Saturday, September 28, 2013

രാഷ്ട്രപതി ചോദ്യംചെയ്തത് മറികടക്കാന്‍ രാഹുല്‍നാടകം

കുറ്റവാളികളെന്നു കോടതി വിധിക്കുന്ന എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അസംബന്ധമെന്ന് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. ഓര്‍ഡിനന്‍സ് വലിച്ചുകീറി കാറ്റില്‍പ്പറത്തണമെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹി പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ സംസാരിക്കുന്നതിനിടെ പെട്ടെന്നു കടന്നുവന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിക്കുകയും മന്ത്രിമാരോട് വിശദീകരണം ആവശ്യപ്പെടുകയുംചെയ്ത സാഹചര്യത്തിലാണ് രാഹുലിന്റെ പ്രകടനം.

കേന്ദ്രസര്‍ക്കാര്‍ നിലപാട് തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് രാഹുല്‍ പറഞ്ഞു. ഇതൊരു രാഷ്ട്രീയ തീരുമാനമാണ്. ഈ അസംബന്ധം നിര്‍ത്താന്‍ സമയമായി. ഇത്തരം ഒത്തുതീര്‍പ്പുകളുണ്ടാക്കുന്നതില്‍നിന്ന് രാഷ്ട്രീയപാടികള്‍ പിന്തിരിയേണ്ട സമയമായി. അഴിമതി തടയണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ പാടില്ല- രാഹുല്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് ന്യായീകരിക്കാന്‍ അജയ് മാക്കന്‍ ശ്രമിക്കവെയാണ് രാഹുലിന്റെ രംഗപ്രവേശം. രാഹുല്‍ പ്രതികരിച്ചതോടെ അജയ് മാക്കന്‍ സ്വരം മാറ്റി. കോണ്‍ഗ്രസിന്റെ അഭിപ്രായം രാഹുല്‍ഗാന്ധി പറഞ്ഞുകഴിഞ്ഞെന്നും പാര്‍ടിയുടെ അഭിപ്രായമാണ് പരമോന്നതമെന്നും അജയ് മാക്കന്‍ പിന്നീട് പറഞ്ഞു.

ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബുധനാഴ്ച അയച്ചിരുന്നു. ഓര്‍ഡിനന്‍സില്‍ അതൃപ്തനായ രാഷ്ട്രപതി മൂന്ന് കേന്ദ്രമന്ത്രിമാരോട് വിശദീകരണം ആരാഞ്ഞു. ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്ന കാര്യം സംശയമായ ഘട്ടത്തിലാണ് രാഹുലിന്റെ നാടകീയ രംഗപ്രവേശം. കോണ്‍ഗ്രസിനുതന്നെ ഓര്‍ഡിനന്‍സില്‍ തൃപ്തിയില്ലെന്നും അതുകൊണ്ടാണ് ഓര്‍ഡിനന്‍സ് പിന്‍വലിച്ചതെന്നുമുള്ള പ്രതീതി സൃഷ്ടിക്കാന്‍ പ്രൊഫഷണല്‍ ഉപദേശകര്‍ പറഞ്ഞുകൊടുത്ത തിരക്കഥയനുസരിച്ചാണ് രാഹുല്‍ നാടകം കളിച്ചതെന്നും പുറത്തായി. രാഹുലിന്റെ വിമര്‍ശം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കയില്‍ പറഞ്ഞു. യുഎന്‍ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ ചര്‍ച്ച നടത്തും-പ്രധാനമന്ത്രി പറഞ്ഞു.

രാഹുലിന്റെ കള്ളക്കളിയെ മറ്റു പാര്‍ടി നേതാക്കള്‍ പരിഹസിച്ചു. രാഷ്ട്രപതി വിശദീകരണം ചോദിച്ചതിനുശേഷംമാത്രം രാഹുല്‍ പ്രതികരിച്ചതെന്തുകൊണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ചോദിച്ചു. അയോഗ്യത മറികടക്കാനുള്ള നിയമനിര്‍മാണം സംബന്ധിച്ച് പാര്‍ലമെന്റ് വിശദമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണമെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിനേറ്റ ക്ഷീണം തീര്‍ക്കാനുള്ള പരിപാടിയാണ് രാഹുല്‍ നടത്തിയതെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഓര്‍ഡിനന്‍സ് അസംബന്ധമാണെങ്കില്‍ അതിനു പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം- ജെയ്റ്റ്ലി ആവശ്യപ്പെട്ടു.

രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ വിധിക്കപ്പെടുന്ന ജനപ്രതിനിധികളെ അവര്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് പരിഗണിക്കാതെ തന്നെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. മേല്‍ക്കോടതി അപ്പീല്‍ അനുവദിച്ചുകൊണ്ട് വിധി സ്റ്റേ ചെയ്താല്‍ വോട്ടവകാശമില്ലാതെ ജനപ്രതിനിധികള്‍ക്ക് സഭകളില്‍ അംഗമായി തുടരാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്.
(വി ജയിന്‍)

deshabhimani

No comments:

Post a Comment