Thursday, September 26, 2013

നിലയില്ലാക്കയത്തില്‍ ഉമ്മന്‍ചാണ്ടി

കേരളത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പിനുപിന്നാലെ കള്ളക്കടത്ത് മാഫിയ തലവന്‍ ഫയാസുമായുള്ള ബന്ധവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി. സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിതയ്ക്കും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും വിശ്വസ്തരുമായുള്ള ബന്ധം പുറത്തുവന്നതിന്റെ തുടര്‍ച്ചയായാണ് നാടിനെ ഞെട്ടിച്ച മറ്റൊരു കൊള്ളയുടെ സൂത്രധാരനുമായുള്ള ബന്ധവും പുറത്തുവന്നത്. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയാകെയും അധോലോകബന്ധം വീണ്ടും വെളിപ്പെട്ടതാണ് പുതിയ സംഭവം. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഓഫീസ് നിയന്ത്രിക്കുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനുമായി ഫയാസിന് അടുത്തബന്ധമാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ഫയാസ് വിളിച്ചത് ആര്‍ കെ എന്ന് വിളിപ്പേരുള്ള ബാലകൃഷ്ണനെയാണ്. സോളാര്‍ തട്ടിപ്പുകേസില്‍പ്പെട്ട് പുറത്തുപോകേണ്ടി വന്ന ജിക്കുമോന്‍ ജേക്കബ്ഫയാസിന്റെ അടുത്ത സുഹൃത്താണ്. ഇയാളുമായി നിരന്തരം ബന്ധംപുലര്‍ത്തിയിട്ടുണ്ട്. കള്ളക്കടത്തും മറ്റു ക്രിമിനല്‍ക്കേസുമായി ബന്ധപ്പെട്ട് മുമ്പ് പിടിക്കപ്പെട്ടപ്പോഴെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ചും ഉന്നതങ്ങളില്‍നിന്ന് വിളിപ്പിച്ച് പറയിച്ചുമാണ് രക്ഷപ്പെട്ടത്.

ഫയാസിനെ അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിതയെയും ബിജു രാധാകൃഷ്ണനെയും ആദ്യം അറിയില്ലെന്ന് പറയുകയും പിന്നീട് ബന്ധം തെളിയുകയും ചെയ്തതുപോലെ ഇതും ആകുമോയെന്ന് ഭയന്നാണ് ഈ തന്ത്രം പയറ്റുന്നത്. ഉമ്മന്‍ചാണ്ടി ദുബായില്‍ പോയപ്പോള്‍ ഫയാസിന്റെ ആതിഥേയത്വം സ്വീകരിച്ചുവെന്ന വാര്‍ത്ത ചാനലുകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, ദുബായില്‍ പോയപ്പോള്‍ മകളുടെ വീട്ടില്‍മാത്രമേ താമസിച്ചുള്ളൂ എന്നാണ് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത്. എന്നാല്‍, മനാമയില്‍നിന്ന് ഐക്യരാഷ്ട്രസഭാ അവാര്‍ഡ് വാങ്ങിയശേഷം ദുബായില്‍ ചെന്നപ്പോള്‍ മകളുടെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സ്വീകരണം നല്‍കിയിരുന്നുവെന്നും ഈ ചടങ്ങിന്റെ സംഘാടകന്‍ ഫയാസാണെന്നും ആരോപണമുണ്ട്.

തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനെതിരായ ആരോപണം ഉമ്മന്‍ചാണ്ടിക്ക് നിഷേധിക്കാന്‍ കഴിയുന്നില്ല. നേരത്തെ ജോപ്പനും ജിക്കുമോനും സലിംരാജിനും എതിരായ ആരോപണം നിഷേധിച്ച് വെട്ടിലായ അനുഭവം ഉമ്മന്‍ചാണ്ടിക്കുണ്ട്. ഇനി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആരോപണമുയരാത്തവര്‍ ആരെന്ന ചോദ്യവും ഉയരാന്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക് വിളിച്ച അധ്യാപികയെ പീഡിപ്പിച്ചതിന് ഒരാള്‍ പുറത്തുപോയി. സോളാര്‍ കേസില്‍ മൂന്നുപേരാണ് പുറത്തായത്. അതിനുംമുമ്പ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞപ്പോള്‍ രണ്ടുപേരെ പുറത്താക്കേണ്ടി വന്നു. വീട്ടില്‍ കാവല്‍നിന്ന പൊലീസുകാരന്റെ ഒളിഞ്ഞുനോട്ടം മറ്റൊരു നാണക്കേട്. പുറത്തേക്കുള്ള അടുത്ത ഊഴം ആരുടേതെന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉയരുന്നത്.
(എം രഘുനാഥ്)

സഹായത്തിന് മുഖ്യമന്ത്രിയുടെ ഓഫീസും നേതാക്കളും

സ്വര്‍ണക്കടത്തുകാരന്‍ ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായും കെപിസിസി ഭാരവാഹികളുമായുമുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശന സമയത്ത് ഫയാസിന്റെ ആതിഥ്യം സ്വീകരിച്ചതായും വാര്‍ത്തയുണ്ട്. എന്നാല്‍, മുഖ്യമന്ത്രി ഇത് നിഷേധിച്ചു. ദുബായില്‍ പോയാല്‍ മകളുടെ വീട്ടിലാണ് തങ്ങാറുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തര ബന്ധംപുലര്‍ത്തിയ ഫയാസ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറ് കോടിയില്‍പ്പരം രൂപയുടെ സ്വര്‍ണ ബിസ്ക്കറ്റ് കേരളത്തിലേക്ക് കടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായ സൂചന.

കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍, ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ എന്നിവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇവരും ടൂറിസം വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയും ഫയാസിനൊപ്പം ദുബായില്‍ പര്യടനം നടത്തി.

കാരിയര്‍മാരായി ഉപയോഗിച്ച യുവതികള്‍ പിടിയിലായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേക്കു കടക്കുന്നതിനുള്ള ശ്രമത്തിനിടെ ഫയാസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ 9447206256 എന്ന ഫോണിലേക്കാണ് വിളിച്ചത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ എന്നു വിളിക്കുന്ന ആര്‍ കെ ബാലകൃഷ്ണനുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തനിക്ക് ബന്ധമുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ നിരയിലെ പല ഉന്നതരുടെയും പേരുകള്‍ ഫയാസ് പറഞ്ഞെങ്കിലും പുറത്തുവിടാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല.

മനുഷ്യക്കടത്ത്, ലൈംഗിക വാണിഭത്തിനായുള്ള സ്ത്രീകടത്ത് എന്നിവയിലും ഫയാസിന് പങ്കുണ്ട്. സുന്ദരികളായ സ്ത്രീകളെ കാരിയറായും ലൈംഗിക വാണിഭത്തിനുമാണ് കടത്താറുള്ളത്. ഗള്‍ഫിലെ പെണ്‍വാണിഭസംഘങ്ങളിലേക്കാണ് ഇവരില്‍ പലരും എത്തിപ്പെട്ടത്. മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറുമായി പലതവണ ഫയാസ് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തിന് ഒത്താശയൊരുക്കിയതിന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ സി മാധവന്‍, വിമാനത്താവളത്തിലെ പ്രിവന്റീവ് ഓഫീസര്‍ പി പി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു. മാധവന്റെയും സുനില്‍കുമാറിന്റെയും കൊച്ചിയിലെ വസതികളില്‍ സിബിഐ സംഘം റെയ്ഡ് നടത്തി. നെടുമ്പാശേരിയിലെ ഏഴ് കസ്റ്റംസ് ഉദ്യോസ്ഥരെ സ്ഥലം മാറ്റി. ഫയാസിന്റെ ബൈക്കില്‍ ഇരിക്കുന്ന ചിത്രം പുറത്തുവന്ന സാഹചര്യത്തില്‍ ക്രൈം റെക്കോഡ്സ് എസ്പിയും മുന്‍ എറണാകുളം അസി. കമീഷണറുമായ സുനില്‍ ജേക്കബിനെതിരെ ഡിജിപി ഇന്റലിജന്‍സ് അന്വേഷണത്തിന് ശുപാര്‍ശചെയ്തു. ഇന്റലിജന്‍സ് എഡിജിപി ടിപി സെന്‍കുമാറിനാണ് ചുമതല. ഫയാസുമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധത്തെകുറിച്ചും അന്വേഷിക്കും.

ഫയാസിന്റെ ബിസിനസ് പങ്കാളിയായ കെ അഷറഫിന്റെ വീടുകളിലും സ്ഥാപനത്തിലും കസ്റ്റംസ് നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. തലശേരി, പാനൂര്‍, കുയ്യാലി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. അധികാര കേന്ദ്രങ്ങള്‍ക്കു പുറമെ സിനിമക്കാരുമായുള്ള ബന്ധവും ഫയാസ് സ്വര്‍ണക്കടത്തിനും മനുഷ്യക്കടത്തിനും ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. ഈയിടെ പുറത്തിറങ്ങിയ "ശൃംഗാരവേലന്‍" എന്ന ചിത്രത്തിലും തന്റെ ആഡംബര കാറുമായി ഫയാസ് അഭിനയിച്ചു.

"കണ്ടു, കണ്ടില്ല"

സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫയാസിനെ അറിയുമെന്നോ ഇല്ലെന്നോ പറയാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ ഓരോ ദിവസവും പലരും വന്ന് കാണുന്നു, സംസാരിക്കുന്നു. ഇങ്ങിനെയൊരാളെ കണ്ടുവെന്നോ ഇല്ലെന്നോ പറയാനാവില്ല. അങ്ങിനെ ഒരു പേര് ഓര്‍മയില്ല. ദുബായില്‍ പോയപ്പോള്‍ ഫയാസിന്റെ ആതിഥ്യം സ്വീകരിച്ചെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും താന്‍ മകളുടെകൂടെ മാത്രമേ അവിടെ താമസിച്ചുള്ളൂവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

തന്റെ ഓഫീസിലെ ആര്‍ക്കെങ്കിലും ഫയാസുമായി ബന്ധമുണ്ടോ എന്നറിയില്ല. ബന്ധമുണ്ടോ എന്നല്ല, സഹായിച്ചോ എന്നാണ് നോക്കേണ്ടത്. തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണന് ഫയാസുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ കേള്‍ക്കുകയാണ്. കേസ് നല്ല നിലയിലാണ് കസ്റ്റംസ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

deshabhimani

No comments:

Post a Comment