Monday, September 30, 2013

മീറത്തിലും ബിജെപിയുടെ കലാപശ്രമം

ഉത്തര്‍പ്രദേശില്‍ വര്‍ഗീയത പടര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുള്ള ബിജെപി ശ്രമം തുടരുന്നു. മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയ ബിജെപി എംഎല്‍എ സംഗീത് സോമിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മീറത്തില്‍ ബിജെപി സംഘടിപ്പിച്ച പഞ്ചായത്ത് അക്രമാസക്തമായി. പ്രകടനക്കാര്‍ പൊലീസിനെ കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു.

സ്ത്രീകളെ പൊലീസ് ഉപദ്രവിച്ചെന്ന പ്രചാരണത്തെതുടര്‍ന്നാണ് ബിജെപി യോഗം അക്രമാസക്തമായത്. കല്ലേറ് തുടങ്ങിയതോടെ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുംചെയ്തു. കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങള്‍ക്കു പുറമെ മാധ്യമപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും തകര്‍ത്തു. അക്രമികളില്‍ ചിലര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. അക്രമസംഭവങ്ങളില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നതിനാല്‍ മീറത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിരോധനാജ്ഞ ലംഘിച്ച് രണ്ടായിരത്തോളം പേരാണ് മീറത്തിനടുത്തുള്ള ഖേര ഗ്രാമത്തിലെ സ്കൂള്‍ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നത്. തുടക്കംമുതല്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. മുസഫര്‍നഗര്‍ കലാപസമയത്തുതന്നെ സോമിന്റെ അനുയായികള്‍ മീറത്തിലെ യോഗം നിശ്ചയിച്ചിരുന്നു. ഇതിനിടെ സോം അറസ്റ്റിലായതോടെ ജാട്ട് പഞ്ചായത്ത് പ്രതിഷേധയോഗമായി മാറുകയായിരുന്നു.

മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരമാണ് സോമിനെ അറസ്റ്റ് ചെയ്തത്. സര്‍ദാന മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് സോം. മറ്റൊരു ബിജെപി എംഎല്‍എ സുരേഷ് റാണയ്ക്കെതിരെയും ദേശീയ സുരക്ഷാനിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മുസഫര്‍നഗര്‍ കലാപത്തില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. ഏകദേശം അരലക്ഷത്തോളം പേര്‍ കുടിയൊഴിക്കപ്പെട്ടു. ഒട്ടനവധിപേരെ കാണാതായി. ജാട്ടുകളുടെ ഒരു മഹാപഞ്ചായത്തിനെത്തുടര്‍ന്നായിരുന്നു മുസഫര്‍നഗര്‍ ജില്ലയില്‍ കലാപം പടര്‍ന്നത്.

കൂനൂരിലും സംഘര്‍ഷശ്രമം; ഹിന്ദുമുന്നണി നേതാക്കള്‍ അറസ്റ്റില്‍

കൂനൂര്‍: തമിഴ്നാട് നീലഗിരി ജില്ലയിലെ കൂനൂരില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഹിന്ദുമുന്നണി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. വി പി സ്ട്രീറ്റിലെ ഇസ്ഹാക് എന്ന യുവാവിന്റെ തട്ടുകട സംഘടിച്ചെത്തിയ ഹിന്ദുമുന്നണിക്കാര്‍ തകര്‍ത്തു. ഇരുമ്പുവടികൊണ്ട് ഇസ്ഹാക്കിന്റെ തല അടിച്ചുതകര്‍ത്തു. പരിക്കേറ്റ ഇസ്ഹാക്കിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം വ്യാപകമായതിനെതുടര്‍ന്ന് ഹിന്ദുമുന്നണി നേതാവായ മണികണ്ഠന്‍ ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റു ചെയ്തു. നരേന്ദ്രമോഡി തിരുച്ചിറപ്പള്ളിയില്‍ എത്തിയതിനെക്കുറിച്ച് ഇസ്ഹാക്കിന്റെ കടയിലിരുന്ന് കഴിഞ്ഞ ദിവസം ചിലര്‍ സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹിന്ദുമുന്നണിക്കാര്‍ ആക്രമണം നടത്തിയത്. സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്

deshabhimani

No comments:

Post a Comment