Tuesday, September 24, 2013

നാളത്തെ ബാങ്ക് പണിമുടക്ക് മാറ്റി

അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനും പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുന്നതിനുമെതിരെ ബാങ്ക് ജീവനക്കാര്‍ ഈ മാസം 25ന് നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവച്ചു. ബാങ്ക് യൂണിയന്‍ പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും എസ്ബിഐ ചെയര്‍മാന്റെകൂടി സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പൊതുമേഖലാ ബാങ്കുകളുടെ ലയനവും അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കുന്നതും സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ജീവനക്കാരുടെ സംഘടനകളുമായി ആലോചിച്ചശേഷംമാത്രമേ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും കേന്ദ്രസര്‍ക്കാരും എസ്ബിഐ ചെയര്‍മാന്‍ പ്രദീപ് ചൗധരിയും ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) ജനറല്‍ സെക്രട്ടറി പ്രദീപ് ബിശ്വാസ് "ദേശാഭിമാനി"യോട് പറഞ്ഞു.

ബാങ്കിങ് മേഖലയെ തകര്‍ക്കുന്ന പരിഷ്കരണ നടപടികള്‍ നിര്‍ത്തുക, പൊതുമേഖലാ ബാങ്കുകളുടെയും ശാഖകളുടെയും എണ്ണം വെട്ടിക്കുറയ്ക്കരുത്, കോര്‍പറേറ്റ് ഹൗസുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് അനുവദിക്കരുത്, അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍നിന്ന് വേര്‍പെടുത്തി സ്വതന്ത്രപദവി നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ബെഫിയും എഐബിഇഎയും സംയുക്തമായി പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

ലയന നീക്കങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികളുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയാല്‍ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും ബെഫി പ്രസിഡന്റ് എ കെ രമേശ് പറഞ്ഞു. ബെഫിയെ പ്രതിനിധാനംചെയ്ത്് പ്രദീപ് ബിശ്വാസ് ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment