ആര്‍എസ്എസ് ആജ്ഞപ്രകാരം പ്രഖ്യാപിച്ച ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ മാതാ അമൃതാനന്ദമയി കാവിപ്പരവതാനി വിരിച്ച് കേരളത്തിലേക്ക് സ്വാഗതമരുളിയിരിക്കുകയാണ്. അതുപ്രകാരമാണ് ബുധനാഴ്ച തിരുവനന്തപുരത്തും വ്യാഴാഴ്ച കൊല്ലത്തെ വള്ളിക്കാവിലും മോഡി എത്തുന്നത്. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി മോഡിയെ അവതരിപ്പിക്കുന്നതില്‍ ബിജെപിയില്‍ തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് അദ്ദേഹത്തെ ശിവഗിരിയിലേക്ക് ആലവട്ടവും വെഞ്ചാമരവും വീശി കൊണ്ടുവന്നത്.
മതനിരപേക്ഷ സന്ദേശവാഹകനായ നവോത്ഥാനനായകന്‍ ശ്രീനാരായണഗുരുവിന്റെ സമാധിയിടത്തേക്ക് മോഡിയെ കൊണ്ടുവന്ന് പവിത്രത നശിപ്പിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിന്റെ പ്രതിധ്വനി നിലനില്‍ക്കെയാണ് അമൃതാനന്ദമയി, അവരുടെ 60-ാം പിറന്നാളാഘോഷത്തിലെ മുഖ്യഅതിഥിയായി മോഡിയെ അവതരിപ്പിക്കുന്നത്. ശ്രീനാരായണഗുരുവിനെയും ശിവഗിരിയെയും അമൃതാനന്ദമയിയുമായും വള്ളിക്കാവ് മഠവുമായും ഒരുതരത്തിലും താരതമ്യം ചെയ്യാനാവില്ല. പക്ഷേ, അമൃതാനന്ദമയിക്ക് ഇന്ന് ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. ലോകമുതലാളിത്ത വികാസത്തിന്റെ ഇന്നത്തെ ഘട്ടമാണ് ആഗോളവല്‍ക്കരണം. അത് മനസിലാക്കി "ഭക്തി"യെ ഒരാഗോള കമ്പോളമാക്കി വികസിപ്പിച്ചെടുത്ത സന്യാസിനിയെന്ന "വിജയമുദ്ര" അവര്‍ക്കുണ്ട്. അവരുടെ മതസ്ഥാപനങ്ങളാകട്ടെ, ആരോഗ്യം- വിദ്യാഭ്യാസം- മാധ്യമം തുടങ്ങിയ വ്യത്യസ്തമേഖലകളിലെ ആഗോളഫിനാന്‍സ് മൂലധനനിക്ഷേപത്തിന്റെ കോര്‍പറേറ്റ് ശൃംഖലയാണ്. അമൃതാനന്ദമയിയുടെ ആരാധനാപ്രവര്ത്തനങ്ങളെ തുറന്നെതിര്‍ക്കുന്ന "രാമസ്വാമിനായ്ക്കര്‍ മാതൃക"യിലെ യുക്തിവാദികള്‍ ഇപ്പോഴുമുണ്ട്. മണ്ണുകൊണ്ട് ഗണപതിവിഗ്രഹങ്ങളുണ്ടാക്കി ആളുകള്‍ കൂടുന്നിടത്തെല്ലാംവച്ച് അവയെ പരസ്യമായി തച്ചുടയ്ക്കുന്ന പരിപാടി നടപ്പാക്കിയ സാമൂഹ്യപരിഷ്കര്‍ത്താവാണ് തമിഴ്നാട്ടിലെ രാമസ്വാമിനായ്ക്കര്‍. രാമലീല ആഘോഷിക്കുന്നതില്‍ പ്രതിഷേധിച്ച് രാവണലീലകളും സംഘടിപ്പിച്ചിരുന്നു. ദ്രാവിഡമുന്നേറ്റ കഴകത്തിന്റെ നേതാക്കള്‍ അദ്ദേഹത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടു. അമൃതാനന്ദമയിയുടെ ഭക്തിപ്രവര്ത്തനങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത് രാമസ്വാമി മാതൃകയിലെ പ്രവര്‍ത്തനങ്ങളുമായി കേരളത്തിലെ യുക്തിവാദികളും രംഗത്തുണ്ട്. പക്ഷേ, വിശ്വാസികളായ പാവപ്പെട്ടവരുള്പ്പെടെയുള്ളവരുടെ മനസ്സുമാറ്റാന്‍ അതുകൊണ്ട് കഴിയുന്നില്ല. അതിനുകാരണം നിലവിലുള്ള മുതലാളിത്ത സാമൂഹ്യവ്യവസ്ഥ മനുഷ്യനും അവന്റെ കുടുംബബന്ധങ്ങളിലും തീര്‍ക്കുന്ന ദുരിതവും കെട്ടുറപ്പില്ലായ്മയുമാണ്. ഈ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് ഭക്തര്‍ കേരളത്തിനകത്തും പുറത്തും അവര്‍ക്കുണ്ട്.
യഥാര്‍ഥത്തില്‍ അത് അമൃതാനന്ദമയിയുടെ സാമൂഹ്യ ഉത്തരവാദിത്തത്തെ വര്‍ധിപ്പിക്കേണ്ട ഘടകമാണ്. അവര്‍ സ്ഥാപിച്ച മഠത്തിലും സ്ഥാപനത്തിലും, അവരുടെ പിറന്നാളാഘോഷത്തിന് ആരെ ക്ഷണിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യത്തിലുള്പ്പെടുന്ന കാര്യമാണെന്ന് ഒറ്റനോട്ടത്തില്‍ കരുതാം. പക്ഷേ, ഇന്ന് അവര്‍ വഹിക്കുന്ന സമൂഹത്തിലെ സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ ഉപകരണമായി മഠത്തെയും സന്യാസീനാമത്തെയും അടിയറവയ്ക്കുന്നത് ഉചിതമാണോയെന്ന് ആലോചിക്കണം. കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ആര്‍എസ്എസ് നേതാവായ ഒ രാജഗോപാല്‍ രക്ഷാധികാരിയായി മഠത്തില്തന്നെയുണ്ട്. അദ്ദേഹം അംഗമായിരുന്ന ബിജെപിയുടെ കേന്ദ്രഭരണകാലത്ത്, അമൃതാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വയംഭരണപദവി അനുവദിച്ചിരുന്നു. നിലവിലുള്ള ആത്മീയതയുടെ കമ്പോളവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മോഡി പ്രധാനമന്ത്രിയാകുന്നത് ഗുണകരമാകുമെന്ന ചിന്ത അവര്‍ക്കുണ്ടാകാം.
കേരള നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയനീക്കങ്ങള്‍ മുമ്പൊരുഘട്ടത്തില്‍ അമൃതാനന്ദമയീമഠം നടത്തിയെന്ന പരാതിയുണ്ടായെങ്കിലും പിന്നീട് അത്തരം ആക്ഷേപം ഉയരാതിരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്- ബിജെപി വാഴ്ച അരക്കിട്ടുറപ്പിക്കാന്‍ മോഡിയെ പ്രീതിപ്പെടുത്താനുള്ള ഉദ്യമത്തിനായി അമൃതവര്‍ഷം അറുപതിന്റെ ആഘോഷത്തെ മാറ്റുന്നത് ആത്മീയകാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന സ്ഥാപനമാണ് മഠമെന്ന അവകാശവാദത്തെ ദുര്‍ബലപ്പെടുത്തും. മോഡിക്ക് "അമ്മ" നല്കിയ ചുമതല സ്ത്രീശാക്തീകരണ സമ്മേളനം ഉദ്ഘാടനംചെയ്യലാണ്. ഒരു ലക്ഷം അമ്മമാരെ മോഡിയെ കേള്‍ക്കാന്‍ അണിനിരത്തുമെന്നും ആവേശപൂര്‍വം പറഞ്ഞിട്ടുണ്ട്. ഇവിടെയാണ് ഒരു വംശഹത്യക്കാരനും ഒരു മഹര്ഷിണിക്കും മധ്യേയുള്ള മമതാബന്ധത്തിന്റെ രാഷ്ട്രീയം തെളിയുന്നത്. ഒരു സന്യാസിനിയില്‍ സ്വാഭാവികമായി ലീനമായികിടക്കുന്ന ഒരു കനിവുണ്ടല്ലോ. പറവയിലും പര്‍വതത്തിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്ന ഒരു തത്വചിന്തയാണ് അമൃതാനന്ദമയി ഉരുവിടുന്നത്. ഇണക്കിളികളിലൊന്നിനെ അമ്പെയ്തു കൊന്ന വേടനെ നോക്കി മഹര്‍ഷി രോഷാകുലനായി "മാനിഷാദ" കല്‍പ്പിച്ച കഥ മതഉദ്ബോധനങ്ങളില് നല്കുന്ന അമൃതാനന്ദമയി എന്തുകൊണ്ടാണ് ഗുജറാത്തില്‍ ഒരു സമുദായത്തിന്റെ വംശഹത്യക്ക് നായകത്വം നല്കിയ നരേന്ദ്രമോഡിക്കുമുന്നില്‍ "മാനിഷാദ" ഉയര്‍ത്താതെ "ധന്യവാദ്" നേരുന്നത്.
2002ല്‍ ഗുജറാത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന പൈശാചിക വംശഹത്യയില്‍ കശാപ്പുചെയ്യപ്പെട്ടത് പന്ത്രണ്ടായിരത്തിലേറെ മനുഷ്യജീവനുകളാണ്. ഗര്‍ഭസ്ഥശിശുവിനെ അമ്മയുടെ വയറ് കുത്തിക്കീറി പുറത്തെടുത്ത് കൊന്നതാണ് മോഡി അനുയായികളുടെ ത്രിശൂലം. ശത്രുവാണോ മിത്രമാണോ എന്നറിയാതെ, വരുന്നവരെയെല്ലാം ആശ്ലേഷിക്കുന്ന "അമ്മ"യ്ക്കെങ്ങനെ, അമ്മമാരെയും കുഞ്ഞുങ്ങളെയും കൂട്ടക്കൊലചെയ്ത ഒരു വര്ഗീയനേതാവിനെ അനുഗ്രഹിക്കാന്‍ മനസ്സുവരുന്നു? സ്ത്രീപദവി ഉയര്‍ത്താനുള്ള ശാക്തീകരണസമ്മേളനം ഉദ്ഘാടനംചെയ്യാന്‍ മോഡിയെ തെരഞ്ഞെടുത്തത് കൗതുകകരവും വൈരുധ്യവുമാണ്. "നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്ന മനുവിന്റെ സൂക്തമാണ് സംഘപരിവാറിന്റെ കൊടിയടയാളം. സ്ത്രീക്ക് രണ്ടാംസ്ഥാനം നല്‍കുന്നതാണ് മോഡിയുടെ "ഗീത"യായ "വിചാരധാര"യും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്ന പുരാണകഥകളും. സന്തതികളില്ലാത്ത ദശരഥരാജാവ് പുത്രകാമേഷ്ടി യാഗംവരെ നടത്തിയിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പട്ടമഹിഷി കൗസല്യയില്‍ ആദ്യം ജനിച്ചത് ശാന്തയെന്ന പുത്രി. അപ്പോഴും ആണ്കുഞ്ഞില്ലാത്ത ദുഃഖത്തിലായി അച്ഛന്. സുഹൃത്തായ ലോമപാദന് മകളെ സമ്മാനിച്ചപ്പോള്‍ ദശരഥന് ദുഃഖമുണ്ടായില്ല. മറിച്ച് പെണ്‍കുഞ്ഞിനെ കൈയൊഴിഞ്ഞപ്പോള്‍ ഭാരമൊഴിഞ്ഞുവെന്നാണ് സംഘപരിവാര്‍ താത്വികന്മാര് പറയാറുള്ളത്. പൃഥ എന്ന തന്റെ മകളെ ശൂരസേനന് കുന്തിഭോജന് ദാനംകൊടുത്തത് കൊട്ടാരത്തില്വരുന്ന ഋഷിമാരെയും ബ്രാഹ്മണരെയും പരിചരിക്കാനായിരുന്നു. അതില്‍ അഭിമാനംകൊണ്ട ശൂരസേനനെപ്പറ്റി വിവരിച്ച് അണികളെ "ഉദ്ബുദ്ധ"രാക്കിയവരായിരുന്നു സംഘപരിവാര്‍ ആചാര്യന്മാര്. ഈ പാരമ്പര്യത്തിലൂറ്റംകൊള്ളുന്ന മോഡിയെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ ഉദ്ഘാടകനാക്കിയത് കേമംതന്നെ.
ഏത് കൃത്യങ്ങളുടെ കീര്‍ത്തിയാണ് മോഡിയെ അമൃതാനന്ദമയിക്ക് പ്രിയങ്കരനാക്കുന്നത്? 2002ലെ നരമേധങ്ങളുടെ കറുത്തവില്ലന് എന്നതോ! ആഭ്യന്തരമന്ത്രിയായിരുന്ന തന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരന്‍ അമിത്ഷായെ വ്യാജഏറ്റുമുട്ടല്‍ കേസില്‍നിന്ന് രക്ഷിക്കാന്‍ മോഡി നടത്തിയ വഴിവിട്ട നടപടികള്‍ കോടതിയുടെ പരിശോധനയിലാണിന്ന്. മോഡിഭരണത്തിലെ ഏറ്റുമുട്ടല്‍ കൊലകളുടെ വിദഗ്ധനായി കുപ്രസിദ്ധിനേടിയ പൊലീസ് ഡിഐജി വന്‍സാര സര്‍വീസില്‍നിന്ന് രാജിവച്ച് ഗുജറാത്ത് സര്‍ക്കാരിന് സബര്‍മതി സെന്‍ട്രല്‍ ജയിലില്‍നിന്ന് അയച്ച കത്ത് ഏതാനും ആഴ്ചകളായി ഇന്ത്യന്‍ രാഷ്ട്രീയത്തെ തീ പിടിപ്പിക്കുകയാണ്. സൊഹ്റാബുദീന്‍, ഇശ്റത്ത് ജഹാന്, തുളസീറാം, സാദിഖ് ജമാല്‍ ഏറ്റുമുട്ടല്‍ കൊലകളുടെ പേരില്‍ തന്നെയും സഹപ്രവര്‍ത്തകരെയും സിബിഐ അറസ്റ്റുചെയ്തിരിക്കയാണെങ്കിലും ഫീല്‍ഡ് ഓഫീസര്‍ എന്ന നിലയില്‍ ഞങ്ങള്‍ മുകളില്‍നിന്നുള്ള ഉത്തരവ് നടപ്പാക്കുകമാത്രമാണ് ചെയ്തതെന്നും യഥാര്‍ഥത്തില്‍ അറസ്റ്റുചെയ്യേണ്ടത് മോഡിയെയും കൂട്ടരെയുമാണെന്നും അങ്ങനെയാണെങ്കില്‍ മോഡിയുടെ മന്ത്രിസഭായോഗം സബര്‍മതി സെന്‍ട്രല്‍ ജയിലിലാക്കാമെന്നുമാണ് വന്‍സാര ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്.
ഇങ്ങനെ പൈശാചിക കൊലപാതകങ്ങള്‍ക്ക് നാളെ തുറുങ്കിലടയ്ക്കപ്പെടേണ്ട ഒരു പ്രതിയെ ഒരാശ്രമവളപ്പില് വിശിഷ്ടാതിഥിയായി കൊണ്ടുവരുന്നത് മനുഷ്യത്വമുള്ള ഭക്തിപ്രസ്ഥാനങ്ങള്‍ക്ക് യോജിക്കുന്നതാണോ? മോഡി വന്ന് അനുഗ്രഹിക്കുന്ന അമൃതവര്‍ഷം 60ന്റെ ചടങ്ങിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എത്തുന്നുണ്ട്. ഒപ്പമല്ലെന്നുമാത്രം. നരേന്ദ്രമോഡിയെ ശിവഗിരിയില്‍ കൊണ്ടുവന്നപ്പോള്‍ മോഡി പങ്കെടുത്ത ചടങ്ങും അനുബന്ധപരിപാടികളും ബഹിഷ്കരിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും തയ്യാറായി. എന്നാല്‍, അത് ആവര്‍ത്തിക്കാന്‍പോലും രമേശ് ചെന്നിത്തല നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കഴിയുന്നില്ല.
ആശയവാദത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ വേദാന്തദര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ആധുനികദേശീയവാദിയായി പ്രവര്‍ത്തിച്ചിരുന്നു. നിലവിലുള്ള സാമൂഹ്യ സാമ്പത്തികക്രമം മാറ്റുന്നതിനുള്ള പുതുസമരങ്ങളെ ശക്തിപ്പെടുത്താനുള്ള ആഹ്വാനം ആത്മീയതയെ കമ്പോളവല്ക്കരിച്ചിരിക്കുന്ന അമൃതാനന്ദമയിയെപ്പോലെയുള്ളവരില്നിന്ന് ഉണ്ടാകുമെന്ന് കരുതാനാവില്ല. എന്നാല്‍, വര്‍ഗീയരാഷ്ട്രീയത്തെ തുറന്ന് പിന്തുണയ്ക്കുന്ന തെരഞ്ഞെടുപ്പുകളിയുടെ ഭാഗമാകാതിരിക്കുന്നത് അവര്‍ക്കും നാടിനും നന്ന്.
(ആര് എസ് ബാബു) deshabhimani 250913
No comments:
Post a Comment