വിതരണംചെയ്തു. ഷാപുരില്‍ ആഗസ്ത് 21ന് കുട്ടികള്‍ തമ്മിലുണ്ടായ വഴക്ക് വലിയ വര്‍ഗീയലഹളയാക്കി മാറ്റി. ഉമേഷ് മാലിക് എന്നയാളെ അറസ്റ്റ് ചെയ്തു. കവാല്‍ ഗ്രാമത്തില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംഘപരിവാറിന്റെ നേതൃത്വത്തില്‍ അഞ്ചിന് മഹാപഞ്ചായത്ത് നടത്തി ഏഴിന് കലാപം നടത്താന്‍ തീരുമാനിച്ചു. ആറിന് ഖലാപറില്‍ മുസ്ലിംപള്ളിയില്‍ വെള്ളിയാഴ്ച നമസ്കാരത്തിനുശേഷം ബിഎസ്പി, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ടി നേതാക്കള്‍ പങ്കെടുത്ത് അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. 20 പേരടങ്ങുന്ന സംഘമാണ് മുസഫര്‍നഗറിലും പരിസരങ്ങളിലും സഞ്ചരിച്ച് വസ്തുതാന്വേഷണം നടത്തിയത്.

deshabhimani

No comments:

Post a Comment